വിധി [Neethu M Babu] 56

ഇടതു കൈയില്‍ നോട്ടുകള്‍ പിടിച്ചിട്ട്‌ അയാള്‍ തന്റെ വലതുകൈ മുന്നിലേക്കു നീട്ടി.
അതെ.. കളങ്കപ്പെട്ട കൈയില്‍ രക്തവർണ്ണം പടർന്നിരിക്കുന്നു.. മാത്തുക്കുട്ടി ചതിച്ചിരിക്കുന്നു… സർപ്പദംശനമേറ്റവനെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.. അറസ്‌റ്റ്‌ ചെയ്യപ്പെടുന്നതോ വിലങ്ങണിയപ്പെടുന്നതോ അയാള്‍ ഗൗനിച്ചില്ല.. മാളുവിന്റെ ഒന്നാം പിറന്നാളിന്‌ താന്‍ അവളുടെ അരയില്‍ ഒരു മണി കെട്ടിക്കൊടുത്തത്‌ അയാള്‍ ഓർത്തു.. മണി കിലുങ്ങുമ്പോള്‍ അവള്‍ മന്ദഹസിക്കുന്നു.. സമയം കടന്നുപോകുന്തോറും മണിയുടെ മുഴക്കം ഏറിവരുന്നതുപോലെ.. മരണമണി മുഴങ്ങിക്കഴിഞ്ഞെന്ന്‌ സുധാകരന്‍ പിള്ളയ്‌ക്കുതോന്നി. 
കുട്ടമ്പുഴയില്‍ നിന്നും വിജിലന്‍സിന്റെ ജീപ്പ്‌ അലറിക്കുതിക്കുമ്പോള്‍ അയാള്‍ പുറത്തേക്കു നോക്കി… വൈകിപ്പെയ്‌ത തുലാമഴയില്‍ തന്റെ സ്വപ്‌നങ്ങളും പേറി കുലംകുത്തിയൊഴുകുന്ന ഇടമലയാർ.. മരിച്ചു മരവിച്ച, ചേതനയറ്റ ഒരു ശരീരത്തെപ്പോലെ കൈവിലങ്ങണിഞ്ഞ്‌ അയാള്‍ ജീപ്പിനുപിന്നില്‍ കുത്തിയിരുന്നു.
എഴുതിയ വിധി തന്നെ വീണ്ടുമെഴുതി മനുഷ്യകുലത്തെ പരിഹസിക്കുന്ന വിധിയുടെ കൈയില്‍ നിന്നും ആണ്ടുകള്‍ക്കുമുമ്പേ രക്ഷപെട്ടതോർത്ത്‌, കുട്ടമ്പുഴ പോലീസ്‌സ്‌റ്റേഷന്റെ ചുവരില്‍ മുന്‍വരിപ്പല്ലു പോയ മോണകാട്ടി ഗാന്ധി അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു…