രക്തരക്ഷസ്സ് 25 32

പെട്ടെന്ന് നറു നിലാവ് പൊഴിച്ചു നിന്ന പൂർണ്ണ ചന്ദ്രൻ മേഘപാളികളിൽ മുഖമൊളിപ്പിച്ചു.

മരണത്തിന്റെ സംഗീതം പോലെ എവിടെ നിന്നോ നായ്ക്കൾ കൂട്ടമായി ഓരിയിടാൻ തുടങ്ങി.

രാത്രി സഞ്ചാരിയായ ഒരു വലിയ മൂങ്ങ മുറിയിലെ കഴുക്കോലിന്റെ മുകളിൽ ഇരിപ്പുറപ്പിച്ചു.

അതിന്റെ വലിയ മഞ്ഞക്കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കമുണ്ടെന്ന് മേനോന് തോന്നി.

ഭയം തന്നെ വരിഞ്ഞു മുറുക്കുന്നത് മേനോനറിഞ്ഞു.അയാൾ പതിയെ അഭിയുടെ തോളിൽ കൈ വച്ചു.

അവൻ പതിയെ അയാൾക്ക്‌ നേരെ തിരിഞ്ഞതും മേനോൻ ഞെട്ടി വിറച്ചു കൊണ്ട് പിന്നോട്ട് മാറി.

കണ്ണ് ചിമ്മിക്കൊണ്ട് കൃഷ്ണ മേനോൻ ഒന്ന് കൂടി അഭിയെ നോക്കി.

അവന്റെ മുഖം പൊട്ടി ചോരയൊലിക്കുന്നു കടവായുടെ വശങ്ങളിൽക്കൂടി രണ്ട് കോമ്പല്ലുകൾ വളർന്ന് നിൽക്കുന്നു.

പതിയെ അഭിയുടെ രൂപം ശ്രീപാർവ്വതിയുടേതാവുന്നത് കണ്ട് മേനോന്റെ തൊണ്ട വരണ്ടു.

കഴുക്കോലിൽ സ്ഥാനമുറപ്പിച്ച മൂങ്ങ മേനോനെ തന്നെ നോക്കിയിരുന്നു.മേനോൻ പതിയെ പിന്നോട്ട് നീങ്ങി ചുവരിൽ ഇടിച്ചു നിന്നു.

കൺമുൻപിൽ കാണുന്നത് സത്യമാവല്ലേ എന്ന് അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ഭയത്തിന്റെ കാഠിന്യത്തിൽ തൊണ്ട വരണ്ട കൃഷ്ണ മേനോൻ മേശയിൽ വച്ചിരുന്ന കൂജയെടുത്ത്‌ വായിലേക്ക് കമഴ്ത്തി.

വായിൽ നിറഞ്ഞ വെള്ളത്തിന് രക്തത്തിന്റെ ചുവ അനുഭവപ്പെട്ടതും അയാളത് നീട്ടി തുപ്പി.

കൈയ്യിൽനിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി.
തുടരും