“അർച്ചന …അതൊരു ഹിന്ദുക്കുട്ടിയുടെ പേരാണല്ലോ ഇച്ചായാ..അപ്പോൾ ഹിന്ദുപ്പെൺകുട്ടിയെ ആണോ ജോൺ വിവാഹം ചെയ്തിരിക്കുന്നത്..ലവ് മാര്യേജ് ആവും…” ചോദ്യവും ഉത്തരവും ഞാൻ തന്നെ പറഞ്ഞു..
ഉം..ഇച്ചായൻ ഒന്നു നീട്ടിമൂളി..
“അപ്പോൾ എങ്ങനാ ..ഈ ആഴ്ച്ച നമുക്ക് വേറെ പ്രോഗ്രാംസ് ഒന്നുമില്ലല്ലോ..അവരെ ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്കൂ.. അടുത്ത സൺഡേ ഇവിടെയാണ് എന്ന് .. കൂട്ടത്തിൽ അവർ ഫ്രീആണോന്നു അറിയുകയും ചെയ്യാം..,”
ഇച്ചായന്റെ എല്ലാ കൂട്ടുകാരും കുടുംബമായി ഇങ്ങോട്ടു വരികയും ഞങ്ങൾ അങ്ങോട്ടു പോകുകയും ചെയ്തിട്ടുണ്ട്…അപ്പോൾ പിന്നെ അതിൽ അസ്വാഭാവികമായി ഒന്നുമില്ല…
അതുകൊണ്ടു തന്നെ എതിര് പറയാനും ഇച്ചായന് പറ്റില്ല…
ഇച്ചായന്റെ അടുത്ത കള്ളം പ്രതീക്ഷിച്ചു കൊണ്ടു ഞാൻ തുടർന്നു..”അർച്ചന ഇറച്ചിയും മീനുമൊക്കെ കഴിക്കുവോ ആവോ..അതു കൂടി ഒന്നു തിരക്കിയേക്കണേ..”
എന്താ പറയേണ്ടത്.. എന്നുള്ള ഇച്ചായന്റെ ഭാവം എന്നെ രസിപ്പിച്ചു..
“വിളിക്ക് ഇച്ചായാ കൈയോടെ പറയു..ഇപ്പോൾ വിളിക്കുവാണേൽ എനിക്ക് അർച്ചനയോട്
ഒന്നു സംസാരിക്കുകയുമാവാല്ലോ…ഞായറാഴ്ച്ച വരുമ്പോൾ ഉള്ള പരിചയപ്പെടൽ ഒഴിവാക്കാം…”
“അതു ഞാൻ പിന്നെ വിളിച്ചോളാമെന്നേ… ഇപ്പോൾ ഒരു പക്ഷേ അവർ ഉറങ്ങുകയാവും..”
“പിന്നെ ,,രാവിലെ ജോലിക്കു പോകേണ്ട ആൾ ഈ സമയം വരെ കിടന്നുറങ്ങുമോ..ഇനി അഥവാ ഉറങ്ങുവാണോ അതോ എണീറ്റോ എന്നറിയാൻ ഒരു മാർഗ്ഗമുണ്ട്..” ഞാൻ ഉത്സാഹത്തോടെ അടുത്തു ചെന്നു ,ഇച്ചായന് ചിന്തിക്കാൻ സമയം കൊടുക്കാതെ ഫോൺ തട്ടിപ്പറിച്ചു…
“വാട്സാപ്പിൽ ലാസ്റ് സീൻ നോക്കിയാൽ പോരെ..ഇപ്പോൾ ഏതു മനുഷ്യരും കണ്ണു തുറന്നാൽ ആദ്യം ചെയ്യുക വാട്സാപ്പ് അല്ലെങ്കിൽ മെസ്സേഞ്ജർ ചെക്ക് ചെയ്യുക എന്നതായിരിക്കും..”
ഞൊടിയിട കൊണ്ടു ഞാൻ വാട്സാപ്പ് തുറന്നു,
ഇച്ചായൻ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുന്നതിനാൽ ഫോൺ ലോക്ക് അല്ലല്ലോ…