രാവണായനം [ശിവശങ്കരൻ] 54

അതുകൊണ്ട് തന്നെയാണ് സമുദ്രം നീന്തിക്കടന്നു കല്ലും മുള്ളും മലയും പുഴയും താണ്ടി യാത്ര തുടർന്നുകൊണ്ടിരിക്കുന്നത്… ലക്ഷ്യം കൈലാസം… മഹേശ്വരന്റെ കൈലാസം…

എത്രനാൾ തപസ്സു ചെയ്യേണ്ടി വരുമെന്നറിയില്ല… ഏതു വസ്തു നിവേദിക്കണമെന്ന് അറിയില്ല… ലങ്കാവാസികൾക്ക് വേണ്ടി ജീവൻ കൊടുക്കാനുള്ള മനസ്സുണ്ട്… അതുകൊണ്ടാണ് ആരെതിർത്തിട്ടും ഭാരതദേശത്തിലൂടെയുള്ള ഈ യാത്ര ഒഴിവാക്കാതിരുന്നത്…

ഭാരതം… ദൈവികമായ ഭൂമി… മഹാവിഷ്ണുവിന്റെ അവതാരപ്പിറവികൾ ഈ മണ്ണിലാണത്രേ… മാത്രമല്ല ഏതൊരു ദേവനും മനുഷ്യജന്മം പോകുമ്പോൾ തിരഞ്ഞെടുക്കുന്ന ഭൂമിയാണിത്… പിതാമഹൻ ചൊല്ലിത്തന്ന അറിവ്…

ഹേ… ഭാരതഭൂവേ… കേട്ടുകൊൾക…. നിന്റെ മാറിൽ പതിഞ്ഞിരിക്കുന്നത് ഒരു അസുരന്റെ കാലടികളാണെന്നറിയുക… നന്മയും തിന്മയും തിരിച്ചറിയാനാവാത്തവരെല്ലാം എന്നും തിന്മയുടെ പ്രതീകങ്ങളായി മാത്രം കാണുന്ന അസുരജന്മത്തിന്റെ കാലടി…

ഈ മണ്ണിലൂടെ ഞാൻ സഞ്ചരിക്കും… നിന്റെ മഹത്വം മനസ്സിലാക്കിയതുപോലെ… നിന്റെ ചരിത്രവും ജ്ഞാനവും ഞാൻ നേടും… അസുരചക്രവർത്തി എന്നതിന് പുറമെ മഹാജ്ഞാനിയാണ് ദശമുഖനെന്നു നിന്റെ മക്കൾ അറിയും…

ഞാൻ പോവുകയാണ് ജ്ഞാനത്തിന്റെ അധികാരിയായ, വിജ്ഞാനത്തിന്റെ അധിപനായ മഹാദേവന്റെ അടുത്തേക്ക്…

തിരിച്ചു വരും…
അജയ്യനായ യോദ്ധാവായി…
വിഷ്ണുവിന് ചേർന്ന എതിരാളിയായി… രാക്ഷസരാജാവായ… അസുരചക്രവർത്തിയായ…

ലങ്കാധിപതി രാവണൻ

★★★

ശിവശങ്കരൻ