മഹാഭൈരവി യന്ത്രവും മഹാസുദർശ യന്ത്രവും സ്ഥാപിച്ച് ആ ഭൂമി സുരക്ഷിതമാക്കുക.
കാര്യങ്ങളുടെ ഗൗരവാവസ്ഥ മനസിലാക്കിയ ശങ്കര നാരായണ തന്ത്രികൾ വേണ്ട ഒരുക്കങ്ങൾ നടത്താൻ ദേവനെ ചുമതലപ്പെടുത്തി.
കാളകെട്ടി പോലെ ആവാഹത്തിനും മന്ത്രവാദങ്ങൾക്കും പേര് കേട്ട വാഴൂർ ഇല്ലം,കിഴ്ശ്ശേരി മന,പന്തിയൂർ മന എന്നീ മൂന്ന് ഇടങ്ങളിലേക്കും തന്ത്രിയുടെ അറിയിപ്പെത്തി.
സമയം പരിമിതമെന്ന ബോധ്യമുണ്ടായിരുന്നത് കൊണ്ട് അന്ന് തന്നെ തന്റെ സിദ്ധികൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനായി രുദ്രൻ അറയിലേക്ക് പോയി.
അറയിലെ ദേവീ വിഗ്രഹത്തിന് മുൻപിൽ അഞ്ച് തിരിട്ട നെയ്യ് വിളക്ക് തെളിച്ചു.
പത്മാസനത്തിൽ ധ്യാനമിരുന്ന രുദ്രൻ മനസ്സ് ഏകാഗ്രമാക്കി അതി നിഗൂഢമായ മൂല മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.
കാളകെട്ടിയുടെ കാവൽക്കാരനായ സുവർണ്ണ സർപ്പം നിലവറ വാതിലിന് സമീപം കരുതലോടെ നിലയുറപ്പിച്ചു.
അറയിലെ നെയ്യ് വിളക്കിന്റെ നാളത്തിൽ ആ സർപ്പ വീരന്റെ മേനി സ്വർണ്ണം പോലെ തിളങ്ങി.
ഇനി ഏഴ് നാൾ നീണ്ട ധ്യാനത്തിലൂടെ രുദ്രൻ തന്റെ സിദ്ധികൾ നേടും ആരും അറയിൽ കടക്കില്ല.
അതിക്രമിച്ചു കടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സുവർണ്ണ സർപ്പത്തിന്റെ ദംശനമേറ്റുള്ള മരണം നിശ്ചയം.
ആദിത്യൻ അസ്തമയത്തോട് അടുക്കാൻ തുടങ്ങിയിരുന്നു.
പടിഞ്ഞാറൻ ചക്രവാളം ചെന്താമരച്ചുവപ്പിൽ മുങ്ങി.
അതേ സമയം മംഗലത്ത് തറവാടിനോട് ചേർന്നുള്ള കുളപ്പുരയിൽ രണ്ട് ശരീരങ്ങൾ ഗാഢമായ ആലിംഗനത്തിൽ മുഴുകി.
എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല.
#തുടരും