എന്നാൽ കളർ പെൻസിൽ ഒളിപ്പിക്കുന്നതിനു മുൻപേ തന്നെ അമ്മ അതു കണ്ടിരുന്നു.
അമ്മ അലർച്ചയോടെ,അമ്മയുടെ കൈ വേദനിക്കുന്നത് വരെ എന്നെ പൊതിരെ തല്ലി.
എന്റെ കളർ പെൻസിൽ ഒടിച്ചു തീയിൽ ഇട്ടു.
ഞാൻ കരഞ്ഞു കൊണ്ടു എന്റെ ഇടത്താവളത്തിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിദ്യാമ്മ ഞാൻ അവിടിരിക്കുന്നത് കണ്ടു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോൾ, ഞാൻ പടം വരച്ചത് അമ്മക്ക് ഇഷ്ടപ്പെട്ടില്ല. അതു കൊണ്ട് അടിച്ചു എന്ന് മാത്രം പറഞ്ഞു.
“ എന്റെ മോൻ കരയാതെടാ. ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല. “ എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും ഞാൻ എങ്ങലടിച്ചു കൊണ്ടേ ഇരുന്നു.
വിദ്യാമ്മ എന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു “ പടം വരയ്ക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടുന്നതല്ല. നിന്റെ അമ്മക്ക് ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും എന്തു കൊണ്ടോ നിന്നെ മനസ്സിലാക്കുന്നില്ല.
അപ്പോഴാണ് എന്റെ കയ്യിലേ അടിച്ച പാട് വിദ്യാമ്മ കാണുന്നത്. അതിൽ പതുക്കെ തടവി കൊണ്ടു പറഞ്ഞു, എനിക്ക് പ്രിയക്കു ശേഷം ഒരു ആൺകുട്ടി ഉണ്ടാകണമെന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ദൈവം തന്നില്ല. പക്ഷേ നിന്നെ കണ്ടപ്പോൾ മുതൽ, നിന്നെ ഞാൻ എന്റെ മകനായിട്ടേ കണ്ടിട്ടുള്ളു. അതു കൊണ്ടു പറയുവാ ഇനിയും നീ കരയരുത്.കരഞ്ഞാൽ എനിക്കും സങ്കടമാകും.എന്നിട്ട് എനിക്ക് നെറുകയിൽ ഒരു ഉമ്മയും തന്നപ്പോൾ മനസ് ഒന്ന് തണുത്തു.
നീ സ്കൂളിൽ നിന്നും വന്നിട്ട് വല്ലതും കഴിച്ചോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.
ഉടനെ പോയി എനിക്കു കുറച്ചു കപ്പയും ബീഫും കൊണ്ടു വന്നു തന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും, നിർബന്ധിച്ചു എന്നെ കഴിപ്പിച്ചിട്ടാണ് എന്നെ വിട്ടത്.അവിടെ ബീഫ് അങ്ങനെ മേടിക്കാറില്ല അത്രേ. കാരണം
പ്രിയ ബീഫ് കഴിക്കില്ല. ഇന്ന് അവരുടെ ബന്ധുക്കൾ വന്നതിന് മേടിച്ചതാണ്. എന്തായാലും നല്ല കപ്പയും ബീഫും എനിക്ക് കഴിക്കുവാൻ പറ്റി.
പിറ്റേന്ന് ശനിയാഴ്ച അവധി ആയതിനാൽ ക്രിക്കറ്റ് കളിക്കാൻ പോയി തിരികെ വരുമ്പോൾ പ്രിയ എന്നെ കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. എന്റെ റെക്കോർഡ് ബുക്ക് അല്ലെ അവളുടെ കയ്യിലിരിക്കുന്നത്. ദൈവമേ ഞാൻ വരച്ച പടം അവൾ കണ്ടു കാണുമോ? ഇനി എന്തായിരിക്കും അവളുടെ പ്രതികരണം എന്നെല്ലാം ചിന്തിച്ചു അവളുടെ മുൻപിലെത്തി.
എന്നാൽ അവൾ പതിവ് പോലെ തന്നെ എന്നോട് സംസാരിച്ചു.
എടാ, നിന്റെ റെക്കോർഡ് ബുക്ക് അമ്മയോട് പറഞ്ഞു രാവിലെ എടുത്തിരുന്നു. ഒരു റീഡിങ് ശെരിയായില്ല. അതു കൊണ്ട് റെഫെറെൻസിന് എടുത്തതാ. പക്ഷെ ഇതിന്റെ ആവശ്യം വന്നില്ല. അല്ലാതെ തന്നെ ശെരിയായി.
അപ്പോഴാണ് എനിക്ക് സമാധാനമായതു. ഞാൻ അതു മേടിച്ചു റൂമിൽ കേറി പതുക്കെ തുറന്നു നോക്കിയപ്പോൾ ഫോട്ടോ അതിൽ ഭദ്രമായി തന്നെ ഇരിപ്പുണ്ട്.
