ലിസയുടെ സ്വന്തം…!! 103

പിള്ളേരുമായി ചിലവഴിക്കുന്ന സമയം ചുരുങ്ങി..
നേരത്തെ എപ്പോഴും അവരുമായി കളിയും ചിരിയും ഒക്കെ ആയിരുന്നു…ഇപ്പോൾ ആ സമയം ഒക്കെ മൊബൈലിൽ ആണ്..
അതൊന്നും ചോദിക്കാനും മിണ്ടാനും പാടില്ല..

ഇച്ചായന്റെയോ എന്റെയോ ശബ്ദം ഉയർന്നു കേൾക്കാത്ത വീടായിരുന്നു..അതിനുള്ള കാരണങ്ങൾ ഉണ്ടായിട്ടു വേണ്ടേ…?? ഇതിപ്പോൾ കുട്ടികൾക്ക് പപ്പായെ പേടിയായിത്തുടങ്ങി..

അതുകൊണ്ടു തന്നെ ഞാൻ കണ്ണടച്ചു,
എന്തെങ്കിലും ചെയ്യട്ടെ,എന്നാലും ചിലതൊക്കെ കാണുമ്പോൾ…

എനിക്കുമുണ്ട് ഫേസ്ബുക്കും വാട്സാപ്പും ഒക്കെ…ഇത്രമാത്രം ഇതിനകത്തിരിക്കാൻ എന്താണുള്ളത് എന്നാണ് മനസിലാകാത്തത്…
അതു ചോദിച്ചാൽ “ഇരുപത്തിനാലു മണിക്കൂറും വീടിനകത്ത് കുത്തി ഇരിക്കുന്ന നിനക്കു എന്തറിയാം..” എന്നു പുച്ഛത്തോടെ തിരിച്ചു ചോദിക്കും…

ഇച്ചായൻ കാണാതെ ഒന്നുരണ്ടു പ്രാവശ്യം ഫോൺ എടുത്തു നോക്കി ..അനാവശ്യമായി ഒന്നും കണ്ടില്ല..എങ്കിലും വാട്സ് ആപ്പിൽ ഒന്നു രണ്ടു പുതിയ നമ്പറുകൾ ആഡ് ചെയ്തിട്ടുണ്ട്..
അതിലൊന്നിൽ ഒരു മെസ്സേജുമില്ല.. പക്ഷേ.. അതു ഏറ്റവും മുകളിൽ ആണ് കിടക്കുന്നത്..

അവസാനം മെസ്സേജ് അയക്കുന്ന ആളുടെ നമ്പർ അല്ലെ ആദ്യം കിടക്കുന്നത്..
നോക്കിയപ്പോഴെല്ലാം അതു എംപ്റ്റി ആണ് താനും..ഇട്ടിരിക്കുന്ന പേരാണെങ്കിൽ ഒരു ജോണിന്റെയും…

പിന്നെ ഇടക്കിടെ ഞാൻ ഫോൺ എടുത്തു നോക്കാൻ തുടങ്ങി,ഇച്ചായൻ അറിയാതെ….അതുപോലെ തന്നെ…ജോണിന്റെ പേരാണ് ഏറ്റവും ആദ്യം..ഒരു മെസ്സേജുമില്ല താനും..എനിക്ക് മനസിലായി…മെസേജ് അയച്ചു കഴിഞ്ഞു അപ്പോഴേ ക്ലിയർ ചെയ്യുന്നതാണ്..

ഇച്ചായന്റെ എല്ലാ സുഹൃത്തുക്കളെയും എനിക്ക് പരിചയമുണ്ട്..ചിലരെ നേരിട്ട് കണ്ടും ,ബാക്കി ഉള്ളവരെ ഇച്ചായൻ പറഞ്ഞും..ജോൺ എന്നൊരു സുഹൃത്തിനെ പറ്റി ഇതുവരെ കേട്ടിട്ടില്ല…

ചോദിക്കാൻ ഒരു പേടി..ചോദിച്ചു കഴിഞ്ഞാൽ പ്രശ്നമാക്കും..പിള്ളേര് വെറുതെ വിഷമിക്കും..