മ്മ്മ്.അപ്പോൾ നാം വിചാരിച്ചത് പോലെ തന്നെ.അവൾ സൂത്രത്തിൽ അവിടെ കയറിക്കൂടിയിരിക്കുന്നു. വസുദേവൻ ഭട്ടതിരിയുടെ സ്വരം കടുത്തു.
കതകിലാരോ മുട്ടുന്നത് കേട്ട് മേനോൻ ഞെട്ടിയുണർന്ന് ചെവിയോർത്തു.തോന്നിയാതാവും എന്ന് കരുതി വീണ്ടും കണ്ണടച്ചതും മുട്ടൽ ശബ്ദം വീണ്ടും കേട്ടു.
അടുത്ത നിമിഷം ചുവരിലെ ക്ലോക്ക് മണി പന്ത്രണ്ട് അടിച്ചു.മേനോന്റെ ഉള്ളിൽ ചെറിയ തോതിൽ ഭയം ഉരുണ്ട് കൂടാൻ തുടങ്ങി.
കഴുത്തിൽ രക്ഷയുണ്ട് എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിക്കൊണ്ട് അയാൾ പതിയെ വാതിലിനടുത്തേക്ക് നടന്നു.
വിറയ്ക്കുന്ന കൈകളോടെ അയാൾ കതകിന്റെ കുറ്റി മാറ്റി.ചെറിയൊരു ഞരക്കത്തോടെ വാതിൽ തുറന്നു.
പുറത്ത് അഭിമന്യു നിൽക്കുന്നത് കണ്ടപ്പോഴാണ് മേനോന് ശ്വാസം നേരെ വീണത്.
ന്തേ ഉണ്ണീ,ഈ അസമയത്ത്.ഉണ്ണി ഉറങ്ങിയില്ല്യേ.മേനോൻ മുഖത്ത് ഉരുണ്ട് കൂടിയ വിയർപ്പ് തുടച്ചു കൊണ്ട് അഭിയെ നോക്കി.
കിടന്നിട്ട് ഉറക്കം വന്നില്ല്യ.നിക്ക് ചില കാര്യങ്ങൾ അറിയണം.അഭി അയാളുടെ മുഖത്ത് നോക്കാതെ അകത്തേക്ക് കടന്നു.
ഇവനിത് എന്ത് പറ്റി.മേനോൻ പിറുപിറുത്ത് കൊണ്ട് തിരിഞ്ഞു.
ന്താ ഇപ്പോ അതിനും മാത്രം വല്ല്യ കാര്യം.നമുക്ക് നാളെ സംസാരിച്ചാൽ പോരെ.അയാൾ അൽപ്പം ഈർഷയോടെ അഭിയെ നോക്കി.
പോരാ.പെട്ടെന്ന് അഭി വെട്ടിത്തിരിഞ്ഞു.അവന്റെ മുഖഭാവം കണ്ട് കൃഷ്ണ മേനോൻ അമ്പരന്നു.
അയാൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.മ്മ്മ്.ന്താ അറിയേണ്ടത് ചോദിക്ക്.
എനിക്ക് അറിയേണ്ടത് ശ്രീപാർവ്വതിയെക്കുറിച്ചാ.അഭി ശ്രീപാർവ്വതി എന്ന് പറഞ്ഞതും മേനോൻ നടുങ്ങി വിറച്ചു.
അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ അഭി അടുത്ത ചോദ്യം ഉന്നയിച്ചു. അവളെ എന്തിനാ കൊന്നത്.
കൊല്ലല്ലേ എന്ന് അവൾ കരഞ്ഞിട്ടുണ്ടാവും ല്ല്യേ.എന്നിട്ടും കൊന്നു.തെറ്റല്ലേ ചെയ്തത്. അവന്റെ സ്വരം മാറി വരുന്നത് മേനോൻ ശ്രദ്ധിച്ചു.
പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അഭിയുടെ മുഖം വ്യക്തമല്ല.
പക്ഷേ അത് തന്റെ കൊച്ചു മകൻ തന്നെയാണോ എന്ന സംശയം മേനോന്റെയുള്ളിൽ ഉടലെടുത്തു.