പ്ലസ്ടുക്കാരി 118

എനിക്ക് വേണ്ട, ഇന്നെനിക്കു വിശപ്പില്ല എന്ന് പറഞ്ഞവൾ ഉച്ചക്കുള്ള ചോറും മനപ്പൂർവം എടുക്കാതെ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പോയി. അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്നും സ്കൂളിൽ പോകാൻ ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിക്കാറുണ്ടായിരുന്നു. ഇന്ന് ഒന്നും മിണ്ടാതെ പോയപ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

കെമിസ്ട്രി ക്ലാസിലിരുന്ന് ടീച്ചർ പഠിപ്പിക്കുന്നത് വിശപ്പ് സഹിച്ചിരുന്നു കേൾക്കുമ്പോഴാണ് ക്ലാസ്സ്‌ റൂമിനു വെളിയിൽ
ടീച്ചർ രേഷ്മ എന്നുള്ള ശബ്ദം കേട്ടതും ടീച്ചർ അവളെ നോക്കി ഉച്ചത്തിൽ രേഷ്മ എന്ന് വിളിച്ചതും. ബെഞ്ചിൽ നിന്നുo എഴുന്നേറ്റു അവിടേക്കു ചെല്ലുമ്പോൾ ഉച്ചക്കുണ്ണാനുള്ള ചോറ് പാത്രം അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ സാരിത്തലപ്പുകൊണ്ട് തലമറച്ചു പൊള്ളുന്ന വെയിലിൽ പടികളിറങ്ങിപ്പോകുന്ന അമ്മയെ കണ്ടിട്ടും അവളുടെ മനസ്സിൽ അമ്മയോടുള്ള ദേഷ്യം അടങ്ങിയിരുന്നില്ല.

ഉച്ചക്ക് അമ്മ പൊരി വെയിലേറ്റു കൊണ്ടുക്കൊടുത്ത ചോറ് സ്കൂളിലെ വേസ്റ്റ് പാത്രത്തിൽ ഒരുവറ്റു പോലും ബാക്കി വെക്കാതെ തട്ടിക്കളയുമ്പോഴും അവളുടെ മനസിൽ യാതൊരു വിധത്തിലുള്ള കുറ്റബോധവും ഉണ്ടായിരുന്നില്ല…

വൈകിട്ട് സ്കൂൾ വിട്ടു അഞ്ചുവിനോടൊപ്പം സൈക്കിൾ ഉരുട്ടി പോകുമ്പോഴാണ് അവൾ ഇങ്ങോട്ട് ചോദിച്ചതു. ഇന്നും അമ്മയോട് പിണങ്ങി അല്ലെ എന്ന്?

ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നിട്ട് അവൾ പറഞ്ഞു തുടങ്ങി.
എന്ത്‌ ചെയ്താലും അമ്മക്ക് കുറ്റമാണ്. കുറച്ചധിക നേരം ടീവി കണ്ടാൽ കുറ്റം, ഇഷ്ട്ടമുള്ള പാട്ടിന്റെ വോളിയം കൂട്ടിയാൽ കുറ്റം, സ്കൂൾ വിട്ടു കുറച്ചു താമസിച്ചു കേറിയാൽ കുറ്റം, എഴുന്നേൽക്കാൻ താമസിച്ചാൽ കുറ്റം, അധികം ഒരുങ്ങിയാൽ കുറ്റം, നാശം കുറ്റങ്ങൾ കേട്ടു മടുത്തു അവൾ പറഞ്ഞു നിർത്തി. പ്ലസ്ടു കഴിഞ്ഞാരുന്നേൽ ദൂരെ എവിടെയെങ്കിലും ഹോസ്റ്റലിൽ നിന്നു പഠിക്കാമായിരുന്നു. കുറച്ചെങ്കിലും സ്വാതന്ത്ര്യം കിട്ടുമല്ലോ?

അഞ്ചു ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് നിന്നു.

4 Comments

  1. Super!!!

  2. Karanju sathyayittum karanjupoyi

    1. അമ്മ ഒരു വികാരമാണ്

  3. Kollam… Nannayittundu….

Comments are closed.