Madangipokunnavar by Kamar Melattur
ഒരു ജീവപര്യന്തകാലഘട്ടത്തിന്റെ ഒടുക്കത്തിലൊരു പ്രഭാതത്തിലാണ്, വാർഡൻ മാത്യുസാർ ഇരുമ്പുവാതിൽ തള്ളിക്കൊണ്ട് അകത്തുവന്നത്. സന്തോഷവാർത്തയോ? അറിയില്ല. നാളെ മടക്കമാണ്. പന്ത്രണ്ട് വർഷത്തെ തടവിന്, ( തടവോ? ഇതൊരിക്കലും ഒരു ശിക്ഷയായിരുന്നില്ലല്ലോ) ഇന്നത്തെ രാത്രി തിരശ്ശീലയാവുകയാണ്. എന്നാലും തീരുമോ ശിക്ഷ?
ഓർമ്മകൾ , അവ മനസ്സിനു വല്ലാത്തൊരു ജീവപര്യന്തമാണ് നൽകുന്നത്. സ്വപ്നങ്ങളെല്ലാം ഇരുണ്ട ഗർത്തത്തിലേക്ക് പെരുമഴയായ ദിവസങ്ങളാണു കടന്നുപോയത്.
കുടുംബത്തിന്റെ അവസ്ഥ ; അത് വിശദീകരിക്കേണ്ടിയിരുന്നില്ല. കുടുംബത്തിനു പുറത്താണല്ലൊ ഇക്കാലമത്രയും തീർത്തത്.
എല്ലാം വിറ്റുതുലച്ച് മദ്യപാനത്തിന്റെ മുഴുസമയ സുഹൃത്തായി നടന്ന് എല്ലാ അടിപിടിക്കേസുകളിലും പ്രതിയെന്ന തിലകം ചാർത്തിക്കിട്ടി, ഒടുക്കം ഈ സബ്ജയിലിലെ 346 എന്ന നമ്പറിനു പിറകിൽ മുഖം പൂഴ്ത്താനും , കഴിച്ചുതീർത്ത ജയിൽവാസമത്രയും ജയിൽഗേറ്റിനു പുറത്ത് മകനെ പഴിച്ച പിതൃത്വത്തിനു സ്വന്തക്കാരനാവാൻ കഴിഞ്ഞതും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് അനുവാചകർ തന്നെയാണ് തീരുമാനിക്കേണ്ടത്.
നാളെ , ഈ രാവിനൊടുക്കം യാത്രയാണ്; മടക്കം , എവിടേക്ക്?
രണ്ട്
****
പത്ത് ‘ബി’ യിലെ സുബൈദ ഇസഹാക്ക് ഇന്നലെയും വിളിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും എസ്.എം.എസ്:” ഡാഡ് ഫിക്സഡ് ഡാ, നോ കോംപ്രമൈസ് , വി വിൽ റിട്ടേൺ ഇൻ ദിസ് വീക്കെന്റ്.”
ഒമ്പത് ഇരുപതിന് ഗേറ്റിനുവെളിയിൽ സ്കൂൾബസ് വരുമ്പോൾ എന്നും അവൾ ഡോറിൽതന്നെ തൂങ്ങിനിൽപ്പുണ്ടാവും. വലിയ കണ്ണുകൾ സൗഹൃദത്തിന്റെ നീണ്ട വലക്കണ്ണികൾ കൊണ്ടെന്നെ പിടിച്ചു നിർത്തിയിരുന്നു.
നോട്ട്‌ബുക്കിലൊളിപ്പിച്ചുവെച്ച പൂപ്പൽ പിടിച്ച 6×4 സൈസ് കളർഫോട്ടോ കാണിച്ചവൾ പറയാറുണ്ടായിരുന്നു;” ദിസ് ഈസ് മൈ മദർ. ഐ കുഡ് നോട്ട് സീ ഹെർ”
കണ്ണുകളിൽ വലിയൊരു ബലൂൺ കണ്ടു. വീർത്തുവീർത്ത് ദു:ഖങ്ങളൊക്കെയും പൊട്ടിച്ച് അവളതിൽ എന്നെ ശ്വാസംമുട്ടിച്ചു.