മാളൂട്ടി 45

“അടുത്ത മാസം ഞാനും മോഹനും യൂ എസ് ലേക്കു പോവാട്ടോ ശ്രീദേവി … അഞ്ചു വർഷം കഴിഞ്ഞേ തിരിച്ചു വരൂ.. മാളൂനെ തത്കാലം കൊണ്ടുപോവുന്നില്ല. അവളെ എവിടെയെങ്കിലും ബോർഡിങ്ങിലാക്കണം. ശ്രീദേവിക്ക് ഞാൻ എന്റെ പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ ജോലി ശരിയാക്കി തരാം ” അത് പറയുമ്പോൾ ഡോക്ടർ അരുന്ധതി മോഹന്റെ മുഖത്തു പ്രത്യേകിച്ച് വികാരങ്ങളൊന്നും പ്രകടമായിരുന്നില്ലെന്നു തോന്നിയിരുന്നു ദേവൂന്..
“പിന്നെ ഞാൻ മാളൂനോട് ഒന്നും പറഞ്ഞിട്ടില്ല.. ശ്രീദേവിയും ഇപ്പോ ഒന്നും അറിയിക്കേണ്ട.. അവൾ കരഞ്ഞു ബഹളമുണ്ടാക്കും.. ” ഒന്ന് നിർത്തി ഡോക്ടർ പറഞ്ഞു.. “ഒന്നോർത്താൽ ഇങ്ങിനെ പിരിയുന്നതാണ് നല്ലത്… ഇപ്പോൾ തന്നെ മാളൂന് വല്ലാത്തൊരു അടുപ്പമാണ് ശ്രീദേവിയോട്.. കുറച്ചു കഴിഞ്ഞാൽ അതൊക്കെ കൂടുതൽ പ്രശ്നമാവും… പ്രത്യേകിച്ച് ശ്രീദേവി ഒരു അമ്മയായാൽ .. ”

“ഇല്ല ഡോക്ടർ… എനിക്കൊരിക്കലും ഒരു അമ്മയാവാൻ കഴിയില്ല.” അത് വരെ മനസ്സിൽ കൊണ്ടു നടന്ന നൊമ്പരം വാക്കുകളായി പുറത്തേക്കു വീണപ്പോൾ ദേവുവിന്റെ ശബ്ദമിടറി..

“ഓ ഐ ആംസോറി…
എനിക്കറിയില്ലായിരുന്നു.”.അത് പറയുമ്പോൾ ഡോക്ടറുടെ മുഖത്തു അസ്വസ്ഥത പടരുന്നതു ദേവു കണ്ടു.
മാളുവിനെ പിരിയുന്നതോർത്തു നീറിപുകയുകയായിരുന്നു മനസ്സ്…എന്നിട്ടും ആശ്വസിക്കാൻ ശ്രമിച്ചു… അല്ലെങ്കിലും മാളൂട്ടി ഒരിക്കലും തനിക്കു സ്വന്തമാവില്ലല്ലോ….

“മാളൂട്ടിക്ക് ഉറക്കം വരുന്നുണ്ടോ “…. “ഉം “.
വാ ദേവു കഥ പറഞ്ഞു തരാം.. ”
ഒരു നിമിഷം എന്തോ ആലോചിച്ചു മാളൂട്ടി ഓടിപോയി ആ വലിയ പാവ എടുത്തു കൊണ്ട് വന്നു… അവളെയും ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടക്കുമ്പോൾ കവിളിലേക്കു അടർന്നു വീണ കണ്ണീർ ച്ചാലുകൾ മാളു കാണാതിരിക്കാൻ പാടുപെടുകയായിരുന്നു ദേവു…
*******
ഡോക്ടർ അരുന്ധതിയോടും ഡോക്ടർ മോഹനോടും യാത്ര പറഞ്ഞു പടിയിറങ്ങുമ്പോൾ മാളൂട്ടി നല്ല ഉറക്കത്തിലായിരുന്നു….
“ശ്രീദേവി പോവുന്നതു അവൾ കാണണ്ട….” ഡോക്ടർ അരുന്ധതി മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…..

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.