ഈയൊരു പൂജകൂടി കഴിഞ്ഞാൽ ഞാനാകും ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ. അന്ന് നീ പറയുന്ന സ്ത്രീകളിൽ നിനക്ക് മതിവരുവോളം നിന്റെ കാമലീലകൾ ചെയ്തുതീർക്കാം.
“എന്നാലും, ഞാൻകൂടെ..”
“മൂഢാ, നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ല്യാന്നുണ്ടോ?
മ്, പോക്കോളൂ. ബ്രഹ്മയാമം തുടങ്ങുന്നതിനു മുൻപേ ഇവിടെ തിരിച്ചെത്തണം.”
രൗദ്രഭാവത്തിൽ അയാൾ പറഞ്ഞു.
ശേഷം വീണ്ടും ചുടലഭദ്രയുടെ വിഗ്രഹത്തിനു മുൻപിൽ ചെന്ന് തന്റെ തള്ളവിരലിന്റെ പിൻഭാഗം വാൾതലക്കൊണ്ട് മുറിച്ച് ആദ്യംവന്ന രക്തംകൊണ്ട് ചുടലഭദ്രയുടെ നെറ്റിയിൽ നീളത്തിൽ ഒരു കുറിവരച്ചു.
“ഐം ക്ലിം ചുടലഭദ്രായ”
ശേഷം തെക്കേ മൂലയിൽ കയറുകൊണ്ട് ബന്ധിച്ച ചേവൽ കോഴിയെയെടുത്ത് കഴുത്ത് ബലിക്കല്ലിൽവച്ച് ചുടലഭദ്രക്കു ഗുരുതികൊടുത്തു
ശേഷം കോഴിതലയെ വാഴയിലയിലേക്കുമാറ്റി ഉടലിൽനിന്നും വരുന്ന ചുടുരക്തത്തെ അയാൾ തലയറ്റകഴുത്ത് വായയിൽവച്ചിട്ട് ഊറ്റികുടിച്ചു.
അപ്പോഴും ഒന്നു ചലിക്കാനാകാതെ ഗൗരി അതേകിടത്തം കിടക്കുകയായിരുന്നു.
മാർത്താണ്ഡൻ എഴുന്നേറ്റ് ഗുരുതികലക്കിയ വെള്ളം ഗൗരിയുടെ ശരീരത്തിലുടനീളം തെളിച്ച് അവളുടെ കൈവെള്ളയിൽ ചുടലഭദ്രയെ അർപ്പിച്ച പുഷ്പങ്ങൾ വച്ചുകൊടുത്തു.
സന്ധ്യയായിട്ടും ഗൗരിയെ കാണാതെയായപ്പോൾ അംബികചിറ്റ ശങ്കരൻ തിരുമേനിയെ ഫോണിൽ വിളിച്ചുചോദിച്ചു.
“എന്ത്, കാണാനില്ല്യാന്നോ?
ന്താ അംബികേ പറയണേ,”
“കൂട്ടുകാരിയുടെ വീട്ടിൽ പോകണം ന്നന്നോടു പറഞ്ഞിട്ട് പോയതാ, ഇത്രനേരയിട്ടും വന്നിട്ടില്ല്യാ, നിക്കെന്തോ പേട്യാവുന്നു അച്ഛാ, ”
ചിറ്റ ഫോണിലൂടെ കരയാൻ തുടങ്ങി.
“ഏയ്, ഇയ്യ് സമാധാനായിരിക്ക്, ഞാനിപ്പോൾതന്നെ വരാം.”
ഫോൺവച്ചിട്ട് തിരുമേനി രാമനെയുംകൂട്ടി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.