മുണ്ടിന്റെ തലപ്പ് കൊണ്ട് മാറ് മറച്ചു കൊണ്ട് കുഞ്ഞമ്മ അമ്മച്ചി പുറത്തേക്കു വന്നു. എന്നെ നോക്കി ഒന്ന് ചിരിച്ചു. മുഴുവൻ നരച്ച മുടി. ഒട്ടിയ കവിളുകൾ. എന്നാലും എപ്പോഴും ഒരു ചെറു പുഞ്ചിരി ഒളിപ്പിച്ചു വച്ച ആ മുഖത്തിന് പ്രത്യേക ആകർഷണം ഉണ്ടായിരുന്നു. അവർ ഒരു സംശയത്തോടെ എന്നെ നോക്കി.
“വീട് മെയിന്റനൻസ് ലിസ്റ്റിൽ അമ്മച്ചീടെ പേരുണ്ട്. വീട് പരിശോധിക്കാൻ വന്നതാ ” ഞാൻ പറഞ്ഞു.
അവരുടെ മുഖത്തു നിറഞ്ഞ സന്തോഷം.
“കുറെ കാലമായി അപേക്ഷിക്കുന്നു. ഇപ്പോഴെങ്കിലും ശെരിയായല്ലോ ” അവർ ആശ്വാസത്തോടെ പറഞ്ഞു.
“കണ്ടില്ലേ വീടിന്റെ അവസ്ഥ. വലിയ പേർഷ്യക്കാരൻമാരുടെ വീടിനു വരെ കൊടുത്തു ” അവർ നിർത്തുന്ന ഭാവമില്ല.
” എന്തായാലും ഇപ്പൊ കിട്ടിയില്ലേ ” ഞാൻ അവരെ തടഞ്ഞു.
“റേഷൻ കാർഡ് എടുക്കൂ “
ഞാൻ എന്റെ ജോലി ആരംഭിച്ചു. അവർ കാർഡ് എടുക്കാൻ പോയ സമയം ഞാൻ വീടിന്റ പുറകു വശത്തേക്ക് പോയി. അടുക്കളയുടെ ചുമർ ഇടിഞ്ഞു വീണിട്ടുണ്ട്. എങ്ങനെയാണ് ഇവർ ഇവിടെ താമസിക്കുന്നതെന്നു ഞാൻ അത്ഭുതപെട്ടുപോയി. അഞ്ചു വർഷം മുൻപെങ്കിലും കൊടുക്കേണ്ട സഹായം ആയിരുന്നു. ഇപ്പോ കിട്ടുന്ന തുച്ഛമായ സഹായം കൊണ്ട് ഒന്നും ചെയ്യാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല.
ഞാൻ മുൻവശത്തേക്ക് നടന്നു. അമ്മച്ചി കാർഡുമായി നിൽപ്പുണ്ട്. ഒരു ചെറു പുഞ്ചിരി അപ്പോഴും ആ മുഖത്തു തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
ഞാൻ കാർഡ് വാങ്ങി അതിലെ അഡ്രസ്സും, വീട്ടുനമ്പറും പഞ്ചായത്തിന്റെ ലിസ്റ്റിലെ അഡ്രസ്സും വീട്ടുനമ്പറും ഒന്നാണെന്നു ഉറപ്പുവരുത്തി.
“വീട് ആരുടെ പേരിലാ?”
” എന്റെ പേരിൽ തന്നെ “
“ഭർത്താവിനെന്ത് പണിയായിരുന്നു “
അവർ ഒന്ന് ചിരിച്ചു. അയാളെ ഒന്നു തിരിഞ്ഞു നോക്കി.
“ഇതൊക്കെ തന്നെ “
അവർ കുലുങ്ങി ചിരിച്ചു.
“പണ്ട് എന്തു പണിയായിരുന്നു എന്നാ ചോദിച്ചേ “
“പണ്ടും ഇതൊക്കെ തന്നെ “
അമ്മച്ചി വീണ്ടും കുലുങ്ങി ചിരിച്ചു.
ഞാൻ അയാളെ ഒന്ന് നോക്കി. ഇവിടെ നടക്കുന്ന കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല. പഞ്ഞിത്തല തൂക്കിതന്നെ ഇട്ടിരിക്കുന്നു. ഇപ്പൊ ബീഡിപുക ഇല്ല. ഞാൻ വീണ്ടും മനസ്സിൽ കുറിച്ചു ഭാഗ്യവാൻ. ഒരു ജോലിക്കും പോകാതെ ഇത്രയും കാലം ജീവിച്ചില്ലേ?….
“മക്കളൊക്കെ എന്തു ചെയ്യുന്നു? ഞാൻ എന്റെ ജോലി തുടർന്നു.
” രണ്ടു മക്കൾ, ഒരു മോനും ഒരു മോളും രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു “
“മോൻ ഗൾഫിൽ പോയിട്ട് എത്ര വർഷമായി “
ഒരു പതിവ് ട്രിക്ക് ആണ്. ചുമ്മാ ഒരു ചോദ്യം ചോദിക്കും. കുടുംബത്തിൽ ഗൾഫുകാരോ സർക്കാർ ഉദ്യോഗസ്ഥരോ ഉണ്ടെങ്കിൽ ധനസഹായം നൽകികൂടാ. ഇവിടെ എന്തായാലും സർക്കാർ ഉദ്യോഗസ്ഥർ ഇല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
Nannaayittund
Veendum ezhuthuka
Thank you