രക്തരക്ഷസ്സ് 29 35

ആർക്കുമെന്നെ തടയാൻ സാധിക്കില്ല,ആർക്കും. അവൾ പൊട്ടിച്ചിരിച്ചു.

ഹേ.മതി നിന്റെ അട്ടഹാസം. നിന്റെയീ ഭീഷണിയൊന്നും എന്നോട് വേണ്ട.ദേഹം നശിച്ച ദേഹിക്ക് ഇഹത്തിൽ സ്ഥാനമില്ല.

ആരുടേയും ജീവനെടുക്കാൻ നിനക്ക് അവകാശമില്ല.മരണ സമയം അടുക്കുമ്പോൾ ആ കാശിനാഥൻ വിധിക്കും പോലെയേ ഏതൊരാളുടെയും ജീവൻ പോകൂ.

അയാൾ തെറ്റ് ചെയ്തു എന്നത് ശരി,പക്ഷേ ഇയാളെ കൊല്ലാൻ നിനക്കവകാശമില്ല.

അധികാരവും. പൊയ്ക്കോളൂ. ഇല്ലെങ്കിൽ ഭസ്മമാക്കിക്കളയും. മ്മ്മ് പോകാൻ.

ആ അഘോരിയുടെ ആജ്ഞാസ്വരത്തിൽ കാട് പോലും നടുങ്ങി.

പ്രതികാരം പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ ഇച്ഛാഭംഗത്തോടെ അവൾ അവിടെ നിന്നും മറഞ്ഞു.

ശ്രീപാർവ്വതി പോയി എന്ന് ഉറപ്പായതും കൃഷ്ണ മേനോൻ സിദ്ധവേദ പരമേശിന്റെ കാൽക്കൽ വീണു.

അങ്ങ് കൃത്യ സമയത്ത് വന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു. നന്ദിയുണ്ട് ഒരുപാട്.

മേനോന്റെ നന്ദി പ്രകടനങ്ങൾ ആ സന്യാസിവര്യനിൽ യാതൊരു വിധ മാറ്റവും സൃഷ്ടിച്ചില്ല.

തിരികെ തറവാട്ടിൽ പ്രവേശിക്കും വരെ ശ്രീപാർവ്വതിയിൽ നിന്നും രക്ഷ നേടാൻ ഒരു ഉപായം പറഞ്ഞു കൊടുത്ത് സിദ്ധവേദ പരമേശ്‌ തിരിച്ചു നടന്നു.

പാതിവഴിയെത്തിയതും അയാൾ തിരിഞ്ഞു നിന്നു.തന്നെ ആരോ പിന്തുടരുന്നു.

ചുറ്റുമൊന്ന് കണ്ണോടിച്ചെങ്കിലും പരിസരത്ത് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

വീണ്ടും മുൻപോട്ട് നടക്കാനാഞ്ഞതും മാർഗ്ഗ തടസ്സമായി ഒരു കരിമ്പൂച്ച പ്രത്യക്ഷപ്പെട്ടു.

ഹ ഹ,ശ്രീപാർവ്വതീ ഞാനിത് പ്രതീക്ഷിച്ചിരുന്നു.എന്തിനാണ് ഈ മായാ വേഷം നേരിൽ വാ.

പെട്ടന്ന് പൂച്ചയുടെ രൂപം വെടിഞ്ഞ് ശ്രീപാർവ്വതി അയാൾക്ക്‌ മുൻപിൽ പ്രത്യക്ഷയായി.

കാലുകൾ നിലത്ത് സ്പർശിക്കാതെ അന്തരീക്ഷത്തിൽ ഉയർന്ന് നിന്ന അവൾ അയാളെ തുറിച്ചു നോക്കി.

തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ വിഷമവും അതിന് വിഘ്‌നം വരുത്തിയ തന്നോടുള്ള ദേഷ്യവും അവളുടെ മുഖത്തയാൾ തെളിഞ്ഞു കണ്ടു.

ന്റെ ലക്ഷ്യം തകർത്ത് ആ ദുഷ്ടനെ രക്ഷിച്ചിട്ട് എന്ത് നേടി. അവൾ പകയോടെ അയാൾക്ക്‌ നേരെ ചീറി.

ഞാൻ നിന്നോട് പറഞ്ഞുവല്ലോ. അയാളെ കൊല്ലാൻ നിനക്കവകാശമില്ല.