രക്തരക്ഷസ്സ് 29 35

ദേവ ഗണിതാവായ സുബ്രഹ്മണ്യ സ്വാമിയെ മനസ്സാ സ്മരിച്ച് വാമദേവൻ തന്ത്രി സമയം നോക്കി. ഉദയത്തിന് ശേഷം അരമണിക്കൂർ വിട്ട് 6.20 മുതൽ 11.30 വരെ ഉത്തമം.

മതി,അത് മതി.അപ്പോൾ ഇന്ന് രാത്രിയോടെ പൂജകൾ ആരംഭിക്കാം.

നാളെ പ്രതിഷ്ഠ കഴിച്ച് സഹസ്ര കലശാഭിഷേകം കഴിയുമ്പോൾ ആവാഹനം പൂർത്തിയാവും.

ദേവേട്ടാ മംഗലത്തേക്ക് തിരിച്ചോളൂ.പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അവൾ ഏത് വിധത്തിലും പൂജ മുടക്കാനും ആ മേനോനെ കൊല്ലാനും നോക്കും.കരുതൽ വേണം.

എല്ലാം ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കിയ ദേവദത്തൻ ഏവരുടെയും അനുഗ്രഹം വാങ്ങി മംഗലത്തേക്ക് തിരിച്ചു.

ശ്രീപാർവ്വതിയിൽ നിന്നും രക്ഷനേടി തറവാട്ടിൽ എത്തിയതും മേനോൻ തന്റെ രക്ഷയെടുത്ത് ധരിച്ചു.

അയാൾക്ക് അപ്പോഴും ശ്വാസം നേരെ വീണിരുന്നില്ല. നടന്നതൊക്കെ ഒരു ദു:സ്വപ്‍നം പോലെ അയാളെ അലട്ടിക്കൊണ്ടിരുന്നു.

പനിയുടെ പ്രാരംഭ ലക്ഷണങ്ങളോടെ പൂമുഖത്തെ ചാരുകസേരയിൽ വിശ്രമിക്കുമ്പോഴാണ് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്.

ദേവനെ കണ്ടതും മേനോന്റെ ഉള്ള് കിടുങ്ങി.ശ്രീപാർവ്വതി വീണ്ടും വന്നതാണോ എന്ന ഭയം അയാളെ ബാധിച്ചു.

പക്ഷേ ദേവദത്തനോടൊപ്പം കടന്ന് വന്ന വെളിച്ചപ്പാടിനേയും നാട്ടുകാരായ ചിലരെയും കണ്ടപ്പോഴാണ് മേനോന്റെ സംശയം മാറിയത്.

ആഗമനോദ്ദേശം അറിയിച്ചതിന് ശേഷം ദേവദത്തൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങാൻ കൂടെ വന്നവർക്ക് നിർദ്ദേശങ്ങൾ നൽകി.

ആവാഹനക്കളം തീർത്ത് ചാണകമടിച്ചു.പച്ചോല വെട്ടി പന്തലൊരുക്കി.

ഒരീച്ച പോലും കടക്കാത്ത രീതിയിൽ ആവാഹനക്കളം ചുറ്റും ബന്ധിച്ചു.

ഹോമകുണ്ഡവും വിളക്കുകളും ഒരുക്കി.എല്ലാം പൂർത്തിയായപ്പോഴേക്കും സൂര്യൻ പടിഞ്ഞാറ് ചായാൻ തുടങ്ങിയിരുന്നു.

പുറത്തെ ഒരുക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് അഭിമന്യു റൂമിൽത്തന്നെയിരുന്നു.

കാളകെട്ടിയിൽ നിന്നും മേനോന്റെ പൂർവ്വ കാലം അറിഞ്ഞതിന് ശേഷം അവൻ അയാളിൽ നിന്നും അല്പം അകലം പാലിച്ചു തുടങ്ങിയിരിക്കുന്നു.

ക്ഷേത്രത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഏവരും മടങ്ങി.