വർഷങ്ങൾ കൊഴിഞ്ഞു പൊയ്‌കൊണ്ടിരുന്നു.
എന്റെ ചേട്ടനും ചേച്ചിക്കും ഇപ്പോൾ തിരുവനന്തപുരത്തും ഡൽഹിയിലുമായി ജോലി ചെയ്യുന്നു. രണ്ട് പേരും സർക്കാർ ഉദ്യോഗസ്ഥരാണ്.രണ്ട് പേരുടെയും വിവാഹവും കെങ്കേമമായി കഴിഞ്ഞു.
ഈ സമയം ഞങ്ങൾ +2വിലാണ്.ഓരോ ദിവസവും പ്രിയയോടുള്ള ഇഷ്ടവും വളർന്നു കൊണ്ടേ ഇരുന്നു.
പ്രിയ നല്ലത് പോലെ പഠിക്കും. ഇതു കാരണം എനിക്ക് പണിയായി. ആരോടും പ്രത്യേകം അടുപ്പം കാണിക്കാത്ത എന്റെ അമ്മ പക്ഷെ പ്രിയയോടും അമ്മയോടും നല്ല അടുപ്പത്തിലാണ്.
എന്നാൽ അതിന്റെ ഗുട്ടൻസ് എനിക്ക് പിന്നീടാണ് മനസ്സിലായത്. എന്റെ സ്കൂളിലെ കാര്യങ്ങളും, അവളുടെ മാർക്കും ഒക്കെ അറിയുവാനുള്ള ഒരു അടവായിരുന്നു ഈ അടുപ്പം.
അങ്ങനെയിരിക്കെ ഒരു സംഭവം ഉണ്ടായി. ക്രിസ്മസ് പരീക്ഷയിൽ കണക്കിന് ഞാൻ പൊട്ടി. ഇതറിഞ്ഞാൽ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ അറിയാവുന്നതു കൊണ്ടു ഞാൻ മാർക്ക് കിട്ടിയ കാര്യം വീട്ടിൽ പറഞ്ഞില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മക്ക് സംശയമായി.
അപ്പോഴാണ് പ്രിയ നേരത്തെ കൊണ്ടു പോയ പാത്രം തിരിച്ചു തരുവാനായി അവിടെ വന്നത്. അമ്മ ഒന്നുമറിയാത്ത പോലെ മോൾക്ക് കണക്കിന് എത്ര മാർക്കുണ്ട് എന്ന് ചോദിച്ചു. മുഴുവൻ മാർക്കും ഉണ്ട് ആന്റി എന്ന് അവൾ പറഞ്ഞു. ഇത് കേട്ടതും അമ്മയുടെ മട്ടുമാറി. ഇത്രയും നാൾ കണക്ക് പരീക്ഷയുടെ മാർക്ക് വന്നില്ലെന്ന് കള്ളം പറഞ്ഞതാണ് എന്ന് പറഞ്ഞു എന്നെ അവളുടെ മുൻപിൽ ഇട്ടു പൊതിരെ തല്ലി.അവളുടെ മുൻപിൽ ഞാൻ ശെരിക്കും നാണംകെട്ടുപോയി.
ഞാൻ അവിടെ നിന്ന് ഇറങ്ങി സ്ഥിരം സ്ഥലത്തു ഇരുന്നു. പ്രിയയും ആകെ വല്ലാതെ ആയി പോയി. അവൾ എന്റെ അടുത്ത് വന്നു കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു “ എടാ ഞാൻ അറിഞ്ഞില്ല നീ മാർക്ക് പറഞ്ഞിട്ടില്ല എന്ന്. അറിയാതെ പറ്റിപ്പോയതാ എന്ന് “.
എന്നാൽ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു നിന്ന ഞാൻ കൈ കൊണ്ടു അവളെ ഒന്ന് തള്ളി. വേണമെന്ന് വെച്ചു ചെയ്തതല്ല. തള്ളിയതിന്റെ ശക്തിയിൽ അവളുടെ നെറ്റി ഭിത്തിയിൽ പോയി ഇടിച്ചു നല്ലതു പോലെ നീരു വന്നു.
അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ അവളുടെ അടുത്തേക്ക് പോയപ്പോഴേക്കും അവൾ ഓടി അവളുടെ വീട്ടിൽ കയറി.ഇതു ഇനി എന്റെ വീട്ടിൽ അറിഞ്ഞാൽ വീണ്ടും പ്രശ്നമാകും എന്നറിയാവുന്നത് കൊണ്ടു വിദ്യാമ്മയോടും, പ്രിയയോടും ക്ഷമ പറഞ്ഞു പ്രശ്നം തീർക്കുവാൻ രണ്ടും കൽപ്പിച്ചു അവരുടെ വീട്ടിലേക്ക് കയറി.
നെറ്റി എന്താണ് മുഴച്ചിരിക്കുന്നത് എന്ന് വിദ്യാമ്മ ചോദിച്ചപ്പോൾ ഞാൻ സത്യാവസ്ഥ പറയാനായി വാ തുറക്കുന്നതിനു മുമ്പ് പ്രിയ പറഞ്ഞു “ വരുന്ന വഴിക്ക് ഒന്ന് വഴുതിയപ്പോൾ നെറ്റി ഇടിച്ചതാണ് എന്ന് “ ഞാൻ പിന്നെ ഒന്നും പറയുവാൻ നിന്നില്ല. വീട്ടിലേക്ക് പോയി.എന്നാൽ ഈ സംഭവത്തിന് ശേഷം പ്രിയ എന്നോട് പഴയ പോലുള്ള ഒരു അടുപ്പം കാണിച്ചില്ല.
