എട്ട് ദിക്കും നടുങ്ങുന്ന പോലെ വലിയ ശബ്ദത്തോടെയുള്ള ഇടിമുഴക്കം അവിടേക്ക് കടന്നു വന്നു.തൊട്ട് പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലും
കാറ്റിന്റെ ശക്തികൂടി,ചുറ്റും കൊഴിഞ്ഞുവീണ കരികിലകൾ വായുവിൽ ഉയർന്ന് പൊങ്ങി.
ചടുല താളത്തിൽ വട്ടം ചുറ്റുന്ന കരികിലകൾക്കിടയിലൂടെ തന്റെ അരികിലേക്ക് ഒരു സ്ത്രീ രൂപം നടന്നടുക്കുന്നത് കുമാരൻ ഭയത്തോടെ നോക്കി.
അടുത്ത് വന്ന രൂപത്തിന് ശ്രീപാർവ്വതിയുടെ രൂപമാണെന്ന് തിരിച്ചറിഞ്ഞതും തന്റെ മരണം ആസന്നമായെന്ന് അയാൾക്ക് ഉറപ്പായി.
ഭയത്തിന്റെ കരങ്ങളിൽപ്പെട്ട് വിറച്ചു വിറങ്ങലിച്ച് കിടക്കുന്ന കുമാരനെ നോക്കി ശ്രീപാർവ്വതി ആർത്തട്ടഹസിച്ചു.
ശക്തമായ കാറ്റിൽ അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകൾ പാറിപ്പറന്നു.അവൾ കുമാരന്റെ അരികിലേക്ക് വായുവിലൂടെ ഒഴുകി അടുത്തു.
ന്നെ ഒന്നും ചെയ്യല്ലേ.അയാൾ കൈകൾ കൂപ്പി അവൾക്ക് മുൻപിൽ യാചിച്ചു.
“ഹ ഹ ഹ …” ന്താ തനിക്ക് ഭയം തോന്നുന്നുണ്ടോ.ജീവിക്കാൻ കൊതി ണ്ട് ല്ല്യേ.
പണ്ടൊരിക്കൽ ഞാനും ഇത് പോലെകരഞ്ഞു പറഞ്ഞിരുന്നില്ല്യേ. അന്നെന്റെ കരച്ചിൽ കണ്ട് രസിച്ചില്ല്യേ.
രോക്ഷം കൊണ്ട് അവളുടെ ഇരുകണ്ണുകളിൽ നിന്നും ചുടുനിണമൊഴുകാൻ തുടങ്ങി.
അവൾ കൈനീട്ടി കുമാരനെ കടന്ന് പിടിച്ച് വലിച്ചെറിഞ്ഞു.ഒരാർത്ത നാദത്തോടെ അയാൾ ക്ഷേത്രത്തിലെ ബലിക്കല്ലിൽ തലയടിച്ചു വീണു.
നിലത്ത് വീണ അയാൾ പതിയെ നിരങ്ങി എഴുന്നേറ്റതും ശ്രീപാർവ്വതിയുടെ കൂർത്ത നഖങ്ങൾ അയാളുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.
ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.
ശക്തമായ കാറ്റിൽ ഉറഞ്ഞു തുള്ളുന്ന മരങ്ങൾക്കിടയിലൂടെ കടന്ന് വന്ന കൂറ്റൻ കാട്ടുവള്ളികൾ അയാളുടെ കൈകാലുകളെ ചുറ്റിവരിഞ്ഞു.
ഇടിക്കും കാറ്റിന്റെ ഇരമ്പലിനും മീതെ കുറുനരികളുടെയും തെരുവ് നായ്ക്കളുടെയും ഓരിയിടൽ ഉയർന്ന് തുടങ്ങി.
കാട്ടുവള്ളികളുടെ വരിഞ്ഞു മുറുക്കലിൽപ്പെട്ടു വലഞ്ഞ കുമാരൻ വേദനകൊണ്ട് പുളഞ്ഞു.
ശ്രീപാർവ്വതിയുടെ കടവായിൽ നിന്നും പുറത്തേക്ക് നീണ്ട ദ്രംഷ്ഠകളിൽ നിന്നും ചോര ഇറ്റ് തുടങ്ങി.