ശ്രീപാർവ്വതീ ഈ സ്വീകരണം എനിക്കൊരുപാട് ഇഷ്ട്ടമായിരിക്കുന്നു.ഇത്തരം വിനോദങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് പടിപ്പുര തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
കൃഷ്ണ മേനോൻ ആവാഹനപ്പുരയിൽ തന്നെയുണ്ടായിരുന്നു.
അയാൾക്കുണ്ടായ അനുഭവങ്ങൾ വള്ളിപുള്ളി വിടാതെ ദേവദത്തൻ രുദ്രനെ ധരിപ്പിച്ചു.
പരീക്ഷങ്ങൾ ഇനിയുമുണ്ടാകും. പ്രതികാരദാഹിയായ ആത്മാവ് ലക്ഷ്യം പൂർത്തീകരിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും.
മേനോന്റെ ഭയം വർദ്ധിച്ചു കൊണ്ടിരുന്നു.അയാൾ രുദ്രന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു.
ഹേ.മേനോൻ അദ്ദേഹം ന്താ ഇത്. ഞാൻ കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം.
കാളകെട്ടിയിലെ മാന്ത്രികർ വാക് പിഴ കാണിക്കില്ല.നിങ്ങളെ അവളുടെ കൈയ്യിൽ നിന്നും ഞാൻ രക്ഷിച്ചിരിക്കും.
രുദ്ര ശങ്കരൻ ദേവദത്തനെ കണ്ണ് കാണിച്ചു.അയാൾ കൃഷ്ണ മേനോനെ ആശ്വസിപ്പിച്ച് മാറ്റി നിർത്തി.
നമുക്ക് സമയം പരിമിതമാണ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക.
നിമിഷങ്ങൾക്കുള്ളിൽ ഏവരും പൂജയ്ക്ക് തയ്യാറെടുത്തു. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിച്ചു.
വായുവിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധമുയർന്നു.
ആദ്യം ഗണപതി ഹോമം.രുദ്രന്റെ ഗാംഭീര്യ സ്വരമുയർന്നു.നാല് വശത്തും നിരത്തിയ ആവണിപ്പലകകളിൽ ആസനസ്ഥരായ ശാന്തിക്കാർ ഗണപതി ഹോമത്തിന് തുടക്കം കുറിച്ചു.
അതേ സമയം മറ്റൊരു ശരീരത്തിലും കടക്കാൻ സാധിക്കാതെ ശ്രീപാർവ്വതി മംഗലത്ത് തറവാടിന് പുറത്ത് കൂടി അലഞ്ഞു.
കൃഷ്ണ മേനോനെ കൊല്ലാൻ സാധിക്കാതെ മടങ്ങാൻ അവൾ ഒരുക്കമായിരുന്നില്ല.
അകത്ത് നടക്കുന്ന ഹോമത്തിന്റെ മന്ത്ര ധ്വനികൾ അവൾക്ക് അസഹ്യമായിത്തുടങ്ങി.
യാതൊരു വിധ തടസ്സങ്ങളും കൂടാതെ ഗണപതി ഹോമം പൂർത്തിയായി.
കൃഷ്ണ മേനോന്റെ മനസ്സിലെ ഭയം പതിയെ നീങ്ങിത്തുടങ്ങി.
രുദ്ര ശങ്കരൻ ദേവദത്തനെ അടുത്ത് വിളിച്ച് ചെവിയിൽ എന്തോ മന്ത്രിച്ചു. അയാൾ ശ്രദ്ധയോടെ എല്ലാം കേട്ട് മനസ്സിലാക്കി.