എനിക്ക് ഈ പെരുമാറ്റം സഹിക്കുന്നതിനു അപ്പുറമായിരുന്നു. ടോക്സിക് പേരെന്റിങ് കാരണം നഷ്ടപ്പെട്ട എന്റെ ബാല്യത്തിൽ കുറച്ചെങ്കിലും നിറം പകർന്നത് പ്രിയയുടെ സാമിപ്യമാണ്. എന്നാൽ ഇന്ന് അവൾ എന്നെ അവഗണിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല.
ഞങ്ങളുടെ ഉത്സവത്തിനു അമ്പലത്തിൽ കോടിയേറി. നാടു ഒന്നടങ്കം സന്തോഷിക്കുന്ന കുറച്ചു നാളുകളാണ് ഇത്.ഞാനും കൂട്ടുകാരും ഉത്സവം കഴിയുന്നത് വരെ അമ്പലത്തിൽ തന്നെ ആയിരിക്കും. ഇതിന് മാത്രം വീട്ടിൽ ഒന്നും പറയില്ല.ഉത്സവത്തിന്റെ അവസാന ദിവസം നാടകവുമുണ്ട്.
നാടകത്തിന്റെ അന്ന് രാവിലെയാണ് ഞാൻ അറിഞ്ഞത് +2 പരീക്ഷ അടുത്തതിനാൽ പ്രിയ നാടകത്തിനു പോകുന്നില്ല. എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും എല്ലാവരും പോകും.
പെട്ടെന്ന് എന്റെ മനസ്സിൽ കൂടി ഒരു പദ്ധതി തോന്നി.
+2 കഴിഞ്ഞു ചിലപ്പോൾ ഞാനും അവളും വേറെ കോളേജിൽ പോയാൽ എനിക്ക് അവളെ ഇനി കാണാൻ പോലും കിട്ടില്ല. വേറെ ചുള്ളൻമാർ വളക്കാനും സാധ്യത ഉണ്ട്.
അതിനാൽ ഇന്ന് എല്ലാവരും നാടകത്തിന് പോയി കഴിയുമ്പോൾ അവളോട് ക്ഷമ പറഞ്ഞു, എന്റെ ഉള്ളിലെ പ്രണയം അവളെ അറിയിക്കണം. ഇതിന് ഇതു പോലൊരു അവസരം ഇനി കിട്ടില്ല.
ഇതിനായി നാടകം തുടങ്ങിയപ്പോൾ പതിയെ അവിടുന്നു ഞാൻ മുങ്ങി.
നേരിട്ട് പ്രിയയുടെ വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു.
എന്നാൽ രാവിലെ മുതൽ പണിയെടുത്തു വിയർത്തതിനാൽ ഒന്നു കുളിച്ചു വൃത്തിയായി പോകാം എന്നു വിചാരിച്ചു വീട്ടിൽ കയറി കുളിച്ചു. ചേട്ടന്റെ വില കൂടിയ പെർഫ്യൂമും അടിച്ചു ഞാൻ പ്രിയയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് വിദ്യാമ്മ അവിടേക്കു വന്നത്.
എന്താണ് വിദ്യാമ്മേ നാടകം കാണുന്നില്ലേ?
അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ? അവിടെ മുട്ടൻ അടി നടക്കുവാ. വെളിയിൽ നിന്ന് വന്ന കുറച്ചുപേർ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. നാട്ടുകാർ അവരെ മർദിച്ചു. മോന്റെ കൂട്ടുകാരും അവരുടെ കൂടെ തല്ലാൻ ഉണ്ടാരുന്നു. ഞാൻ ഓർത്തു ശ്രീയും ഉണ്ടാകുമെന്ന്. മോൻ എന്താ ഇങ്ങു പോന്നത്?
അത് വിദ്യാമേ, ദേഹം മുഴുവൻ വിയർത്തിരിക്കുവാരുന്നു. കുളിച്ചിട്ടു അങ്ങോട്ട് വരാൻ ഇരിക്കുവാരുന്നു.
ആ സമയത്ത് എന്റെ അച്ഛനും അമ്മയും അവിടെ എത്തി. ഞാനും തല്ലാൻ ഉണ്ടാരുന്നു എന്ന് ആരോ അച്ഛനോടു പറഞ്ഞുവത്രെ.
അച്ഛൻ അവിടെ കിടന്ന വടി എടുത്തു എന്നെ പൊതിരെ തല്ലി.
കൂടെ കടുത്ത ഒരു തീരുമാനവും എടുത്തു “ +2 കഴിഞ്ഞു ഇവനെ ഇനി നാട്ടിൽ നിർത്തുന്നില്ല.”
പ്രിയയെ കാണാമെന്നും, എന്റെ പ്രണയം അറിയിക്കാം എന്നുള്ള എല്ലാം പദ്ധതിയും പാളി.
ആരെയും ദ്രോഹിക്കാത്ത എനിക്ക് മാത്രം ഈ ശിക്ഷകൾ തരുന്ന ഈശ്വരനെ അന്ന് ഞാൻ വെറുത്തു.
