അതു ജാഡ ഒന്നും ഇടുന്നതല്ല. ഞാൻ അടുത്ത് സംസാരിച്ചിട്ടുള്ളത് എന്റെ അമ്മയും ചേച്ചിയുമാണ്. അവർ എന്നോട് കാണിച്ചു കൊണ്ടിരിക്കുന്ന സ്വഭാവം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതിനാൽ, മറ്റു സ്ത്രീകളും അങ്ങനെ ആയിരിക്കും എന്ന ഒരു ചിന്ത എന്റെ മനസ്സിൽ ഉണ്ടാരുന്നു.
സാധാരണ എന്റെ കൂട്ടുകാരോടൊപ്പം കൂടുമ്പോൾ ഏറ്റവും സംസാരിക്കുന്നതു ഞാനാണ്.
എന്നാൽ പ്രിയ ആകട്ടെ തിരിച്ചും. എന്നോട് സംസാരിക്കുന്നപോലെ സ്കൂളിൽ അവൾ വേറെ ആരോടും അങ്ങനെ സംസാരിക്കാറില്ല.
അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്‌കൊണ്ടിരുന്നു. ഒരു ദിവസം വിദ്യാമ്മ എന്നോട് പറഞ്ഞു, പ്രിയക്ക് നല്ല പനിയാണ്. അതു കൊണ്ടു ഇന്ന് വരില്ല. ഈ ലീവ് ലെറ്റർ ഒന്ന് ക്ലാസ്സ് ടീച്ചറിന്റെ കയ്യിൽ കൊടുക്കണേ എന്ന്.ഞാൻ അത് മേടിച്ചു ബാഗിൽ വെച്ചു.
അന്ന് സ്കൂളിലേക്ക് ഇറങ്ങിയപ്പോൾ മുതൽ ആകെ ഒരു മൂഡ് ഓഫ്. എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ചു, അവളുടെ സംസാരവും കേട്ട് പോയിട്ട്, ഇന്ന് ആകെ ഒരു ഒറ്റപ്പെടൽ പോലെ. നടന്നിട്ടും നടന്നിട്ടും സ്കൂൾ എത്തുന്നില്ല. സ്കൂളിൽ കയറിയിട്ടും, എന്റെ മനസിൽ പ്രിയയുടെ മുഖം മാത്രമാണ് വരുന്നത്.
ഞാൻ പ്രിയയേ എന്നെകാളേറെ ഞാൻ സ്നേഹിക്കുന്നുവെന്ന് എന്ന സത്യം അന്നെനിക്ക് മനസ്സിലായി.
അവളുടെ പനി കുറവുണ്ടോ?ഇപ്പോൾ അവൾ ഞാൻ ഓർക്കുന്നതു പോലെ എന്നെയും ഓർക്കുന്നുണ്ടാകുമോ എന്നൊക്കെയുള്ള ചിന്തകൾ എന്നെ അലട്ടി കൊണ്ടിരുന്നു. ഇടയ്ക്കു അവൾ ഇരിക്കുന്ന ബെഞ്ചിലേക് ചുമ്മാതെ ആണെങ്കിലും ഒന്ന് നോക്കും. എങ്ങനെയൊക്കെയോ അന്ന് സ്കൂൾ സമയം കഴിച്ചു കൂട്ടി.വീട്ടിൽ വന്നു അവരുടെ വീട്ടിലേക്ക് ഒന്ന് പോയി പ്രിയയെ കാണണമെന്നുണ്ട്. പക്ഷേ അങ്ങോട്ടേക്ക് പോകുവാൻ ഒരു കാരണമില്ല. അതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റു സ്കൂളിൽ പോകുവാൻ റെഡിയായി. കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വന്നു. നല്ല സുന്ദരിയാണ് അവൾ. എന്നാൽ പനിയുടെ ആയിരിക്കാം ഇന്ന് മുഖത്തിൽ ക്ഷീണം പ്രകടമാണ്.അവളെ കണ്ടപ്പോൾ തന്നെ എനിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാൽ പ്രിയ പഴയ പോലെ തന്നെ ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്നു.
അന്ന് വൈകിട്ട് പഠിക്കുവാൻ ഇരിക്കുമ്പോഴും എനിക്ക് പ്രിയയുടെ മുഖമാണ് ഓർമയിൽ വരുന്നത്.എന്റെ ആകെയുള്ള ഒരു കഴിവ് ഞാൻ നന്നായി പടം വരക്കും. എന്നാൽ പഠിത്തം ഉഴപ്പുമെന്നു പറഞ്ഞു വീട്ടുകാർ മേലാൽ വരക്കരുത് എന്ന് പറഞ്ഞതിനാൽ അതു മാറ്റി വെച്ചിരിക്കുവാരുന്നു. എന്നാൽ അന്ന് അവളുടെ മുഖം മായാതെ നിൽക്കുന്നതിനാൽ പെട്ടെന്ന് ഒരു പേപ്പറും,പെൻസിലും,കളറും എടുത്തു അവളുടെ പടം വരക്കുവാൻ ആരംഭിച്ചു. ഒരു 85% വരച്ചു കഴിഞ്ഞപ്പോൾ ആരോ റൂമിലേക്ക് നടന്നു വരുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് അടുത്തിരുന്ന റെക്കോർഡ് ബുക്കിന്റെ ഉള്ളിലേക്ക്,വരച്ച പടം ഒളിപ്പിച്ചു വെച്ചു.
