ജ്വലിച്ചു നിന്ന സൂര്യന്റെ മരണം
പോലെ ചാരമായ നമ്മുടെ മാത്രം പ്രണയത്തിന്റെ ഓർമ്മക്കായി
ഒരിക്കൽ കൂടി നമുക്ക് പ്രണയിക്കാം.
നിനക്ക് നഷ്ടമായ നിന്റെ ആകാശവും
എന്റ കറുപ്പ് നിറവും നമുക്ക് പരസ്പരം
പങ്ക് വെക്കാം..
നിന്റെ കണ്ണുകളിൽ മാത്രം വിരിയുന്ന
ചുവന്ന പൂക്കൾ കൊണ്ട് നീ ഒരിക്കൽ
കൂടി ആഴ്ചയുടെ തുടക്കം
എനിക്കായി അർച്ചന ചെയ്യുക.
എനിക്കായി എഴുതിയപ്പോൾ ചാപിള്ളയായി മാറിയ കവിത കുഞ്ഞുങ്ങളെ ഇപ്പൊൾ
തന്നെ നീ ചതുപ്പിൽ നിന്നും
പുറത്തേക്ക് ഉയർത്തുക.
പാടവരമ്പിലെ വെള്ളക്കെട്ടിന്
അടിത്തട്ടിലേക്ക് നീ ചവിട്ടി താഴ്ത്തിയ
പച്ച നിറമുള്ള ഓർമ്മകൾക്ക്
അവസാന ശ്വാസമെടുക്കാൻ
ഒരു അവസരം നൽകുക..
മാന്തി പൊളിച്ച കല്ലറയുടെ
ഉള്ളിൽ ഞാൻ നിന്നെ ഓർത്തു
കിടക്കുമ്പോൾ ഹൃദയത്തിന്
മുകളിൽ വെക്കുവാനുള്ള പൂവിന്
നിന്റെ ചുണ്ടിലെ ചോപ്പ് നിറമേകുക.
നിന്നെ മാത്രം വഹിക്കുന്ന എന്റ
ചിന്തകളുടെ ഭാരം ചുമക്കുവാൻ ,
നിന്റെ കൺപീലികൾക്ക് ശക്തി
ചോരാതിരിക്കുവാനായി അവ
വെളുക്കാതെ കാത്തു സൂക്ഷിക്കുക..
കരയാതെ പിരിയാതിരിക്കുവാൻ
നിനക്കാകുമെങ്കിൽ കൈ കോർത്ത്
ഇരുളിലേക്ക് വസന്തം ചൊരിയാൻ
അവസാന വാക്ക് നൽകിയ
ആറടി മണ്ണിനോട് ഒരു ജന്മം
കൂടി കടം ചോദിക്കാം..
നിന്നിലെ മാത്രം ഞാനായി
നാമിടങ്ങൾക്ക് കരുതലായി വരുന്ന
ദിനങ്ങളെ കൊഞ്ചിച്ച് നൂറാവൃത്തി
ചൊല്ലിയ കവിതയുടെ ഗന്ധം
ഇനിയുമിനിയും നമ്മുടെ നാസിക തുമ്പിനെ ചുംബിക്കണം..
?©️?