“ങ്ങാ, മാത്തന്‍ ബുദ്ധിമുട്ടണമെന്നില്ല. ജാമ്യമില്ലാ കേസാ’
മാത്തുക്കുട്ടി ശിങ്കിടിക്കുനേരെ ഗൂഢമായി ഒന്നുനോക്കി. അവരുടെ കണ്ണുകള്‍ ഏതോ രഹസ്യം കൈമാറുന്നതായി സുധാകരനുതോന്നി.
“പറയുമ്പോ എല്ലാം പറയണമല്ലോ സാറേ. ഞങ്ങളു പാലായിലെ പാരമ്പര്യമായി നേരും നെറിയുമുള്ള മാർത്തോമ്മാ നസ്രാണികളാ. ഞങ്ങള്‍ ചമ്പക്കാട്ടു കുടുംബത്തിലെ ഒരേയൊരാണ്‍തരിയാ. ബിസിനസും റിയലെസ്‌റ്റേറ്റും റബറും എല്ലാം ഈ കുരുത്തം കെട്ടോന്റെ പേരിലാ എഴുതിവച്ചേക്കുന്നേ. ഇച്ചിരി കുടിയും വലീം ഉണ്ടെന്നല്ലാതെ വേറെ ദുശീലമൊന്നുമില്ല. എന്റെ പെമ്പിള സാറാമ്മക്കാണെങ്കി ഇവനെ കാണാഞ്ഞിട്ട് വല്ലാത്ത ചങ്കിടിപ്പാ. അവക്ക് ഈ വലിവിന്റെ ഏനക്കേടൊക്കെ ഉള്ളതാന്നേ. കണ്ടാ പറയത്തില്ലേലും എനിക്കും അറ്റാക്കൊന്നു കഴിഞ്ഞതാ. ഇനിയൊന്ന് താങ്ങത്തില്ല.’
“മാത്തച്ചായന്‍ പറഞ്ഞു വരുന്നത്…’ സുധാകരന്‍പിള്ള തന്റെ കൈയിലിരുന്ന പേന കറക്കിക്കൊണ്ടു ചോദിച്ചു.
“അവനെയങ്ങു വിട്ടേരെ സാറേ. ഇനി ഈ വഴിക്കേ അവന്‍ വരികേല. പാവം കൊച്ചനാ, ഒരു തവണത്തേയ്‌ക്ക് മാപ്പാക്കിയേര്!’
സുധാകരന് ദേഷ്യംവന്നു. അയാള്‍ മാത്തനോട് പുറത്തുപോകാനാവശ്യപ്പെട്ടു.
“സാറിന് മുതലാളിയെ അറിയാഞ്ഞിട്ടാ. കാണേണ്ടപോലെ എവിടെ വച്ച് എങ്ങനെ കാണാനും റെഡിയാ’ ശിങ്കിടി പ്രസ്‌താവിച്ചു.
“അങ്ങനെ പറഞ്ഞുകൊടുക്കടാ ഉവ്വേ. എത്രയാ സാറിന്റെ വിലയെന്നു വച്ചാ മാത്തനങ്ങു തരും. ഇപ്പോ ഞാന്‍ പോകുന്നു. തിരിച്ചുവരുന്നത് എന്റെ കൊച്ചനെ പുറത്തിറക്കാനായിരിക്കും!’
മേശപ്പുറത്ത് ആഞ്ഞിടിച്ചുകൊണ്ട് മാത്തന്‍ ഇറങ്ങിപ്പോയി.
“എന്താ സാറേ പ്രശ്‌നം?’
ചായക്കാരന്‍ ഗോപാലന്‍ ചോദിച്ചു.
“ഒന്നൂല്ല്യ.’
അയാള്‍ ചിന്താനിമഗ്‌നനായി.
ഇല്ല.. താനൊരു കൈക്കൂലിക്കാരനല്ല.. ഇതുവരെ ഒരു കുറ്റകൃത്യത്തിനും ഇടനിലക്കാരനായിട്ടുമില്ല..
പക്ഷേ അന്നുമുഴുവന്‍ മാത്തന്റെ വാഗ്‌ദാനം അയാളില്‍ ചിന്തകളുണർത്തി.
മാളുവിന്റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അവളുടെ വളർച്ച ദ്രുതഗതിയിലാണ്. ഒരച്‌ഛനെന്ന നിലയില്‍ കരുതല്‍ ഏറെ വേണ്ട സമയം. നാട്ടിലെ നാഥനില്ലാക്കുടുംബത്തില്‍ അവള്‍ സുരക്ഷിതയല്ലെന്ന് അയാള്‍ക്കുതോന്നി.
എന്താണിതുവരെ അവള്‍ക്കായി താന്‍ സമ്പാദിച്ചിട്ടുള്ളത്?
തന്റെ ചുരുങ്ങിയ കാലത്തെ ശമ്പളമോ പെന്‍ഷനോ അവളെ ആഗ്രഹപ്രകാരം സുമംഗലിയാക്കാന്‍ ഉതകുന്നതല്ല…
കൊള്ളാം❤️
അഴിമതി ഒരു തരത്തിലും ന്യായികരണം അര്‍ഹിക്കുന്നതല്ല എങ്കിലും പിടിക്കപ്പെടുന്ന പലതിന്റെയും പിന്നാമ്പുറ കഥ ദയനീയ പ്രാരാബധങ്ങൾ ആണ്
ഒതുക്കത്തിൽ പണിതു… ♥♥♥
നല്ല എഴുത്… തുടർന്നു എഴുതുക
1st ?