സമാധാനം [Rajtam] 66

അവർ പതിയെ പുറത്തേക്കിറങ്ങി. അയാളും വേച്ചു വേച്ചു അവരുടെ പുറകെ നടന്നു.

കുഞ്ഞമ്മ അമ്മച്ചിയെ സഹായിക്കാൻ ഒരു തടസ്സം ഉണ്ട്‌. അവർ പഴയ M. N ലക്ഷം വീട് പദ്ധതി പ്രകാരമുള്ള വീട് വാങ്ങിയാണ് താമസിക്കുന്നത്. നിയമപ്രകാരം ലക്ഷം വീട് പദ്ധതി പ്രകാരമുള്ള വീട് വിൽക്കാൻ കഴിയില്ല. അതുകൊണ്ട് നൂറു രൂപ കരാർ പത്രത്തിൽ എഴുതിയാണ് കച്ചവടം ചെയ്യുന്നത്. സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുകയും ഇല്ല. അതുകൊണ്ടുതന്നെ പഞ്ചായത്തിലെ രജിസ്റ്റർ പ്രകാരം ഉടമസ്ഥാവകാശം വീടിന്റെ ആദ്യത്തെ ഉടമസ്ഥന്റെ പേരിൽ ആയിരിക്കും. കുഞ്ഞമ്മ അമ്മച്ചി താമസിക്കുന്ന വീട് മൂന്നോ നാലോ കൈമറിഞ്ഞാണ്‌ അവരുടെ പക്കൽ എത്തിയത്. ആ വീടിന്റെ ഉടമസ്താവകാശം ഒരു തങ്കപ്പന്റെ പേരിൽ ആണ്. അയാളെ അമ്മച്ചി കണ്ടിട്ടുപോലും ഇല്ല. ഒരാൾക്ക് വീട് പുനരുധാരണത്തിന് ധനസഹായം നൽകണമെങ്കിൽ വീട് അയാളുടെയോ, അല്ലെങ്കിൽ അയാളുടെ കുടുംബത്തിൽ ഉള്ള വ്യക്തിയുടെ പേരിലോ ആയിരിക്കണം. അല്ലെങ്കിൽ ഓഡിറ്റ് ഒബ്ജെക്ഷൻ വരും. നൽകിയ തുക കൊടുത്ത ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും ഗവണ്മെന്റ് തിരിച്ചു പിടിക്കും. പക്ഷെ അവരെ സഹായിച്ചേ മതിയാവൂ. അതു ഞാൻ തീരുമാനിച്ച കാര്യവുമാണ്.

സഹായിക്കാം എന്ന എന്റെ വാക്ക് വിശ്വസിച്ചു കഴിഞ്ഞ ഒരു മാസമായി അവർ എന്റെ ഓഫീസിൽ കയറി ഇറങ്ങുകയാണ്. ഇനി എങ്ങിനെ പറയും പറ്റില്ലാന്നു.

ഉച്ചക്ക് ഊണ് കഴിഞ്ഞു അടുത്തുള്ള കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി വലിച്ച ശേഷം ഒരു വിക്സ് മിട്ടായിയും വാങ്ങി നുണഞ്ഞു ഞാൻ പഞ്ചായത്ത്‌ പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണാനായി പോയി.

                          3

റെസിഡന്ഷ്യൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകാമെന്ന പഞ്ചായത്തിന്റെ തീരുമാനം എന്റെ കൈയിൽ കിട്ടിയപ്പോൾ എനിക്ക് വല്ലാത്തൊരു ആഹ്ലാദവും ആത്മാഭിമാനവും തോന്നി. ഒരു വി. ഇ. ഒ ക്ക്‌ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ഇതുതന്നെ. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുക. അവരുടെ അറിവില്ലായ്മകൊണ്ട് വന്നു ഭവിക്കുന്ന പിഴവുകൾ കാരണം അവരെ തള്ളിക്കളയുക അല്ല മറിച്ചു എങ്ങിനെ നിയമവിധേയമായി സഹായിക്കാം എന്ന് കണ്ടെത്തി അവരെ സഹായിക്കണം.

      ഒട്ടും താമസിച്ചില്ല. ഉടനെ തന്നെ മെമ്പറെ വിളിച്ചു കുഞ്ഞമ്മ അമ്മച്ചിയോടു നാളെ ഉച്ചക്ക് ശേഷം വരാൻ പറയാൻ പറഞ്ഞു. രാവിലെ വന്നാൽ അവരോടു കൂടുതൽ സംസാരിക്കാൻ പറ്റില്ല. തിരക്കായിരിക്കും. നാളെ എന്നെത്തെതിലും കൂടുതൽ കളിയാക്കണം. അതിനാലാണ് ഉച്ചക്ക് വരാൻ പറഞ്ഞത്.

തൊട്ടടുത്ത ദിവസം ഊണ് കഴിഞ്ഞു ഒന്ന് പുകച്ചശേഷം ഓഫീസിൽ എത്തിയപ്പോ രണ്ടു പേരും തങ്ങളുടെ സ്ഥിരം കസേരകളിൽ ഉപവിഷ്ഠരായി കഴിഞ്ഞിരുന്നു.

എന്നെ കണ്ടതും അമ്മച്ചി സ്വതസിദ്ധമായ ചിരി പുറത്തെടുത്തു.

” ഊണ് കഴിക്കാൻ പോയിരുന്നു അല്ലേ “

“ഉം. നിങ്ങൾ കഴിച്ചോ?”

” നമ്മൾ വീട്ടീന്ന് കഴിച്ചിട്ടാ ഇറങ്ങിയേ “

ഞാൻ പതുക്കെ അവരുടെ ഭർത്താവിനെ നോക്കി. പതിവുപോലെ പഞ്ഞി പന്ത് കെട്ടി തൂക്കിയിട്ടിരിക്കുന്നത് പോലെ തന്റെ മുഴുവൻ നരച്ച മുടിയുള്ള തല താഴോട്ടു കുനിച്ചിരിക്കുന്നു. നാടൻ വാറ്റു ചാരയത്തിന്റ ഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നു.

“ഞാൻ കഴിക്കാൻ പോകുന്നതിനു മുൻപ് നിങ്ങൾക്ക്‌ വരാമായിരുന്നു ” ഞാൻ പറഞ്ഞു.

“അതെന്താ?”

” അല്ല, ഈ മണം ആസ്വദിച്ചിട്ട് കഴിക്കാൻ പോയിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി കഴിക്കാൻ പറ്റുമായിരുന്നു. “

കുഞ്ഞമ്മ അമ്മച്ചി ഭർത്താവിനെ ഒന്ന് നോക്കി കുലുങ്ങി ചിരിച്ചു.

ഞാൻ അവരുടെ ഫയൽ എടുത്തു ഒന്ന് കൂടി പരിശോധിച്ചു. പലവുരു നോക്കിയതാണ്. എന്നാലും ഒന്നുകൂടി നോക്കി.

അതിൽനിന്നും നൂറു രൂപക്കുള്ള എഗ്രിമെന്റ് പത്രം മുകളിൽ വച്ചു എഴുതാൻ തുടങ്ങി.

“രണ്ടായിരത്തി അഞ്ചാമാണ്ട് ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ആനപ്പാറ പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥൻ ആയ വില്ലജ് എക്സ്റ്റൻഷൻ ഓഫിസർ പേർക്ക് ആനപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചരുവിള ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന….”

“അമ്മച്ചീ വയസ്സെത്ര?”

“72”

2 Comments

  1. Nannaayittund
    Veendum ezhuthuka

Comments are closed.