വിധി [Neethu M Babu] 56

വലിയ ശരികള്‍ക്കിടയില്‍ ചെറിയ തെറ്റുകളെ മറച്ച ചരിത്രമാണല്ലോ എന്നും കാലത്തിനുള്ളത്‌…
“സാറേ..’
ആരോ തട്ടിവിളിച്ചതുകേട്ട്‌ അയാള്‍ ചിന്തയില്‍ നിന്നുണർന്നു. കോണ്‍സ്‌റ്റബിള്‍ അയ്യപ്പനാണ്‌. മണി ഒമ്പതായിരിക്കുന്നു. അയാള്‍ മെല്ലെ വീട്ടിലേക്കു നടന്നു.. നാളെ നടക്കാനിരിക്കുന്ന ജീവിതനാടകത്തിലഭിനയിക്കാന്‍ ഭയക്കുന്ന രംഗബോധമില്ലാത്ത നടനെപ്പോലെ..
**************************
ഇരുളിന്റെ കരിമ്പട്ടു മാറ്റി പ്രഭയുള്ള വസ്‌ത്രമണിഞ്ഞ്‌ പ്രഭാതം ഒരു വധുവിനെപ്പോലെ ഒരുങ്ങിനിന്നു. നിഗൂഢതനിറഞ്ഞ ഒരു മന്ദസ്‌മിതം പേറി നീലാകാശം അയാളെ കാത്തുനിന്നു. ഇന്നലെ പെയ്‌ത തുലാമഴയെവിടെ എന്നമ്പരന്നുകൊണ്ട്‌ അയാള്‍ സ്‌റ്റേഷനിലേക്കു യാത്രതിരിച്ചു. 
പതിവുജോലികളില്‍ കുറച്ചുനേരം വ്യാപൃതനായശേഷം അയാള്‍ തന്റെ മേശപ്പുറത്ത്‌ കണ്ണോടിച്ചു. അന്ന്‌ ഇറങ്ങിപ്പോകും മുമ്പ്‌ മാത്തന്റെ അനുയായി തനിക്കുനേരെ ഒരു കാർഡ്‌ വലിച്ചെറിഞ്ഞതായി അയാള്‍ ഓർത്തു. 
“ചമ്പക്കാട്ട്‌ എക്‌സ്‌പോർട്ടേഴ്‌സ്‌’
കണ്ടെടുത്ത കാർഡിലെ ആ അക്ഷരങ്ങളില്‍ അയാളുടെ ദൃഷ്‌ടി പതിഞ്ഞു. അതിലെ നമ്പർ തെല്ലൊരു പതർച്ചയോടെ അയാള്‍ ഡയല്‍ ചെയ്‌തു.
പത്തുലക്ഷം രൂപാ…!
മോചനദ്രവ്യമായി മാത്തുക്കുട്ടി സുധാകരന്‍പിള്ളയ്‌ക്ക്‌ വാഗ്‌ദാനം ചെയ്യുന്ന തുകയാണ്‌.
മോശമല്ലാത്തൊരു നിലയില്‍ മാളുവിനെ പറഞ്ഞയയ്‌ക്കാന്‍ ആ തുക പ്രാപ്‌തമാണെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. മധ്യാഹ്‌നം വരെയുള്ള ആലോചനയ്‌ക്കൊടുവില്‍ പണവുമായി സ്‌റ്റേഷനില്‍ വരാന്‍ അയാള്‍ മാത്തുക്കുട്ടിയോടാവശ്യപ്പെട്ടു. പകരം മകന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാതെ വിട്ടയയ്‌ക്കാമെന്നും അയാള്‍ സമ്മതിച്ചു. അങ്ങനെ ഉച്ചകഴിഞ്ഞ്‌ ഏകദേശം നാലുമണിയോടെ മാത്തന്‍ തനിയെ സ്‌റ്റേഷനിലെത്തി.
അപ്പോള്‍ വാനം ഇരുണ്ടുതുടങ്ങിയിരുന്നു. പെയ്‌തൊഴിയാനിരിക്കുന്ന കഷ്‌ടപ്പാടുകളെ നോക്കി സുധാകരന്‍പിള്ള പുച്‌ഛിച്ചു ചിരിച്ചു. ഹൃദയം തുറന്നുചിരിക്കുന്നത്‌ ഏറെ നാളുകള്‍ കഴിഞ്ഞാണെന്ന്‌ അയാള്‍ സ്‌മരിച്ചു. ഒരിക്കല്‍ തന്റെ അമ്മയുടെ പിറന്നാളിന്‌ വിദ്യാധരന്‍ രഹസ്യമായി പായസം കൊണ്ടുകൊടുത്തത്‌ താന്‍ കണ്ടെത്തിയ രംഗം അയാളോർത്തു. “ഇനീപ്പോ എത്രനാള്‍ ഞാനുണ്ടാവും! ഇത്തിരി പായസം എനിക്കും താടാ’ എന്നും പറഞ്ഞ്‌ അമ്മ കെറുവിച്ചപ്പോള്‍, നിറഞ്ഞ ചിരിയുമായി അമ്മയുടെ നാവില്‍ പാല്‍പ്പായസം ഇറ്റിച്ചുകൊടുത്തതും അയാളോർത്തു. അന്നാണ്‌ അവസാനമായി ഹൃദയത്തില്‍ നിന്നും ഒരു ചിരി ഉയിർക്കൊണ്ടത്‌. 

4 Comments

  1. കൊള്ളാം❤️
    അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്

  2. നിധീഷ്

    ഒതുക്കത്തിൽ പണിതു… ♥♥♥

  3. വിച്ചൂസ്

    നല്ല എഴുത്… തുടർന്നു എഴുതുക

  4. വിച്ചൂസ്

    1st ?

Comments are closed.