രക്തരക്ഷസ്സ് 29 35

നെയ്യ് മുക്കിയ പന്തത്തിലേക്ക് ഹോമകുണ്ഡത്തിലെ അഗ്നി പകർന്ന് രുദ്രൻ അയാൾക്ക്‌ കൈമാറി.കൂടെ ഒരു പിടി അരളിപ്പൂവും കുങ്കുമവും.

എല്ലാം ഭക്ത്യാദര പൂർവ്വം കൈയ്യേറ്റ ദേവദത്തൻ ഹോമകുണ്ഡത്തിന് മൂന്ന് വലം വച്ച് നേരെ കിഴക്കോട്ട് നടന്നു.

സമയം അല്പം പോലും നഷ്ട്ടപ്പെടുത്താതെ ദുർഗ്ഗാ പ്രീതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ചുവന്ന പുഷ്പം കൈയ്യിലെടുത്ത് രുദ്ര ശങ്കരൻ ദുർഗ്ഗാ ദേവിയെ ധ്യാനിച്ച് മന്ത്രം ചൊല്ലി.

” ഓം ദുർഗ്ഗായ നമഃ
ഓം സിംഹവാഹിനീ നമഃ
ഓം മഹിഷാസുര മർദ്ധിനീ നമഃ “.

പുഷ്പം അഗ്നിയിലേക്ക് അർപ്പിച്ചതും എവിടെ നിന്നോ ഒരു പെൺ കുട്ടിയുടെ കരച്ചിൽ ഉയർന്നു.

ആരുടേയും മനസ്സിൽ സഹതാപം സൃഷ്ടിക്കും പോലെ ഒരു തേങ്ങൽ. ഒരു നിമിഷം തന്റെ പരികാർമ്മികൻമാരുടെ ശ്രദ്ധ തെറ്റുന്നത് രുദ്രനറിഞ്ഞു.

ഹേ.ശ്രദ്ധ മാറരുത്.ഞാൻ പറഞ്ഞിരുന്നുവല്ലോ ഇതെല്ലാം അവളുടെ മായയാണ്.

കണ്ണ് തുറക്കരുത്.മന്ത്രത്തിൽ മാത്രം ശ്രദ്ധിക്കുക.ചുറ്റും നോക്കരുത്.രുദ്ര ശങ്കരൻ ശബ്ദം കടുപ്പിച്ചു.

ഓം ശത്രു സംഹാരകേ നമഃ അയാൾ ഒരുപിടി പുഷ്പവും എള്ളും കുങ്കുമവും കൂടി അഗ്നിയിലേക്ക് അർപ്പിച്ചു.

പൊടുന്നനെ കുഞ്ഞിന്റെ കരച്ചിൽ നേർത്ത് നേർത്ത് ഇല്ലാതായി.
പക്ഷേ അടുത്ത ഉരു മന്ത്രം ചൊല്ലാൻ തുടങ്ങുമ്പോഴേക്കും രുദ്ര ശങ്കരന് ശബ്ദം കിട്ടിയില്ല.

നാവ് കുഴയും പോലെ,ശരീത്തിൽ വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. അയാൾ അവിശ്വസനീയതയോടെ തല താഴ്ത്തി.

അയാളുടെ ഉദരം ക്രമാതീതമായി വീർത്ത് തുടങ്ങിയിരുന്നു.പുറത്ത് ശ്രീപാർവ്വതി പൊട്ടിച്ചിരിക്കുന്നത് രുദ്രൻ മനക്കണ്ണിൽ കണ്ടു.

അതേ സമയം ദേവദത്തൻ ശ്രീപാർവ്വതിയെ ആദ്യം ബന്ധിച്ചിരുന്ന ചെമ്പകത്തിന്റെ ചുവട്ടിൽ എത്തിയിരുന്നു.

എങ്ങും കനത്ത നിശബ്ദത. കറുത്തിരുണ്ട മാനത്ത് ചന്ദ്രിക ഒളികണ്ണിട്ട് നോക്കുന്നു.മങ്ങിയ നിലാവ് പതിക്കുന്നുണ്ട്.

ദേവദത്തൻ ദേവിയെ സ്മരിച്ചു കൊണ്ട് ചെമ്പകത്തിന് ഒരു വലം വച്ചു,ശേഷം കൈയ്യിൽ കരുതിയിരുന്ന അരളിയും കുങ്കുമവും അതിന്റെ ചുവട്ടിൽ നിക്ഷേപിച്ച് ഒരിക്കൽ കൂടി വലം വച്ചു.

പെട്ടെന്നു ഇരുണ്ട് നിന്ന മാനത്ത് നിന്നും കൂരിരുട്ടിലെ നിശബ്ദതയുടെ കോട്ടച്ചുവരുകളെ തകർത്തുകൊണ്ട് മേഘങ്ങൾ ഗർജ്ജിച്ചു.

കുറുനരികൾ കൂട്ടമായി ഓരിയിട്ടു മരങ്ങളുടെ കൂറ്റൻ ശിഖരങ്ങൾ ഒടിഞ്ഞു വീണു.