മോർച്ചറിയിലെ ക്ലോക്ക് 4

ഇദ്ദേഹം നല്ല മനുഷ്യനാണ്, കൈക്കൂലി വാങ്ങിയിട്ടാണെങ്കിലും എനിക്ക് ഈ ജോലി തന്നുവെന്ന് ഒരുവൻ.
ഇയാൾ ഒരു ദുഷ്ടനാണ്, അർഹതയുണ്ടായിട്ടും കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വേറൊരുത്തൻ.
ഇവരുടെ സംസാരത്തിൽ നിന്നും ഈ മരിച്ചു കിടക്കുന്ന ആൾ നല്ലവനാണോ ദുഷ്ടനാണോ എന്ന് മനസിലാകാതെ ആ ക്ലോക്ക് സൂചി ചലിപ്പിച്ചു കൊണ്ടേയിരുന്നു.
പല്ലിയുടെ മുട്ട വിരിഞ്ഞു, പുറത്ത് വന്ന കുഞ്ഞു പല്ലികൾ ക്ലോക്കിനെ ഇക്കിളിയിടുവാൻ തുടങ്ങി. പല്ലികുഞ്ഞുങ്ങളുടെ കളിയും ചിരിയും ആ ക്ലോക്കിനെയും സന്തോഷിപ്പിച്ചു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി.

ഇന്ന് പരിശോധകരുടെ എണ്ണം കൂടുതലാണ്. വെള്ളയും, കറുപ്പും, കാക്കിയും അണിഞ്ഞവർ… പരിശോധിക്കേണ്ടത് ഒരു കുഞ്ഞിനെയാണ്. നാല് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ്. തലമുടിയെല്ലാം മുറിച്ചെടുത്തിരിക്കുന്നു, തലക്ക് മുന്നിൽ കുറച്ച് ഭാഗത്ത് മുടിയില്ല, അവിടം രക്തം കട്ട പിടിച്ചിരിക്കുന്നു. നെഞ്ചിലും കഴുത്തിലും ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകൾ. കൈ വെള്ളയിലും രക്തം കട്ട പിടിച്ചിരിക്കുന്നു. ഏതൊക്കെയോ മനുഷ്യർ പീഡിപ്പിച്ചു കൊന്നതാണ് ആ കുഞ്ഞിനെ എന്ന് ക്ലോക്കിന് മനസിലായി.
ഇത്രയും ചെറിയ കുഞ്ഞിനെ…
ഇത്രയും ക്രൂരമായി കൊല്ലാൻ എങ്ങനെ കഴിഞ്ഞു?…..
ആ പരിശോധകർക്ക് എങ്ങനെ ആ കുഞ്ഞിനെ നോക്കി നിൽക്കാൻ കഴിയുന്നു…
ആരോ വാതിൽ തുറന്നപ്പോഴുണ്ടായ ചെറിയ കാറ്റിൽ ആ ക്ലോക്ക് ശക്തിയായി ആടി. ചങ്ക് തകർന്ന ആ ക്ലോക്ക് താഴെ വീണു. സൂചി ഒടിഞ്ഞു.
താഴെ വീണു കിടക്കുന്ന ക്ലോക്കിന്റെ അടുത്തേക്ക് രണ്ടു മനുഷ്യർ നടന്നു ചെന്നു,
“ഇതിപ്പോൾ താഴെ വീഴാൻ എന്താ കാരണം?”
“ക്ലോക്കിന് പോലും കണ്ടു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.”
ആ മോർച്ചറി കാവൽക്കാർ പരസ്പരം പറഞ്ഞു..

1 Comment

  1. മോർച്ചറി യെ കുറിച്ചും പോസ്റ്മോർട്ടത്തെക്കുറിച്ചും ഒന്നും അറിയാത്ത എഴുത്തുകാരൻ. മോർച്ചറിയിൽ അല്ല പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് അറിയാതെ എഴുതിയതാണ്. സാരമില്ല. നല്ല ആശയം.

Comments are closed.