അവളുടെ കൊലച്ചിരിയിൽ ക്ഷേത്രത്തിൽ നിന്ന മരങ്ങൾ ആടിയുലഞ്ഞു.മരക്കൊമ്പിലിരുന്ന കിളികൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.
രുദ്രന്റെ മുഖത്ത് ചിരി നിറഞ്ഞു നിന്നു.നിന്റെ ഈ വേലകൾ കണ്ടാൽ ഭയക്കുന്നവരുണ്ടാവും, പക്ഷേ ഇത് ആള് വേറെയാണ്.
ഹേയ്.നിർത്തൂ മാന്ത്രികാ.ഇന്നേക്ക് എട്ടാം നാൾ എന്നെ ബന്ധിക്കുന്നതും സ്വപ്നം കണ്ട് നടക്കുന്ന മൂഢൻ. ശ്രീപാർവ്വതിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
ഹേ,മതിയാക്കൂ നിന്റെ ജല്പനങ്ങൾ.നിനക്കെന്റെ ശക്തിയറിയില്ല.ഭസ്മമാക്കും നിന്നെ ഞാൻ.
രുദ്രനാണ് നാം.എന്തിനേയും ഭസ്മമാക്കുന്ന രുദ്രൻ.
കാളകെട്ടിയിലെ തേവാര മൂർത്തികളോട് ഒരു വാക്ക് ചൊല്ലേണ്ട താമസം മാത്രമേ ഈ രുദ്രനുള്ളൂ.രുദ്രശങ്കരന്റെ മുഖം കലി കൊണ്ട് വിറച്ചു.
ഓഹോ എങ്കിൽ കാണട്ടെ നിന്റെ ശൗര്യത്തെ.അവൾ അയാളെ വെല്ലു വിളിച്ചു കൊണ്ട് അവിടെ നിന്നും മറഞ്ഞു.
ശ്രീപാർവ്വതീ.രുദ്രൻ ഉറക്കെ അലറി.അയാളുടെ ശബ്ദം കാട്ടിനുള്ളിൽ പെരുമ്പറ പോലെ മുഴങ്ങി.
തന്റെ ആത്മാഭിമാനത്തിന് കനത്ത ക്ഷതമേറ്റത് പോലെ തോന്നി രുദ്രശങ്കരന്.
അയാൾ വർദ്ധിത വീര്യത്തോടെ കാടുകൾ വകഞ്ഞു മാറ്റി ക്ഷേത്ര മണ്ണിൽ കാല് കുത്തി.
മപെട്ടെന്ന് കാറ്റ് ആഞ്ഞടിച്ചു. മരങ്ങൾ ഭ്രാന്തിളകിയ പോലെ ഉറഞ്ഞു തുള്ളി. കടവാവലുകൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.
പ്രകൃതിയുടെ മാറ്റങ്ങൾ രുദ്രനെ തെല്ലും അലട്ടിയില്ല വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ മുൻപോട്ട് നടന്നു.
എന്നാൽ ഉള്ളിലൊളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കാൻ ആ ത്രികാല ജ്ഞാനിയുടെ അഭിമാന ബോധത്തിന് സാധിച്ചില്ല.
ക്ഷേത്ര ബലിക്കല്ലിന്റെ മുൻപിൽ ഒരു നിമിഷം ആ മഹാമാന്ത്രികൻ തറഞ്ഞു നിന്നു.
തൊട്ട് മുൻപിൽ ശ്രീപാർവ്വതി നിൽക്കുന്നു.രൗദ്രഭാവം അവൾ വെടിഞ്ഞിട്ടില്ല.
ഹേ മഹാ മാന്ത്രികനെന്ന് നടിക്കുന്ന വിഡ്ഡീ കാണട്ടെ നിന്റെ കഴിവ്.അവൾ പരിഹാസം നിറഞ്ഞ ചിരിയോടെ രുദ്രനെ നോക്കി.
രുദ്രശങ്കരൻ കോപം കൊണ്ട് വിറച്ചു.പിരിച്ചു വച്ച മീശ ഒന്നു കൂടി അയാൾ മേല്പോട്ട് തഴുകി.
കഴുത്തിൽ കിടന്ന രുദ്രാക്ഷ മാലയിൽ ചുറ്റിപ്പിടിച്ച് കണ്ണുകൾ അടച്ചു.നാവിൽ അതിശക്തമായ ചണ്ഡികാ മന്ത്രം ഒഴുകിയെത്തി.
പക്ഷേ പൊടുന്നനെ രുദ്രനെ വിയർക്കാൻ തുടങ്ങി.ചണ്ഡികാ മന്ത്രം മനസ്സിൽ തെളിയുന്നില്ല.
മന്ത്രാക്ഷരങ്ങൾ പിഴയ്ക്കുന്നു. തന്റെ ശക്തികൾ നഷ്ടമാവുന്നത് പോലെ അയാൾക്ക് തോന്നി.
ശ്രീപാർവ്വതിയുടെ കൊലച്ചിരി ഇരു കർണ്ണങ്ങളിലും ഉച്ചസ്ഥായിൽ മുഴങ്ങി.