രുദ്രതാണ്ഡവം 8 [HERCULES]

എഴുതിക്കഴിഞ്ഞയുടൻ പോസ്റ്റ്‌ ചെയ്തയാണ്. Edit ഒന്നും ചെയ്തിട്ടില്ല. തെറ്റുകൾ ക്ഷമിക്കുക.
ഒരു myth fantasy ടൈപ് സ്റ്റോറി ആണിത്. ഈ ഒരു വിഭാഗത്തിലെ എന്റെ ആദ്യശ്രമം ആണ്.

അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയോടെ വായിക്കാതിരിക്കുക ??

 

രുദ്രതാണ്ഡവം 8 | RUDRATHANDAVAM 8 | Author [HERCULES]

[PREVIOUS PART]

 

 

 

പതിവിലും നേരത്തെ കിടന്നുറങ്ങിയതിനാൽ ആണെന്ന് തോന്നുന്നു അഭി അന്ന് നേരത്തെ എണീറ്റു.

ഉറക്കം പൂർണമായും വിട്ടുമാറിയിട്ടില്ല. അവൻ ബെഡിൽ കിടന്നു മുകളിൽ കറങ്ങുന്ന സീലിങ് ഫാനും നോക്കിക്കൊണ്ടിരുന്നു.

താഴെ അടുക്കളയിൽനിന്ന് കുക്കറിന്റെ ചൂളം വിളിയൊക്കെ കേൾക്കുന്നുണ്ട്. വല്യമ്മ രാവിലെതന്നെ പണിതുടങ്ങി എന്ന് അവനോർത്തു.

കുറച്ചുനേരം അങ്ങനെ കിടന്ന് അവനെണീറ്റ് ബാത്‌റൂമിൽ കയറി. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ടർക്കിയും ചുറ്റി അവൻ റൂമിലേക്ക് വന്നു.

കാബോർഡിൽ നിന്നും നേവി ബ്ലൂ ഷർട്ട്‌ എടുത്ത് ധരിച്ചു. മുടിയൊക്കെ ചീകിയൊതുക്കി കണ്ണാടിയിൽ നോക്കി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിച്ചു. പിന്നെ പടികളിറങ്ങി താഴേക്ക് ചെന്നു.

“വല്യമ്മേ… ”

അവൻ താഴെക്കിറങ്ങുന്നതിനോടൊപ്പം നീട്ടിവിളിച്ചു.

” ആ…. നീ ഇന്ന് നേരത്തേയെണീറ്റോ… ഞാന്നിന്നെ വിളിക്കാൻ വരാൻ തുടങ്ങുവായിരുന്നു. ”

അടുക്കളയിൽനിന്ന് ദേവകിയുടെ മറുപടിയെത്തി.

” ഇന്നലെ നേരത്തേ കിടന്നെയല്ലേ… അതാന്ന് തോന്നണു… പെട്ടന്ന് ഉറക്കമുണർന്നു. ”

” ആഹ്… ഇപ്പൊ എങ്ങനുണ്ടെടാ ” എന്ന ചോദ്യത്തോടെ അടുക്കളയിൽനിന്ന് ദേവകി ഹാളിലേക്ക് വന്നു.

” ഏഹ്… നീയിതെന്താ ഈ വേഷത്തില്…”

കുളിച്ച് റെഡി ആയി താഴേക്കുവന്ന അഭിയോടായി ദേവകിചോദിച്ചു.

” ഇതിനെന്താ കുഴപ്പം… കോളേജിൽ പോകുമ്പോപ്പിന്നെ കോട്ടും സൂട്ടും ഒക്കെ ഇടണോ ”

” അതിന് നീയിന്ന് കോളേജിൽ പോണില്ലല്ലോ.. ”

” ഏഹ്… അതെന്താ… ”

” ഇന്നലെ ആശുപത്രീന്ന് ഇങ്ങ് വന്നല്ലേയുള്ളു… രണ്ടുദിവസം കഴിഞ്ഞ് നീയിനി പുറത്തോട്ടിറങ്ങിയാ മതി… ”

വല്യമ്മ തറപ്പിച്ചുപറഞ്ഞു.

” ഇത് കഷ്ട്ടുണ്ട്ട്ടോ വല്യമ്മേ… ഞാനിന്നലേപറഞ്ഞയല്ലേ എനിക്കൊരു കുഴപ്പോമില്ലാന്ന് ”

“നിന്ന് ചിണുങ്ങീട്ടൊന്നുവൊരു കാര്യോവില്ലചെക്കാ . മരുന്ന് രണ്ടൂസം കൂടെയുണ്ട്… അത് തീരാണ്ട് നീയെങ്ങും പോണില്ല… കേട്ടല്ലോ…”

” ശ്യോ… എന്നാപ്പിന്നെ ഇന്നലെത്തന്നെ പറഞ്ഞൂടെ… വെറുതേ രാവിലെത്തന്നെ ഒരുങ്ങിക്കെട്ടി…. ”

കോളേജിൽ പോകണ്ട എന്ന് പറഞ്ഞതിനോടുള്ള നീരസം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

” എന്റഭിക്കുട്ടാ…. നിനക്കൊരു പനിവന്നാക്കൂടെ നിയ്ക്കിരിപ്പുറക്കൂലാന്ന് നിനക്കറിയാലോ… അപ്പൊ ഇന്നലെ ഗൗരി പെട്ടന്ന് വിളിച്ച് നീ ഹോസ്പിറ്റലിൽ ആണെന്നൊക്കെ പറഞ്ഞാ… സത്യത്തിൽ ഞാൻ പേടിച്ചുപോയിഡാ …എന്നിട്ടവിടെ വന്ന് നിന്നെക്കണ്ടിട്ട് നിനക്കൊരു കുഴപ്പുല്ലാന്ന് അറിഞ്ഞിട്ടൂടെ ആ പേടി പൂർണായിട്ട് മാറീട്ടില്ല…നിന്നെയിന്ന് പറഞ്ഞുവിട്ടാ എനിക്കൊരു മനസമാധാനം കിട്ടൂലടാ… അതാ ഞാമ്പറഞ്ഞെയിന്ന് പോണ്ടാന്ന്… ന്റെ വാവായല്ലേ.. ”

അതോടെ അഭിയൊന്നടങ്ങി. അവന് നല്ലപോലെ അറിയുന്ന കാര്യമാണ് ദേവകി പറഞ്ഞതും. അവന് ചെറിയ ഒരുപനിവന്നാക്കൂടെ അവന്റടുത്തൂന്ന് വല്യമ്മ മാറില്ല. പനിമാറുന്നതുവരെ കണ്ണുനിറച്ചായിരിക്കും അവരുടെ നടപ്പ്.

അതൊക്കെ ഓർത്തപ്പോ അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു.

” പകൽക്കിനാവ്കണ്ട് ചിരിച്ചോണ്ട് നിക്കാണ്ട് നീയിങ്ങ് വന്നേ… ഞാൻ കഴിക്കാനെടുക്കാ… ”

അതുംപറഞ്ഞ് ദേവകി അടുക്കളയിലേക്ക് പോയി. അഭി ചെന്ന് കയ്യും മുഖവുമൊക്കെ കഴുകിവന്നു കഴിക്കാനിരുന്നു.

ദോശയും കടലക്കറിയുമായി ദേവകി അവിടേക്ക് വന്നു. അവർ അവന് വിളമ്പിക്കൊടുത്തു.

തിരിച്ചു പോകാൻ ഒരുങ്ങിയ ദേവകിയെ അഭി അവിടെ പിടിച്ചിരുത്തി.

” എന്തോന്നാടാ ചെക്കാ… ഞാൻ പിന്നെ കഴിച്ചോളാം… നീ കഴിച്ചേ… ”

” അങ്ങനിപ്പോ പിന്നെ കഴിക്കണ്ട… ”
അവൻ ഒരു കഷ്ണം ദോശ മുറിച്ചെടുത്ത് കറിയിൽ മുക്കി ദേവകിക്ക് നേരെ നീട്ടി.

എന്തുകൊണ്ടോ അവരുടെ കണ്ണ് നിറഞ്ഞു. ചുണ്ടിൽ പുഞ്ചിരി ആണെങ്കിലും കവിളിൽ കൂടെ കണ്ണുനീർ ചാലിട്ടൊഴുകി.

” അയ്യേ… ദേവൂസ് കരയാണോ… അതിനുമ്മാത്രം ഇപ്പെന്താണ്ടായേ… ”

അവൻ പയ്യെ കയ്കൊണ്ട് ആ കണ്ണുനീര് തുടച്ചുമാറ്റി.

” ഒന്നൂല്ലടാ… ഇത് സന്തോഷങ്കൊണ്ടാ…. നീയിങ്ങനെ നിയ്ക്ക് വാരിത്തന്നിട്ടെത്ര നാളായീന്നോർമേണ്ടോ നിനക്ക് ”

” അയ്യ..ഇള്ളക്കുഞ്ഞാണല്ലോ ദിവസോം വാരിത്തരാൻ…പിന്നേ…സന്തോഷമ്മന്നാ എല്ലാരും കരയാണോല്ലോ ചെയ്യാ… എന്തോന്നാ ദേവൂസെയിങ്ങനെ”

“പോടാ ചെക്കാ….” എന്ന് പറഞ്ഞ് ദേവകി അവന്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.

അങ്ങനെ കളിയും ചിരിയുമൊക്കെയായി അവർ ആഹാരം കഴിക്കുന്നത് തുടർന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

പുറത്തെ ശബ്ദകോലാഹലങ്ങൾ കേട്ടുകൊണ്ടാണ് ദേവു ഉറക്കമുണർന്നത്.
കെട്ടിപ്പിടിച്ചുകിടന്ന പാവയെ മാറ്റിവച്ച് അവൾ ജനാലയ്ക്കരികിലേക്ക് ചെന്നു.

താഴെ പന്തലുപണിക്കുള്ള സാധനങ്ങൾ ഇറക്കുകയായിരുന്നു. അവർ ഉറക്കെ സംസാരിക്കുന്നുണ്ട്. മുളയും സദ്യയ്ക്കായുള്ള പാത്രങ്ങളും മറ്റും ഇറക്കിവെക്കുമ്പോ ഉണ്ടാകുന്ന ശബ്ദങ്ങളാൽ മുഖരിതമായിരുന്നു ആ അന്തരീക്ഷം.

പുറത്തേക്കിറങ്ങിക്കൂടായെന്ന അച്ഛമ്മയുടെ ശാസനയുള്ളതിനാൽ അവൾ വേഗംതന്നെ മുറിയിൽത്തന്നെയുള്ള ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയുമൊക്കെ പൂർത്തിയാക്കി.

കുളിയൊക്കെകഴിഞ്ഞു പുറത്തിറങ്ങിയപ്പോ അവളെയും കാത്തിട്ടെന്നോണം ഒരഥിതി ആ മുറിയിലുണ്ടായിരുന്നു. മാറ്റാരുമല്ല…. കുട്ടൂസ് എന്ന് ദേവു ചെല്ലപ്പേരിട്ട സ്വർണനാഗമായിരുന്നു അത്.

” കുട്ടൂസേ… ന്നെ മറന്നോ നീ… എന്തായിപ്പോ വരാത്തെ… ന്നോട് പിണക്കാണോ ”

എന്നൊക്കെ ചോദിച്ച് ദേവു കട്ടിലിൽ കയറിയിരുന്നു.

ആ സ്വർണനാഗം അതിന് മറുപാടിയായി ചീറ്റിക്കൊണ്ട് ദേവുവിന്റെ മടിയിലേക്കിഴഞ്ഞുകയറി.

അവൾ വാത്സല്യത്തോടെ അതിന്റെ തലയിലൊക്കെ തലോടി. അതാസ്വദിച്ചെന്നോണം നാഗം പതിതാഴ്ത്തി അവളുടെ മടിയിൽ ചുരുണ്ടുകിടപ്പായി.

പെട്ടന്നായിരുന്നു വാതിലും തുറന്നുകൊണ്ട് ശോഭ അകത്തേക്ക് കയറിയത്.

ദേവുവിന്റെ മടിയിൽ കിടക്കുന്ന നാഗത്തേക്കണ്ട് ഒരുനിമിഷം അവരവിടെ തറഞ്ഞുനിന്നു.

എന്നാൽ ആ നാഗം ശോഭയ്ക്ക് നേരെയൊന്ന് നോക്കി വീണ്ടും അവിടെത്തന്നെ കിടന്നു.

ദേവു ആണെങ്കി അമ്മയുടെകയ്യീന്ന് ഇപ്പൊ ചീത്ത കേൾക്കേണ്ടിവരും എന്നപേടിയിൽ ശോഭയെതന്നെ നോക്കിനിൽക്കുകയായിരുന്നു.

തന്റെ മകളുടെ മടിയിൽ അനുസരണയോടെ കിടക്കുന്ന നാഗത്തേക്കണ്ട് ഒരേ സമയം അത്ഭുതവും ആശങ്കയും അവരെ പൊതിഞ്ഞു.

എന്നാൽ ആദ്യം കാവിൽ വച്ചുകണ്ടപ്പോ തോന്നിയതരത്തിലുള്ള ഒരു ഭയം അവർക്ക് തോന്നിയില്ല.

അവർ പയ്യെ ദേവുവിന്റെയടുത്തേക്ക് നടന്നു. ചെറിയ ആശങ്കയോടെ അവളുടെയടുത്തിരുന്നു.

പിന്നേ എവിടന്നോ കിട്ടിയ ധൈര്യത്തിൽ ആ നാഗത്തെ തലോടി. അത് ആസ്വദിച്ചിട്ടെന്നവണ്ണം അതൊന്ന് ശീൽകാരാശബ്ദം പുറപ്പെടുവിച്ചു.

കുറച്ചുനേരം അത് തുടർന്നപ്പോ ശോഭയിൽ അവശേഷിച്ചിരുന്ന പേടിയൊക്കെ എങ്ങോ പോയിമറഞ്ഞു.

ദേവുവിനെനോക്കിയൊന്ന് പുഞ്ചിരിച്ച് അവളുടെ തലയിലൊന്ന് തലോടി ശോഭ പുറത്തേക്ക് നടന്നു.

ദേവൂന് ആകെ ആശ്ചര്യമായിരുന്നു.

” കുട്ടൂസേ… ന്താപ്പോ ഇണ്ടായേ… ”
അമ്മ പോയിക്കഴിഞ്ഞപ്പോ ദേവു സ്വർണനാഗത്തൊടായി ചോദിച്ചു. ”

എന്നാൽ അതിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമുണ്ടായില്ല. അത് ദേവുവിന്റെ ചൂടുംപറ്റി അവിടെത്തന്നെ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും ശോഭ ദേവുവിനുള്ള പ്രാതലുമായി അവിടേക്ക് വന്നു. അവരുടെ കയ്യിൽ അകം കുഴിഞ്ഞ ഒരു പാത്രം നിറയെ പാലുമുണ്ടായിരുന്നു.

ഇലയടയടങ്ങിയ പാത്രം ദേവുവിന്റെ കയ്യിലും പാൽ പാത്രം താഴെയും വച്ചു.

സ്വർണനാഗം പെട്ടന്ന് തന്നെ ദേവുവിന്റെ മടിയിൽനിന്നിറങ്ങി പാല് കുടിക്കാനാരംഭിച്ചു.

” കഴിച്ച് കഴിഞ്ഞ് പാത്രം ഇവിടത്തന്നെ വച്ചോട്ടൊ ദേവൂട്ടി… കുറച്ച് കഴിഞ്ഞ് ഞാൻവന്നെടുത്തോളാം. ”
ഒരു ചെറുചിരിയോടെ ശോഭ അത് പറഞ്ഞ് പുറത്തോട്ടിറങ്ങി.

എന്തെന്നില്ലാത്ത ഒരു സമാധാനം അവരുടെയുള്ളിൽ വന്ന് നിറയുന്നുണ്ടായിരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

സുധേവിന്റെ കാർ കോളേജ് ഗേറ്റിന് മുന്നിലായി വന്നുനിന്നു.
അതിൽനിന്ന് അനുവും മാളുവും ഇറങ്ങി.

” അച്ഛേ… വൈകീട്ട് കൂട്ടാൻ വരുവോ.. ”
കോ-ഡ്രൈവർ സീറ്റിന്റെ വിന്ഡോയിലൂടെ തലയുള്ളിലേക്ക്കിട്ട് അനു ചോദിച്ചു.

” അനൂട്ടി…എനിക്കിന്ന് ഓഫീസിൽ നല്ല തിരക്കുള്ള ദിവസാ… മോള് ബസ്സിന് പൊയ്ക്കോ. നേരത്തേ ഇറങ്ങുവാണെ ഞാൻ വിളിക്കാം. ”

സുധേവ് അതിന് ഒരു പുഞ്ചിരിയോടെ മറുപടിപറഞ്ഞു.

അനു പുഞ്ചിരിയോടെ തലയാട്ടി… പിന്നേ കൈ വീശി അച്ഛനെ യാത്രയാക്കി.

അഭിയേട്ടനോട് തന്റെയിഷ്ടം തുറന്ന് പറയാനുള്ള ദിവസം. അതൊക്കെയോർത്തപ്പോൾ അനുവിന്റെ മുഖത്ത് നാണവും സന്തോഷവും ടെൻഷനും ഒക്കെ കൂടിക്കലർന്ന ഒരു ഭാവമായിരുന്നു.

” ഹൊ… എന്തോന്നാടി പെണ്ണേ… മുഖമൊക്കെയങ്ങ് ചോന്നല്ലോ… ”

അനുവിന്റെ അടുത്ത് നിന്ന മാളു അത് ചോദിച്ചപ്പോൾ അനുവിന്റെ മുഖം നാണത്താൽ കുനിഞ്ഞുപോയി.

ഓരോന്നൊക്കെ സംസാരിച്ചുകൊണ്ട് അവർ ക്ലാസ്സിലേക്ക് നടന്നു.

ബാഗ് ക്ലാസിൽ വച്ചിട്ട് വരാം എന്നും പറഞ്ഞ് മാളു അവളുടെ ക്ലാസിലേക്ക് പോയി.

അനു ക്ലാസിലേക്ക് കയറുമ്പോ അധികം ആരും ക്ലാസിൽ ഇല്ലായിരുന്നു. അനു അവളുടെ സീറ്റിൽ ബാഗ് വച്ച് തിരിച്ച് പുറത്തോട്ടിറങ്ങി.

അവൾ ക്ലാസിന് മുന്നിലുള്ള വരാന്തയിൽ നിന്നു.
ഗേറ്റിനടുത്തുള്ള വാകമരത്തണലിൽ അജിലും രാഗേഷും നിൽക്കുന്നത് അവൾ കണ്ടു. അവരും തന്നെപ്പോലെ അഭിയേട്ടനെ കാത്തുനിൽക്കുകയാണ് എന്ന് അവൾക്ക് മനസിലായി.

ക്ലാസിൽ ബാഗൊക്കെ വച്ച് മാളുവും അപ്പോഴേക്ക് അവിടേക്ക് വന്നു.

അവർ രണ്ടുപേരും ഓരോന്നൊക്കെ സംസാരിച്ച് ആ വരാന്തയിൽ നിന്നു.

കുറച്ചുകഴിഞ്ഞപ്പോൾ അഭിയുടെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ട് അനുവിന്റെ മുഖം വിടർന്നു. നാണം കാരണമോ എന്തോ അവളുടെ കവിളിണകളിൽ ചുവപ്പ് പടർന്നിരുന്നു. അവളുടെ ചെഞ്ചുണ്ടുകളിൽ നാണത്താൽ കലർന്ന പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

കാർ പാർക്കിങ്ങിൽ ചെന്ന് നിന്നു. പക്ഷെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങിയത് ഗൗരിയായിരുന്നു. അത് കണ്ടപ്പോൾ അത്രയും നേരം പ്രകാശപൂരിതമായിരുന്ന അനുവിന്റെ മുഖത്തേക്ക് കാർമേഘങ്ങൾ ഇരച്ചെത്തി. ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ കണ്ണുകളിൽ നനവ് പടർന്നു.

അവളെത്തന്നെ ശ്രെദ്ധിച്ചിരുന്ന മാളു അതുകണ്ടു.

” അയ്യേ… നീയെന്താ അനൂയിങ്ങനെ കൊച്ചുപിള്ളേരെപ്പോലെ…. ഞാനിന്നലേ നിന്നോട് പറഞ്ഞേയല്ലേ…അവര് നല്ല ഫ്രണ്ട്സ് ആയിരിക്കും… നീയിങ്ങനോരോന്ന് ചിന്തിച്ച് വെറുതേ സങ്കടപ്പെടല്ലേ.. ”

” ഏയ്‌… നിയ്ക്ക് സങ്കടൊന്നുല്ല മാളു… നിനക്ക് തോന്നിയതാവും.”
അനു ഒന്ന് ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.

” ആഹ്… അത് നിന്റെ മുഖത്ത് കാണാനുവുണ്ട്….എടി പൊട്ടിക്കാളി….നീ കള്ളമ്പറഞ്ഞാലും നിന്റെയീ നിറഞ്ഞ കണ്ണുണ്ടല്ലോ.. അത് കള്ളമ്പറയില്ല…
എടി അഭിയേട്ടൻ എവിടെ… ഇത് ഗൗരിച്ചേച്ചി മാത്രമല്ലേയുള്ളു. ”

കാർ ലോക്ക് ചെയ്ത് അവിടേക്കൂടിയിരുന്ന മനീഷിന്റെയും പിള്ളയുടെയും അജിലിന്റെയുമടുത്തേക്ക് നടന്ന ഗൗരിയെ നോക്കി മാളു പറഞ്ഞു
അനുവും അത് ശ്രെദ്ധിച്ചിരുന്നു.

” ഇനിയിന്ന് വന്നില്ലേ… ”

മാളു അത് പറഞ്ഞതും അനുവിന്റെ കണ്ണിൽനിന്നുമൊരുതുള്ളി കണ്ണുനീർ പൊഴിഞ്ഞുവീണു.

തന്റെയുള്ളിൽ പറയാതെയൊളിപ്പിച്ച സ്നേഹം തുറന്നുകാട്ടൻ ഏറെ ആഗ്രഹിച്ചിട്ടും അഭിയേട്ടന്റെ അഭാവം അവളുടെ ഉള്ള് നീറിച്ചുകൊണ്ടിരുന്നു.

” ഞാൻ… ഞാങ്ക്ളാസിലേക്ക് പോകുവാടി… പിന്നെക്കാണാം…”

നിർജീവമായ ഒരുചിരി മാളുവിന് സമ്മാനിച്ചുകൊണ്ട് അനുവത് പറഞ്ഞപ്പോ മാളുവിന് നെഞ്ചിൽ എന്തോ ഭാരം കയറ്റിവച്ചതുപോലെയാണ് തോന്നിയത്.

തന്റെയിരിപ്പിടത്തിലിരുന്ന് ഡെസ്കിൽ തലവച്ച് അനു അവിടെ കിടന്നു.

ഗൗരിയും അഭിയും കെട്ടിപ്പിടിച്ചുനിൽക്കുന്ന ദൃശ്യം അവളുടെ മനസിലേക്ക് തികട്ടി വന്നു..

” ന്തിനാ കണ്ണായെന്നെയിങ്ങനെ സങ്കടപ്പെടുത്തണേ…അഭിയേട്ടനെയെന്നീന്ന് അകറ്റാമ്മേണ്ടീട്ടാണോ ന്റെനെഞ്ചില് അഭിയേട്ടനെ പ്രതിഷ്ടിച്ചേ.. ”

അനുവത് മനസിലാണ് പറഞ്ഞത്… അതിന്റെയലയൊലികൾ അപ്പോഴേക്കും അവളുടെ കണ്ണുകളിലൂടെ പെയ്തുതുടങ്ങിയിരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

“ഡാ സൂരജേ… ആ അഭിയിന്ന് വന്നിട്ടില്ലടാ…”

കോളേജ് ഗ്രൗണ്ടിൽ വട്ടംകൂടിയിരുന്ന സൂരജിന്റെയും സാഗറിന്റെയുമൊക്കെയാടുത്തേക്ക് നടന്നുകൊണ്ട് പ്രണവ് പറഞ്ഞു.

” ഏഹ്… ഞാനവന്റെ കാറ് പാർക്കിങ്ങിൽ കണ്ടതാണല്ലോ… അത്പിന്നെവിടന്ന് പൊട്ടിമുളച്ചു. ”

” അതാഗൗരി കൊണ്ടുവന്നതാന്ന അറിഞ്ഞേ… എന്തായാലും അവനിന്ന് വന്നിട്ടില്ല… ഞാനവന്റെ ക്ലാസിലും അന്വേഷിച്ചു… ”

” എടാ സൂരജേ… ഇനിയിപ്പോ എന്താചെയ്യാ… എനിക്കവനെപ്പറ്റിയോർക്കുമ്പോ പൊളിഞ്ഞുവരുന്നുണ്ട്…. ”

സാഗർ പല്ലുഞ്ഞെരിച്ചുകൊണ്ട് അവന്റെ ദേഷ്യം പ്രകടിപ്പിച്ചു.

” നീയൊന്നടങ്ങ് സാഗറെ… നിനക്ക് മാത്രല്ല ഞങ്ങൾക്കൂണ്ട് ദേഷ്യോം വാശീമൊക്കെ… അന്ന് ഗോപകുമാറങ്കിൽ വന്നില്ലാർന്നേ കവിൻ തന്നെ അവന്റെ കാര്യത്തിലൊരു തീരുമാനമിണ്ടാക്കിയേനെ…. ഇതിപ്പോ കവിന് അവന്റെനേരെയൊരു ചെറുവിരലനക്കാമ്പറ്റാത്ത അവസ്ഥയാ… ”

” എന്നുമ്പറഞ്ഞ് ചുമ്മായിരിക്കാനാണോ നിങ്ങടെപ്ലാൻ… അവൻ കോളേജില് വന്നില്ലെങ്കി അവന്റെ വീട്ടിക്കേറി പണിയണം.”

ചുവന്നുകലങ്ങിയ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് ഹരീഷ് പറഞ്ഞു.

” ഡാ ഹരി… നിന്നോട് ഞാമ്പലവട്ടം പറഞ്ഞിട്ടുണ്ട് ഓരോന്ന് വലിച്ചുകേറ്റി അഭിപ്രായമ്പറയാൻ നിക്കണ്ടാന്ന്.
അതെങ്ങനാ വല്യ രക്ഷസ രാജാവ് ആണന്നല്ലേ അവന്റെ ഭാവം… കഞ്ചാവടിച്ചു കിറുങ്ങിയിരിക്കുമ്പോഴുള്ളയീ ഡയലോഗ് അല്ലാണ്ട് ഒരാൾടെ കണ്ണീനോക്കി സംസാരിക്കാനവന് മുട്ടിടിക്കും….എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ”

സൂരജ് ഹരീഷിനോട് ചൂടായി. അവൻ ദേഷ്യപ്പെട്ട് കണ്ടതുകൊണ്ട് ഹരിയൊന്നും തിരിച്ചുപറയാൻ പോയില്ല.

” എടാ പ്രണവേ… അവനെന്താ വരാത്തേയെന്ന് നീയവന്റെ ക്ലാസിലൊക്കെയൊന്നന്വേഷിക്ക്… ഇന്നെനിയൊന്നും നടക്കൂലല്ലോ…ഞങ്ങൾ തിരിച്ചുപോകുവാ…എന്തേലും വിവരംകിട്ടിയ നീ വീട്ടിലോട്ട് വാ… ഞങ്ങളവിടെ കാണും. ”

അഭിയെന്തുകൊണ്ട് വന്നില്ല എന്ന് അന്വേഷിക്കാൻ പ്രണവിനെ ചട്ടംകെട്ടി സൂരജും ബാക്കിയുള്ളവരും തിരിച്ചുപോയി.

പ്രണവ് അഭിയുടെ ക്ലാസിന് മുന്നിലേക്ക് ചെന്നു. അവിടെ രാഗേഷും അജിലും മനീഷും കൂടെ സംസാരിച്ചുനിൽക്കുന്നുണ്ടായിരുന്നു.
അത് കണ്ട് പ്രണവ് അവരുടെയടുത്തേക്ക് ചെന്നു.

” ഡാ മനീഷേ… അഭിജിത്ത് വന്നില്ലേ… ”

പ്രണവ് മനീഷിനോടായി ചോദിച്ചു.

” ഇല്ലടാ… എന്തേ… ”

” എടാ… അത്… ഒരു റിലേറ്റീവ്ന് ജോലിക്ക് വേണ്ടി റെക്കമെന്റ് ചെയ്യോന്ന് ചോദിക്കാനാ… അവന്റെ കമ്പനീടെ കീഴിൽ വരുന്ന ഒരു കമ്പനീലേക്ക് പുള്ളിയെ ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ട്… അവനെന്താ വരാത്തെ എന്ന് അറിയോ… ”

” അവന് ഇന്നലെ പെട്ടന്ന് എന്തോ വയ്യാണ്ടായെന്ന്… കുഴപ്പൊന്നൂല്ലാന്ന ഗൗരി പറഞ്ഞേ… മിക്കവാറും അവന്റെ വല്യമ്മ വിടാത്തതാകും… ”

” ഓഹ്… എടാ അവന്റെ നമ്പർ ഒന്ന് തരാവോ… വിളിച്ച് അന്വേഷിക്കാലോ… ”

മനീഷിന്റെ കയ്യിൽനിന്നും അഭിയുടെ നമ്പറും വാങ്ങി പ്രണവ് നേരെ സൂരജിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

പ്രണവ് മനീഷിനോട് സംസാരിച്ചുനിൽക്കുന്നതും കണ്ടുകൊണ്ടാണ് റോണിയും ജിന്റോയും അവരുടെയെടുത്തേക്ക് ചെന്നത്. അവർ അടുത്തെത്തുന്നതിനു മുന്നേ പ്രണവ് അവിടെനിന്നും നടന്നു നീങ്ങി.

” എടാ… ആ പ്രണവെന്താ ഇവിടെ… എന്നതാ അവൻ ചോദിച്ചേ… ”

അവരുടെ അടുത്തെത്തിയ റോണി അവർ മൂന്നുപേരോടുമായി ചോദിച്ചു.

” ഓ..അത് അഭിയെന്തായിന്ന് വാരാത്തെയെന്ന് ചൊദിയാടാ റോണി.. ”
രാഗേഷ് ആണ് മറുപടി കൊടുത്തത്.

” എടാ… ഇതെന്തോ പണിയാന്നാ തോന്നണേ… അവൻ കുറച്ചുമുന്നേ ഞങ്ങടെയടുത്തുവന്ന് അഭിയെപ്പറ്റി ചോദിച്ചു. അവന്റെ കാറ് കണ്ട് അതാരുടേയ എന്നൊക്കെ ചോദിച്ചാ നേരത്തേ വന്നേ… ”

ജിന്റോ പറഞ്ഞതും റോണി ശരിയാണ് എന്ന അർത്ഥത്തിൽ തലയിളക്കി.

” റോണി നീ വന്നേ… ഇപ്പൊത്തന്നെ ആ സംശയം തീർക്കണം.. ”

മനീഷ് അതുംപറഞ്ഞു പ്രണവ് പോയവഴിയേ നടന്നു.

പാർക്കിങ്ങിൽനിന്നും ബൈക്കെടുത്തു അവൻ പോകുന്നത് കുറച്ചകലെനിന്നും അവര് കണ്ടു.

” റോണീ… നീ വണ്ടിയെടുക്ക്… അവനെങ്ങോട്ടാ പോണേ എന്നറിയണം.. ”

റോണിയും മനീഷും പാർക്കിങ്ങിലേക്ക് ഓടി. അവിടെയുണ്ടായിരുന്ന റോണിയുടെ ബൈക്കിൽ കയറി പ്രണവിനെ അവർ പിന്തുടർന്നു.

പ്രണവിന്റെ ബൈക്ക് റെസിഡൻഷ്യൽ ഏരിയയിലെ ഒരു വില്ലയിലേക്ക് കയറിപ്പോകുന്നത് റോണിയും മനീഷും അല്പം ദൂരെനിന്ന് കണ്ടു.

പാണക്കാരുടെ ആഡംമ്പര വീടുകളുള്ള ഒരിടത്ത് പ്രണവിന് എന്ത് കാര്യം എന്നായിരുന്നു മനീഷിന്റെ മനസിലപ്പോൾ.

ടൈറ്റ് സെക്യൂരിറ്റി ഉള്ള കോമ്പൗണ്ട് ആണ് അത്. അനാവശ്യമായോ പെർമിഷനോ ഇല്ലാതെ അതിനകത്തു കയറുക എന്നത് ഏറക്കുറെ അസാധ്യമായ കാര്യം തന്നെയാണ്.

” ഇവനിവിടെന്താ കാര്യം… റോണി നീ വണ്ടി തിരിക്ക്… ഇനിയിവിടെ നിന്നിട്ടെന്താ കാര്യം.”

മനീഷ് റോണിയുടെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.

” എടാ…മനീ… ഇവിടെ സൂരജും കവിനും ചേർന്ന് ഒരു വില്ല വാങ്ങിയിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇനി അവരുടെയടുത്തേക്കെങ്ങാൻ ആന്നോടാ…. ”

” എടാ ഉള്ളതാണോ… അങ്ങനാണേ ഉറപ്പായും അവരുടെയാടുത്തോട്ടാവും… പ്രണവ് അവരുവായിട്ടൊക്കെ നല്ല കമ്പനിയാ… പിന്നെയാ സാഗറിന്റെ എന്തോ റിലേറ്റീവ് കൂടിയാണെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ”

” ആന്നോടാ… എങ്കിപ്പിന്നെ ഒന്നും നോക്കണ്ട… അവന്മാരെന്തോ പ്ലാൻ ചെയ്യണുണ്ട്… അഭിയോടൊന്ന് സൂക്ഷിക്കാമ്പറയുന്നത് നല്ലതാ… ”

ബൈക്ക് തിരിച്ചുകൊണ്ട് റോണിയത് പറയുമ്പോ മനീഷ് കാര്യമായ എന്തോ ചിന്തയിലായിരുന്നു..

“ഡാ മനീ… നീയെന്നതായീ ചിന്തിക്കണേ… ”

” എടാ ഇത് മിക്കവാറും അന്നത്തെ സംഭവത്തിന്റെ ബാക്കിയായിരിക്കാനാ സാധ്യത… അന്നത്തോടുകൂടെ കവിൻ സൈഡ് ആയെങ്കിലും അവന്റെ ബലത്തില് നടന്ന ഇവന്മാർക്കിട്ടരടിയല്ലേ കിട്ട്യേ.
ആ സംഭവത്തോടെകൂടെ കോളേജിലെ പിള്ളേർക്കിവന്മാരെ പുല്ല് വെലയാന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ… അത് തിരിച്ച് കിട്ടാനുള്ള എന്തേലും പ്ലാൻ ആയിരിക്കും. അഭിയോടിന്ന് തന്നെ ഇക്കാര്യം പറയണം.
ബാക്കിയുള്ളോരോടും പറയണം… എല്ലാരും ഒന്ന് കരുതിയിരിക്കണത് നല്ലതാ.. ”

മനീഷ് പറഞ്ഞു.

“ശെരിയാടാ…”
റോണിയും അത് ശരിവച്ചു.

അഭിക്കെതിരെ സൂരജ് നടത്തുന്ന കരുനീക്കങ്ങൾക്ക് എതിരെ കരുക്കൾ നീക്കാൻ മനീഷും റോണിയും ആ നിമിഷം തീരുമാനിച്ചു.
ശത്രുക്കൾ നിസാരക്കാരല്ല എന്ന തിരിച്ചറിവ് അവരുടെ നീക്കങ്ങളെ കൂടുതൽ മൂർച്ചയുള്ളതാക്കിക്കൊണ്ടിരുന്നു.

തുടരും