രക്തരക്ഷസ്സ് 29 35

ഇര തേടിയിറങ്ങിയ പുളവനും ചേരയും പോലും തലയുയർത്തി ചീറ്റി.

പ്രകൃതിയുടെ കലി തുള്ളനിടിയിലെവിടെ നിന്നോ ഒരു പെണ്ണിന്റെ തേങ്ങലുയർന്നു.

ദേവദത്തൻ പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു.
പിന്നിൽ എന്തൊക്കെയോ അപശബ്ദങ്ങൾ ഉയരുന്നത് അയാളറിഞ്ഞു.

മംഗലത്തേക്കുള്ള പാടവരമ്പിൽ കയറിയതും തന്നെ ആരോ പിന്തുടരുന്നത് പോലെ ദേവന് തോന്നി.

അയാൾ നടപ്പിന്റെ വേഗത കുറച്ചു. തിരിഞ്ഞു നോക്കാൻ മനസ്സ് വെമ്പിയെങ്കിലും സ്വയം നിയന്ത്രിച്ചു.

രുദ്ര ശങ്കരന്റെ വാക്കുകൾ ചെവിയിൽ നിറഞ്ഞു നിൽക്കുന്നു.

എന്തൊക്കെ സംഭവിച്ചാലും പിന്തിരിഞ്ഞു നോക്കരുത്.അവൾ പല മായയും കാണിക്കും ഭയക്കരുത്. ദേവി തുണയുണ്ട്.

ഇല്ലാ പിന്തിരിഞ്ഞു നോക്കില്ല. എനിക്കൊന്നും സംഭവിക്കില്ല. ദേവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് മുൻപോട്ട് നീങ്ങി.

പക്ഷേ പിടിച്ചു നിർത്തിയ പോലെ അയാളുടെ കാലുകൾ നിശ്ചലമായി.കണ്ണുകൾ ചുരുങ്ങി.ചെന്നിയിലൂടെ വിയർപ്പ് ഒഴുകിയിറങ്ങി.

മങ്ങിയ ചന്ദ്ര പ്രഭയിൽ അടുത്ത കണ്ടത്തിലെ(കൊയ്ത്ത് കഴിഞ്ഞ പാടം)തെളി നീരിൽ ദേവനാ കാഴ്ച്ച കണ്ടു.

അഴിച്ചിട്ട മുടിയും നീണ്ട് കൂർത്ത നഖങ്ങളും തന്നെക്കാൾ ഉയരവുമുള്ള ഒരു രൂപം തന്റെ പിന്നിൽ നിൽക്കുന്നു.അതേ ഇതവൾ തന്നെ ശ്രീപാർവ്വതിയെന്ന രക്തരക്ഷസ്സ്.

തനിക്ക് ചുറ്റും ചെമ്പകത്തിന്റെ മാദക ഗന്ധം പരക്കുന്നത് അവനറിഞ്ഞു.

നാസികയെ കുത്തിത്തുളച്ച് കയറിയ ചെമ്പകപ്പൂ സുഗന്ധം ക്രമേണ രൂക്ഷ രക്തത്തിന്റെ ഗന്ധമായി മാറി.

ആ രൂപം തന്റെയരികിലേക്ക് അടുക്കുന്നത് ദേവനറിഞ്ഞു. മുൻപോട്ട് ഓടണമെന്നുണ്ട് പക്ഷേ സാധിക്കുന്നില്ല കാലുകൾ ചലിക്കുന്നില്ല.ശരീരം തളരുന്നു.

ഒരു വിളിപ്പാടകലെ വള്ളക്കടത്ത് ക്ഷേത്രം ഇരുട്ടിൽ മുങ്ങി നിൽക്കുന്നു.

നാളെ പുലർച്ചെ നടക്കുന്ന പുനഃപ്രതിഷ്ഠ തൊഴാൻ എനിക്ക് സാധിക്കില്ലേ ദേവീ.

ന്നെ കൈവിടല്ലേ അമ്മേ. രക്ഷിക്കണേ.അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ഇല്ലാ അവൾ കൂടുതൽ അടുത്തെത്തിക്കഴിഞ്ഞു.ഇനി രക്ഷയില്ല.

എല്ലാം ഇന്നിവിടെ അവസാനിക്കുന്നു. തന്റെ ജീവിതം ഇവിടെ തീരുകയാണ്.

ഓർമ്മ വച്ച കാലം മുതൽ തന്നെ കൂടെ നിർത്തിയ ശങ്കര നാരായണ തന്ത്രി,ഉണ്ണിത്തമ്പുരാൻ,കാളകെട്ടി ഇല്ലം എല്ലാം തനിക്ക് നഷ്ടമാവുന്നു.ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തുടരും