രക്തരക്ഷസ്സ് 29 35

“ഓം ഹ്രീം കാലഭൈരവ
സ്തംഭന സ്തംഭന സർവ്വ ശത്രു ക്രിയാ സ്തംഭന സ്വാഹ”

സ്തംഭന മന്ത്രം ചൊല്ലിക്കൊണ്ട് രുദ്ര ശങ്കരൻ കൈയ്യിലിരുന്ന രുദ്രാക്ഷ മാല പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഇരു വണ്ടികളെയും തകർത്ത് തരിപ്പണമാക്കാൻ കുതിച്ചു വന്ന കൂറ്റൻ അരയാൽ അന്തരീക്ഷത്തിൽ സ്തംഭിച്ചു നിന്ന ശേഷം ഉഗ്ര ശബ്ദത്തോടെ പൊട്ടിച്ചിതറി.

രുദ്രന്റെ മുഖത്ത് ചെറു ചിരി വിടർന്നു.ആരും ഭയക്കേണ്ടാ. ഇതൊക്കെ അവളുടെ ഓരോ കുസൃതികൾ മാത്രം.അയാൾ അനുയായികളെ ആശ്വസിപ്പിച്ചു.

മ്മ് വണ്ടിയെടുക്കൂ.രുദ്രന്റെ ആജ്ഞ ലഭിച്ചതും ഡ്രൈവർ ഗിയർ മാറ്റി,എടുത്തെറിഞ്ഞത് പോലെ കാർ മുൻപോട്ട് കുതിച്ചു.

പുറത്ത് മഴ ആർത്തലയ്ക്കുകയാണ്.
ഗണപതി ഹോമം,ദുർഗ്ഗാ പ്രീതി, ഭഗവതി സേവ എന്നിവയാണ് ആദ്യം.ആ സമയത്തിനുള്ളിൽ നിങ്ങൾ മറ്റ് ചില കാര്യങ്ങൾ ചെയ്യണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അവൾ ഏത് വിധത്തിലും ഹോമം മുടക്കാൻ ശ്രമിക്കും ജാഗ്രത വേണം.

അഭിമന്യു,ലക്ഷ്മി,അമ്മാളു ഈ മൂന്ന് പേരിലും നല്ല ശ്രദ്ധ ചെലുത്തുക.മന്ത്രക്കളത്തിൽ മേനോൻ മാത്രം മതി.

രുദ്രൻ അനുയായികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.പെട്ടെന്ന് ഒരു കുലുക്കത്തോടെ വണ്ടി നിന്നു.

മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുന്നു.രുദ്ര ശങ്കരൻ ഗ്ലാസ് താഴ്ത്തി,മംഗലത്ത് എന്ന പേര് അയാളുടെ കണ്ണിലുടക്കി.

അമ്മേ കാത്ത് കൊള്ളണേ. അയാൾ അൽപ സമയം കണ്ണടച്ച് പ്രാർത്ഥിച്ചു.പരികർമ്മികൾ പുറത്തേക്ക് ഇറങ്ങി.

പിന്നിലെ കാറിൽ നിന്നും സഹായികളും ഇറങ്ങിക്കഴിഞ്ഞു.

ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷമാണ് രുദ്ര ശങ്കരൻ ഡോർ തുറന്ന് പുറത്തേക്ക് കാൽ നീട്ടിയത്.

അയാളുടെ കാൽ മണ്ണിൽ തൊട്ടതും ശാന്തമായ കാറ്റ് വീണ്ടും ആഞ്ഞടിക്കാൻ തുടങ്ങി.

ഭൂമി വിണ്ടു കീറി.അവിടെ നിന്നും രക്തം തിളച്ച് മറിഞ്ഞു.തനിക്ക് മുൻപിൽ മംഗലത്ത് തറവാട് വട്ടം ചുറ്റുന്നത് പോലെ തോന്നി രുദ്രന്.

കൈയ്യിൽ കരുതിയിരുന്ന വെള്ളി കെട്ടിയ ചൂരൽ അയാൾ മണ്ണിലേക്ക് കുത്തിയിറക്കി. നിമിഷങ്ങൾക്കുള്ളിൽ എല്ലാം പൂർവ്വസ്ഥിതിയിലായി.

പകച്ച് നിൽക്കുന്ന പരികർമ്മികളെയും സഹായികളെയും നോക്കി അയാൾ കണ്ണിറുക്കി.