“അയ്യോ അവൻ ഇവിടെ ഉണ്ട്. ഓട്ടോ ഡ്രൈവറാ. ഭയങ്കര കുടിയാ സാറേ… അവന്റെ ഭാര്യ പിണങ്ങി കുട്ടികളെയും എടുത്തു അവളുടെ വീട്ടിൽ പോയി.”
അതു പറയുമ്പോൾ അവരുടെ മുഖത്തെ ചിരി മാഞ്ഞു പോയിരുന്നു. എനിക്ക് ചെറിയ വിഷമം തോന്നി. ചാരായം വാറ്റി വിൽക്കുന്നതിനു കുപ്രസിദ്ധിയാർജിച്ച പ്രദേശം ആണിത്. മദ്യത്തിന് അടിമപ്പെട്ടു തകർന്ന ധാരാളം കുടുംബങ്ങളെ ഇതുപോലെ പരിശോധനക്കിടയിൽ ഞാൻ കണ്ടിട്ടുണ്ട്.
ഓഫീസിൽ ഹാജരാക്കേണ്ട രേഖകളുടെ ഒരു തുണ്ട് നൽകി, പെട്ടെന്ന് തന്നെ എല്ലാം എത്തിക്കണം എന്ന നിർദ്ദേശം നൽകി ഞാൻ അവിടെ നിന്നും മടങ്ങി.
ആ അച്ഛനും മോനും ഒന്ന് ശ്രെമിച്ചിരുന്നു എങ്കിൽ ആ വീടിനു ഈ ഒരവസ്ഥ വരില്ലായിരുന്നു. ആ വീട്ടിൽ നിന്ന് തിരിച്ചു നടന്നപ്പോൾ ഞാൻ കാണുന്ന ഓരോ ഭാഗ്യവാന്റെയും വീട്ടിൽ ഒരു നിർഭാഗ്യവതി കാണും എന്ന ചിന്ത എന്റെ മനസ്സിൽ കടന്നുകൂടിയിരുന്നു .
2
രാവിലെ ഓഫീസിൽ ഞാൻ എത്തിയപ്പോഴേക്കും വലിയ ഒരു ജനക്കൂട്ടം അവിടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. അതു പിന്നെ പതിവ് ആണല്ലോ. എല്ലാ വർഷവും ഡിസംബർ മുതൽ മാർച്ച് വരെ ഗ്രാമസേവകന്റെ ഓഫീസിന് മുൻപിലുള്ള ഈ തിരക്ക്.
വീട് നിർമ്മിക്കുന്നതിനും, വീട് മെയിന്റനൻസ് ചെയ്യുന്നതിനും, കക്കൂസ് നിർമ്മിക്കുന്നതിനും പഞ്ചായത്തിന്റെ ധനസഹായം ലഭിക്കാൻ ഉള്ള കരാർ വയ്ക്കുന്നതിനു രാവിലെ മുതൽ ആൾക്കാർ എത്തിയിട്ടുണ്ട്. ഒരുവിധം ഓഫീസിനകത്തു കയറി പറ്റി. എല്ലാവരെയും ക്യു ആയി നിർത്താൻ തന്നെ അര മണിക്കൂർ എടുത്തു. എന്നിട്ട് ഓരോരുത്തരെ ആയി അകത്തേക്ക് വിളിച്ച് രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ആ നീട്ടിയുള്ള വിളി
മോനേ….
ഞാൻ മുഖം ഉയർത്താതെ തന്നെ പറഞ്ഞു
“ഇരിക്കൂ കുഞ്ഞമ്മ അമ്മച്ചി “
കുഞ്ഞമ്മ അമ്മച്ചിയുടെ ആ നീട്ടിയുള്ള വിളി എന്നേ പരിചിതമായിരിക്കുന്നു.മുൻപിൽ ഇരുന്ന ഒരാളെ മാറ്റി അമ്മച്ചിക്ക് ഇരിപ്പിടം ഒരുക്കി. അവരുടെ ഭർത്താവ് പതിവ് പോലെ ഏറ്റവും പിറകിലെ മൂലയിലെ കസേരയിൽ ഉപവിഷ്ടനായി. ഞാൻ പതുക്കെ അയാളെ നോക്കി. മുഖം കഴുത്തിൽ കെട്ടി തൂക്കിയിട്ടതുപോലെ കുനിച്ചിരിക്കുന്നു. മദ്യത്തിന്റെ ഗന്ധം റൂമിലാകെ പരന്നു കഴിഞ്ഞിരുന്നു. പതിനഞ്ചു തവണയെങ്കിലും അവർ രണ്ടുപേരും കൂടി ഇവിടെ വന്നു കാണും. ഇന്ന് വരെ അയാൾ ഒരു വാക്കും സംസാരിച്ചിട്ടില്ല. അമ്മച്ചിയുടെ സംസാരത്തിനിടക്ക് ചിലപ്പോൾ അവരെ അല്ലെങ്കിൽ എന്നെ നോക്കും. ആ നോട്ടം കൂടുതൽ നീളില്ല. ഏറിയാൽ രണ്ടു സെക്കന്റ്. അത്രേ ഉള്ളൂ.
” അമ്മച്ചി ഒന്നും ആയില്ല. ഞാൻ പറഞ്ഞതല്ലേ വെറുതെ ഇങ്ങോട്ട് വന്നു മിനക്കടണ്ട എന്ന്. റെഡി ആകുമ്പോൾ ഞാൻ മെമ്പറോട് പറയാം. മെമ്പർ പറഞ്ഞിട്ട് വന്നാൽ മതി. “
എന്റെ സ്വരത്തിൽ കുറച്ചു ഗൗരവം ഉണ്ടായിരുന്നു .
“ഞാൻ വെറുതെ ഒന്ന് കേറിയെന്നെ ഉള്ളൂ. ചന്തയിൽ പോയിട്ട് വരുന്ന വഴി മോനെ ഒന്ന് കാണണമെന്ന് കരുതി
അവർ വെളുക്കെ ചിരിച്ചു. കുലുങ്ങി കുലുങ്ങിയുള്ള അവരുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് . സരസയായ അവരോട് സംസാരിച്ചിരിക്കുന്നതും നല്ല രസമാണ്. തമാശ പറഞ്ഞിട്ടു അവർ തന്നെ ആസ്വദിച്ചു കുലുങ്ങി ചിരിക്കും. സാധാരണഗതിയിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ഞാൻ അവരെ പിടിച്ചിരുത്തും. പക്ഷെ ഇന്ന് അതിനു പറ്റില്ല. അത്രയ്ക്ക് തിരക്കാണ്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പറ്റുമോന്നു പോലും അറിയില്ല. എന്റെ തിരക്ക് മനസ്സിലാക്കിയിട്ടാവണം അവർ പറഞ്ഞു
“ഇനി ഒരു മഴ കൂടി പെയ്താൽ എന്റെ വീട് താങ്ങില്ല. പെട്ടെന്ന് ഒന്ന് റെഡി ആക്കി തരണം “
അവർ പതുക്കെ മീൻ സഞ്ചിയും എടുത്ത് കസേരയിൽ നിന്നും എണീറ്റു.
” ഒരാഴ്ചക്കകം ഞാൻ എല്ലാം ശെരിയാക്കാം”.
Nannaayittund
Veendum ezhuthuka
Thank you