അങ്ങനങ്ങു വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു…
“അത് പിന്നെ.. ഈയിടയ്ക്കല്ലേ നമ്പർ കിട്ടിയത്…ഞാനും മറന്നു ആഡ് ചെയ്യാൻ..ഇന്ന് തന്നെ ചെയ്തേക്കാം..”
“എന്നിട്ടെന്തിനാ അയാളുമായുള്ള ചാറ്റുകൾ ഇച്ചായൻ എന്നും ഡീലീറ്റ് ചെയ്തു കളയുന്നത്…”
“ആരു ഡിലീറ്റ് ചെയ്തു.. എന്തിന്..?നീയല്ലേലും എന്തിനാ എന്റെ ഫോൺ ചെക്ക് ചെയ്യുന്നത്..”
ഇച്ചായൻ ഒരു പൊട്ടിത്തെറിയുടെ വക്കത്താണ് എന്നു മനസിലാക്കിയിട്ടും ഞാൻ തുടർന്നു..
“ഇച്ചായാ ഈ പറയുന്ന ഫോണും വാട്സാപ്പും ഫേസ്ബുക്കും ഒക്കെ ഞാനും ഉപയോഗിക്കുന്നതാ…എന്നെ അങ്ങനങ്ങു മണ്ടിയാക്കാൻ നോക്കല്ലേ…”
എനിക്കും ദേഷ്യം വന്നു…
മുഴുത്ത ഒരു തെറിയെ കൂട്ടു പിടിച്ചു ദേഷ്യത്തിൽ കഴിച്ചുകൊണ്ടിരുന്ന പ്ളേറ്റ് നീക്കിയെറിഞ്ഞിട്ടു ഇച്ചായൻ എണീറ്റു പോയി…
മേശയുടെ എതിർവശത്തു, അറ്റത്തിരുന്ന ഒരു ചില്ല് പാത്രം കറിയോടു കൂടി തറയിൽ വീണുടഞ്ഞു വലിയ ശബ്ദമുണ്ടാക്കി…
ഇതൊക്കെ ഞങ്ങളുടെ ജീവിതത്തിൽ ആദ്യമായത് കൊണ്ടാവാം കണ്ണു നിറഞ്ഞു..
പിള്ളേര് രണ്ടു പേരും അന്തം വിട്ടിരിക്കുവാണ്..
മോളുടെ കണ്ണൊക്കെ നിറഞ്ഞു, ചുണ്ടൊക്കെ വിതുമ്പി ഇപ്പോൾ കരയും എന്ന മട്ടിലിരിക്കുന്നു
..അവര് ശരിക്കും ഭയന്നുപോയിരിക്കുന്നു..
“അയ്യേ…മക്കള് പേടിച്ചോ…പപ്പാ ചുമ്മാ തമാശ കാണിച്ചതല്ലേ..മമ്മിയെ പേടിപ്പിക്കാൻ…”
ഞാൻ രണ്ടുപേരെയും ചേർത്തുപിടിച്ചു ചിരിക്കാൻ ശ്രമിച്ചു
“ആണോ…സത്യം..”മോൾ എന്റെ മുഖത്തു നോക്കി, “ആണെടീ.. ചക്കരേ …സത്യം…”
നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്തപ്പോൾ അവൾ വിശ്വസിച്ചു..വീണ്ടും കഴിക്കാൻ തുടങ്ങി..
“ആരാ മമ്മി ഈ ജോൺ,പപ്പാ പറഞ്ഞത് നുണയാ അല്ലേ..പപ്പയുടെ സ്കൂളമേറ്റാന്നുള്ളത്..അല്ലേ…”