രക്തരക്ഷസ്സ് 29 35

നീ മരിച്ചവളാണ്.രുദ്ര ശങ്കരൻ നിനക്ക് മോക്ഷം നൽകും.

വേണ്ടാ.നിങ്ങളുടെ സാരോപദേശം കേൾക്കാനല്ല ഞാൻ വന്നത്. ഇനിയുമെന്റെ ലക്ഷ്യം തടയാൻ നിൽക്കരുത്.

അവനെ കൊന്നിട്ട് ഞാൻ പൊയ്ക്കോളാം.അതല്ല എന്നെ ബലമായി ബന്ധിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സർവ്വവും നശിപ്പിച്ചേ ഞാൻ പോകൂ.

അത്രയും പറഞ്ഞവസാനിപ്പിച്ചതും അവളൊരു കൊടുങ്കാറ്റ് പോലെ അവിടെ നിന്നും മറഞ്ഞു.
**********************************
ശ്രീകോവിലിൽ നിന്നും പഴയ വിഗ്രഹം ഇളക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് സന്തോഷം അലതല്ലുകയായിരുന്നു.

അപ്പോഴേക്കും രുദ്ര ശങ്കരനും വസുദേവ ഭട്ടതിരിയും കൂടി കുളത്തിൽ നിന്നും ആദിപരാശക്തിയുടെ വിഗ്രഹം വീണ്ടെടുത്ത് താൽക്കാലികമായി നിർമ്മിച്ച കളത്തറയിൽ ഇരുത്തി.

അപ്പോ ഇന്ന് രാത്രിയോടെ ആവാഹനം ആരംഭിക്കാം ല്ല്യേ ഉണ്ണീ.

ശങ്കര നാരായണ തന്ത്രികൾ മുഖത്തെ വിയർപ്പ് തുടച്ച് കൊണ്ട് രുദ്രനെ നോക്കി.

അതായിരുന്നു ന്റെയും കണക്ക് കൂട്ടൽ,പക്ഷേ.രുദ്രന്റെ മുഖത്തെ ചിന്താഭാവം എല്ലാവരുടെയും നെറ്റി ചുളിച്ചു.

ന്താ പ്പോ ഒരു പക്ഷേ.ശങ്കര നാരായണ തന്ത്രികൾ മകനെ നോക്കി.

ഒരു തടസ്സമുണ്ട്.പുതുവിഗ്രഹം പ്രതിഷ്ഠ കഴിക്കണമെങ്കിൽ സമയം കുറിക്കണം.

അപ്പോഴാണ് എല്ലാവരും അതിനെക്കുറിച്ച് ഓർത്തത്. രാശിയിൽ തെളിയുന്ന സമയം ദിനങ്ങൾ നീണ്ട് പോയാൽ രക്ഷസ്സ് ശക്തി പ്രാപിക്കും.പിന്നെ ബന്ധിക്കുക പ്രയാസം.

ആശങ്കകൾക്ക് അറുതി വരുത്താൻ വാമദേവൻ തന്ത്രി രാശിപ്പലകയിലേക്ക് കവുടി നിരത്തി.

എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.

കൂട്ടിയും ഗുണിച്ചും മാറിമറിഞ്ഞ കവുടികൾ ഒടുവിൽ മേടത്തിൽ നിന്നു.

മേടം രാശിയാണ് കിട്ടിയത്. ഇതിപ്പോ മീനം ആയിട്ടല്ലേ ഉള്ളൂ.വാമദേവൻ തന്ത്രിയുടെ വാക്കുകളിൽ നിരാശ നിഴലിച്ചു.

ഇല്ല്യാ.കണക്ക് പ്രകാരം ഇന്ന് അർദ്ധ രാത്രിയോടെ രാശി മാറും.ആദിത്യൻ മീന രാശിയിൽ നിന്നും മേടത്തിലേക്ക് മാറും.

നാളെ മേടം ഒന്ന്.മേടത്തിലെ പ്രതിഷ്ഠ ഉത്തമമെങ്കിൽ സമയം കുറിക്കൂ.രുദ്രന്റെ വാക്കുകൾ എല്ലാവർക്കും പുതുജീവൻ നൽകി.