മാളൂട്ടി 45

“അത് മാളൂട്ടീടെ അമ്മക്ക് എപ്പോഴും തിരക്കായത് കൊണ്ടല്ലേ.. ”
“ആ അപൂർവയുണ്ടല്ലോ ഡ്രോയിങ് ക്ലാസ്സിൽ കളർ പെൻസിൽ കൊടുത്തില്ല പറഞ്ഞ് മുഖം വീർപ്പിച്ചു നടക്കാ കുറെ ദീസായിട്ട്.. ”
“പിന്നെയുണ്ടല്ലോ ദേവൂ ആ എയ്ഞ്ചൽ റോസിന് ഇപ്പോ വലിയ ഗമയാ.. ക്രിസ്മസ് പരീക്ഷക്ക് എന്നെക്കാൾ രണ്ടു മാർക്ക്‌ കൂടുതൽ വാങ്ങി അവളല്ലേ ഫസ്റ്റ് ആയത്.. ഫസ്റ്റ് റാങ്ക് പോയതിന് കുറെ അടീം ചീത്തേം ഒക്കെ കിട്ടീല്യെ അമ്മേടെ വക.. സ്നേഹണ്ടായിരുന്നെങ്കി അങ്ങിനെ ചീത്ത പറയോ.. ”
“അതാ പറഞ്ഞെ മരിച്ചു കിടക്കുമ്പോ അമ്മേം അച്ഛനും ഒക്കെ ഉറക്കെ കരയും.. രാഹുലും അക്ഷയും ദേവികയും ഒക്കെ വന്നു കളിയാക്കിതിന് എന്നോട് സോറി പറയും.. എല്ലാരും എന്നെ പറ്റി നല്ലതേ പറയൂ.. അപൂർവ്വക്കും എന്നോട് ഇഷ്ടം തോന്നും.. ”
“അപ്പഴേ മാളൂട്ടി ഒരു കാര്യം.. വിനു അങ്കിൾ ദുബായിൽ പോയി വന്നപ്പോ കൊണ്ടു വന്ന കുറെ ചോക്ലേറ്റ് ഇനീം കുറെ ഉണ്ടല്ലോ.. മാളു പോയാ അതൊക്കെ നമ്മുടെ പപ്പൂസിനു കൊടുക്കാലെ..
“അയ്യോ പപ്പൂസിനോ.. കളിക്കാൻ വരുമ്പോ അവന്റെ കണ്ണ് മുഴുവൻ ഫ്രിഡ്ജിലിരിക്കണ ചോക്കലേറ്റിലാ. കുറെ ചോദിച്ചപ്പോ ഇന്നലേം കൊടുത്തു രണ്ടെണ്ണം.. ഇഷ്ടായിട്ടല്ലാട്ടോ. കൊതിയനാ…”
“പിന്നെ സ്വർണ മുടിയുള്ള ആ വലിയ പാവയില്ലേ.. അച്ഛൻ പാരിസിൽ പോയപ്പോ കൊണ്ടന്നത്.. അത് വിനു അങ്കിളിന്റെ ആര്യ മോൾക്ക് കൊടുക്കാലെ.. ”

മാളൂട്ടി എന്തോ ആലോചിച്ചിരുന്നു.
“അതേയ് ദേവൂ എനിക്കിപ്പോ മരിക്കണ്ടാട്ടോ.. എന്റെ ചോക്കലേറ്റും പാവയും ഒക്കെ എടുത്തു ആരും അങ്ങിനെ സുഖിക്കണ്ട ”
ഒരു നിമിഷം ചിരി നിർത്തി ദേവു മാളൂട്ടിയുടെ മുഖത്തേക്ക് നോക്കി.. ആ കുഞ്ഞു മനസ്സിൽ അടക്കി പിടിച്ച പരിഭവങ്ങളും നൊമ്പരങ്ങളും അറിഞ്ഞു…. ഉത്തരങ്ങൾ തേടുന്ന അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ മറുപടി നൽകാൻ കഴിയാതെ വീർപ്പുമുട്ടി.
ദേവു ഓർക്കുകയായിരുന്നു. ഏഴു വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്..!! ഈ ഏഴ് വർഷവും മാളൂട്ടിയുമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു താൻ…

ഇനി ഒരാഴ്ച കൂടി…

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.