മാളൂട്ടി 44

ചോദിച്ചതില് എന്താ തെറ്റ്‌, അതാ മാളൂട്ടിക്ക് മനസിലാവാത്തത്… മരിക്കണതിന് രണ്ടു ദിവസം മുൻപും താൻ കേട്ടതാണല്ലോ അമ്മയും അച്ഛനും മുത്തച്ഛനെ പറ്റി കുറ്റം പറയണത്. മുത്തച്ഛൻ ഒന്നും അനുസരിക്കിണില്ലാന്നും ഏതോ സ്ഥലത്തു കൊണ്ടു വിടണമെന്നൊക്കെ അമ്മ പറയണ കേട്ടൂലോ… പിന്നെ കഴിഞ്ഞ ദിവസം കൊച്ചീന്നു വിനു അങ്കിൾ വന്നപ്പോഴും അമ്മയും അങ്കിളും മുത്തച്ഛന്റെ പേര് പറഞ്ഞു വഴക്കിടണത് മാളൂട്ടി കണ്ടതല്ലേ…..
“നിനക്ക് കുറച്ചു ദിവസം അച്ഛനെ കൊണ്ടു പോയി നോക്കിയാലെന്താ” എന്ന് അമ്മ ചോദിച്ചപ്പോ വിനു അങ്കിൾ പറയാ. “ചേച്ചിക്കല്ലേ അച്ഛൻ വാരിക്കോരി തന്നത്… ചേച്ചി നോക്കിയാ മതി” ന്ന്… സത്യം പറഞ്ഞാ എനിക്കൊന്നും മനസ്സിലാവിണില്ലാട്ടോ …
“വലിയൊരു ഡോക്ടറായിരുന്നില്ലേ മാളൂട്ടിയുടെ മുത്തച്ഛൻ… പാവം എത്രകാലായി കിടപ്പ് തുടങ്ങീട്ട്”.. ദേവു മാത്രെ മുത്തച്ഛനെ കുറിച്ച് നല്ലത് പറയണ കേട്ടിട്ടുള്ളു….
മരിച്ചപ്പോ എത്ര ആൾക്കാരാ മുത്തച്ഛനെ കാണാൻ വന്നേ.. എല്ലാവരും നല്ലത് മാത്രെ പറയണത് കേട്ടുള്ളൂ… അമ്മേം വിനു അങ്കിളും എന്തൊരു കരച്ചിലായിരുന്നു… അപ്പോഴല്ലേ മാളൂട്ടിക്ക് അങ്ങിനെ ചോദിക്കാൻ തോന്നീത്….

“അതേയ് ദേവൂ മരിച്ചു കഴിഞ്ഞാ… എല്ലാർക്കും നമ്മളോട് സ്നേഹം തോന്നൂല്ലേ…. ഒന്ന് മരിച്ചാലോന്നു തോന്നാ എനിക്ക്… ”
“അയ്യോ എന്താ മാളൂട്ടി ഈ പറയണത്.. മരിക്ക്യേ.. പഠിച്ചു വലിയ ആളാവണ്ടെ എന്റെ മാളൂട്ടിക്ക്… അമ്മേം അച്ഛനേം പോലെ വലിയ ഡോക്ടറാവണ്ടേ..? “ദേവു അതാ പിന്നേം ചിരിച്ചു…

” അതല്ലാ ദേവൂ, അപ്പൊ അച്ഛനും അമ്മയ്ക്കും എന്നോട് സ്നേഹണ്ടാവൂലോ.. ”
“അതിനു ആരാ പറഞ്ഞെ അച്ഛനും അമ്മയ്ക്കും മാളൂട്ടിയോടു സ്നേഹല്യാന്നു “.
“സ്നേഹണ്ടായിരുന്നെങ്കില് അവരെന്തിനാ എന്നെ രാത്രി കൂടെ കിടത്താത്തത്.. കഥ പറഞ്ഞു തരാത്തത്.. ”
“ദേവൂനറിയോ ഒരു ദീസം ഇംഗ്ലീഷ് പഠിപ്പിക്കണ നിമ്മി ടീച്ചർ ചോദിക്ക്യാ ആരാ ഞങ്ങക്ക് കഥകളൊക്കെ പറഞ്ഞു തരാന്ന്.. എല്ലാരും പറഞ്ഞു അച്ഛൻ, അമ്മ, മുത്തച്ഛൻ, അമ്മമ്മ ന്നൊക്കെ.. ഞാൻ ദേവൂ ന്നു പറഞ്ഞപ്പോ ക്ലാസ്സിൽ എല്ലാരും ചിരിക്ക്യ… നിമ്മി ടീച്ചറും ചിരിച്ചുട്ടോ.. ”
“ദേവൂന്റെ പേര് പറഞ്ഞു ഇപ്പൊ രാഹുലും അക്ഷയും ദേവികയും ഒക്കെ കളിയാക്കലും തുടങ്ങീട്ടിട്ടുണ്ട്… ”

1 Comment

  1. സുദർശനൻ

    കഥനന്നായിട്ടുണ്ട്.

Comments are closed.