ചുവപ്പുവിരിച്ച് സൂര്യൻ വിടവാങ്ങാൻ ഒരുങ്ങിനിന്നു.
ബ്രഹ്മപുരം ശിവക്ഷേത്രത്തിൽവച്ച ഭക്തിഗാനം കീഴ്ശ്ശേരിയിലെ ഉമ്മറത്തിരുന്ന അംബികചിറ്റക്ക് കേൾക്കാമായിരുന്നു.
“ഭഗവാനെ, മഹാദേവാ, ന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ,”
നിറഞ്ഞൊഴുകുന്ന മിഴികളെ സാരിത്തലപ്പുകൊണ്ടുതുടച്ചുനീക്കിയിട്ട് ചിറ്റ പടിപ്പുരയിലേക്ക് നോക്കിനിന്നു.
രാത്രിയുടെയാമങ്ങൾ കഴിഞ്ഞുതുടങ്ങി.
ഹോമകുണ്ഡം തയ്യാറാക്കി മാർത്താണ്ഡൻ ഷോഡസപൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഉമ്മറത്തിണ്ണയിൽ തിരുമേനിയെയും കാത്തിരിക്കുന്ന അംബികചിറ്റയുടെ മുൻപിലേക്ക് സഡൻ ബ്രേക്കിട്ട് രാമൻ കാറ് നിർത്തി.
പിന്നിലെ ഡോർതുറന്ന് തിരുമേനി വേഗം പൂജാമുറിയിലേക്ക് ഓടിക്കയറി.
ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന്റെ വലതുവശത്ത് പട്ടിൽപൊതിഞ്ഞ ഒരു പൊതിയിരിക്കുന്നതകണ്ട തിരുമേനി വേഗം അതെടുത്ത് തുറന്നുനോക്കി.
“അമ്മേ,ദേവീ, അഴിച്ചുവച്ച രക്ഷ അവൾ എടുത്തണിഞ്ഞില്ലല്ലോ”
ചരടിനെ വലതുകൈയ്യിലാക്കി നീലപട്ട് ചുരുട്ടി അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ മിഴികളടച്ചു നിന്നു.
“രാമാ, വണ്ടിയെടുക്ക്.”
മുറ്റത്തേക്കിറങ്ങികൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു.
“എങ്ങോട്ടാ, തിരുമേനി.”
കാറിനുള്ളിലേക്ക് കയറിയ തിരുമേനിയോട് രാമൻ ചോദിച്ചു.
“അറിയില്ല രാമാ ന്റെകുട്ടിക്കെന്തെങ്കിലും സംഭവിക്കുന്നതിനുമുൻപ് നിക്ക് കണ്ടെത്തണം അവളെ,
ഗണേശനോട് ഞാനെന്തു പറയും ഈശ്വരാ..”
തിരുമേനിയുടെ ചങ്ക് പിടയുന്നത് രാമന് കാണാമായിരുന്നു.
പിന്നെ വൈകിച്ചില്ല. രാമൻ ശിവക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു.
ചുവന്നപട്ടുകൊണ്ട് നിർമ്മിച്ച തിരി ഓരോനിലവിളക്കിലും മൂന്നെണംവീതം എണ്ണയൊഴിച്ചുവച്ചു.
ഹോമകുണ്ഡത്തിനുമുൻപിൽ പുതിയ ഒരു കളംവരച്ച് മാർത്താണ്ഡൻ മഹായാമം ആരംഭിക്കുന്നതും കാത്തിരുന്നു.