+2, പ്രിയ നല്ല മാർക്കോടു കൂടി പാസ്സായി. ഞാൻ കഷ്ടിച്ച് കടന്നു കൂടി. അപ്പന്റെ കാശിന്റെ ബലത്തിൽ ഞാൻ ബാംഗ്ലൂരിൽ BBA ചേർന്നു. അവൾ നാട്ടിൽ എഞ്ചിനീയറിംഗും.
ജീവിതത്തിൽ മൊത്തം തിരിച്ചടികളും പരാജയങ്ങളും നേരിട്ട എനിക്ക് വാശിയാരുന്നു എല്ലാവരോടും.
അതിന്റെ ഫലമായി ഞാൻ 3 വർഷം കൊണ്ടു നല്ല മാർക്കോടു കൂടി തന്നെ ബിരുദമെടുത്തു. ക്യാമ്പസ് ഇന്റർവ്യൂവിൽ ഒരു MNC യിൽ ജോലിയിൽ പ്രവേശിച്ചു. രണ്ടു വർഷം കൊണ്ടു തന്നെ ഉയർന്ന ഒരു പദവിയിൽ എത്തുവാൻ എനിക്ക് സാധിച്ചു.ലോൺ എടുത്താണെങ്കിലും ഒരു ഫ്ലാറ്റും ബാംഗ്ലൂർ നഗരത്തിൽ എനിക്ക് സ്വന്തമായി.
ഞാൻ നേരിട്ട അപമാനത്തിന്റ കനൽ അപ്പോഴും കെട്ടിട്ടില്ലാത്തതിനാൽ, വീട്ടിലോട്ടുള്ള വിളികൾ ഒക്കെ കുറവാരുന്നു.
എന്നാൽ ഇടയ്ക്കു ഞാൻ വിദ്യാമ്മയെ വിളിക്കും. പ്രിയയേ കുറിച്ച് അറിയുവാനുള്ള ഒരു എന്റെ ഒരു അടവാരുന്നു അതു.
അങ്ങനെ 5 വർഷത്തിന് ശേഷം നാട്ടിൽ എത്തി. പ്രതീക്ഷിച്ച പോലെ തന്നെ വീട്ടുകാർക്കു എന്നോട് ആ പഴയ പുച്ഛ മനോഭാവം തന്നെ.ബാംഗ്ലൂരിലെ എന്റെ ഇപ്പോഴത്തെ കാര്യങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ ഈ പുച്ഛം മാറിയേക്കാം. എന്നാൽ ഞാൻ അതു പറയാൻ പോയില്ല.
ഞാൻ വന്നു ഒന്ന് കുളി പാസ്സാക്കി, വെളിയിലേക്ക് പോകുവാൻ തുടങ്ങിയപ്പോഴാണ് എന്റെ അമ്മ പറഞ്ഞത് “ വിദ്യ നിന്നെ തിരക്കിയിരുന്നു. പ്രിയയുടെ ജോലി കാര്യം പറയാനാ. നിന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്തു കൊടുക്കണം എന്നു പറഞ്ഞു.
“ സൗകര്യമില്ല, എല്ലാവർക്കും ആവശ്യം വരുമ്പോൾ ഞാൻ വേണം. ആവശ്യം കഴിഞ്ഞാൽ ഞാൻ പിന്നെ വെറുക്കപെട്ടവൻ. ഞാൻ ആ പരുപാടി ഒക്കെ നിർത്തി. എന്റെ കൂട്ടുകാർ അത്രക്ക് നിർബന്ധിച്ചത് കൊണ്ട് മാത്രമാ ഞാൻ ഉത്സവത്തിനു വന്നത്. ഉത്സവം കഴിഞ്ഞു മറ്റേനാൾ തന്നെ ഞാൻ സ്ഥലം വിടും “
നാടിനോടും നാട്ടുകാരോടും ഉള്ള എന്റെ ദേഷ്യവും വെറുപ്പും കാരണമാണ് ഞാൻ അങ്ങനെ പറഞ്ഞത്.
പക്ഷേ ഇതു പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഇതെല്ലാം കേട്ടു കൊണ്ട് നിൽക്കുന്നു.അവൾ ഉടൻ തന്നെ ഇറങ്ങി അവളുടെ വീട്ടിലേക്കു പോയി.
ഞാൻ ആകെ അങ്ങ് വല്ലാതെയായി.
പതുക്കെ വീട്ടിൽ നിന്ന് ഇറങ്ങി പ്രിയയുടെ വീട്ടിലേക്കു പോയി.
പ്രസാദേട്ടൻ ജോലിക്ക് പോയിരുന്നു. വിദ്യാമ്മ എന്നെ കണ്ടുടനെ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നു.താടി ഒക്കെ വന്നു അങ്ങ് വലിയ കൊച്ചനായി പോയല്ലോ എന്നൊക്കെ പറഞ്ഞു.
പ്രിയ ഞങ്ങളുടെ സംസാരം കേട്ട് അവിടേക്കു വന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.
നിങ്ങൾ സംസാരിക്കു ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു വിദ്യാമ്മ അടുക്കളയിലേക്ക് പോയി.
