മാർക്ക് കിട്ടുന്ന ദിവസം ചേട്ടനും ചേച്ചിക്കും എന്റെ മാർക്ക് അറിയാനാണ് താല്പര്യം.
മാർക്ക് കുറഞ്ഞാൽ അമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടുമെന്ന് ഉറപ്പാണ്.അതിന്റെ കൂടെ ഇവരുടെ മൂപ്പിക്കൽ കൂടിയാകുമ്പോൾ അമ്മ എന്നെ നല്ലതു പോലെ അടിക്കും.
ഇത്രയും മിടുക്കരുടെ കൂട്ടത്തിൽ എന്നെ പോലെ ഒരു പേട്ട് തേങ്ങ ഈ കുടുംബത്തിൽ എങ്ങനെ ഉണ്ടായി എന്ന് അവർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്.
ശരിക്കും അവർക്ക് ഞാൻ ഒരു പരിഹാസപാത്രമായി മാറി കഴിഞ്ഞിരുന്നു.
എന്നാലും കഠിനമായ ശിക്ഷകൾക്കോ, എന്റെ സ്വഭാവത്തിനോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
എന്ന് വെച്ച് എനിക്ക് വിഷമം ഇല്ല എന്നല്ല കേട്ടോ. എനിക്ക് ഉള്ളിന്റെ ഉള്ളിൽ നല്ല സങ്കടം ഉണ്ട്. പക്ഷേ എനിക്ക് എന്റെ സങ്കടങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ യാതൊരു താല്പര്യവുമില്ല.
എന്നാൽ എന്റെ കൂട്ടുകാർ പറയുന്നത് എനിക്ക് ഭയങ്കര ധൈര്യമാണ് എന്നാണ്. കൂട്ടുകാരുടെ കൂടെ എല്ലാ പരുപാടിക്കും കട്ട സപ്പോർട്ട് ആയി നിൽക്കുമെങ്കിലും, എന്റെ വീട്ടിലെ എന്റെ ദയനീയ അവസ്ഥ സത്യത്തിൽ എന്റെ മനസ് വിഷമിപ്പിച്ചിരുന്നു. ജീവിതം ശെരിക്കും മടുത്ത ഒരവസ്ഥ.
സത്യത്തിൽ ഞാൻ മാനസികമായി അത്ര കരുത്തുള്ളവനല്ല. നിസാര കാര്യങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരുകയും, സങ്കടം വരുമ്പോൾ പെട്ടെന്ന് കരയുകയും ചെയ്യുന്ന ഒരാളാണ്.
എന്നാൽ എന്റെ ഈ സ്വഭാവം ആർക്കും അറിയില്ല.
ഞങ്ങളുടെ വീടിന് പുറകിലായി ഒരു വഴിയുണ്ട്.പുറകിലത്തെ വീട്ടിലേക്കു പോകുവാനുള്ള ഒരു ഇട വഴിയാണ് അതു. ആ വീട്ടിൽ ആരും താമസമില്ല.പ്രധാന വഴി മുൻപിൽ കൂടിയുണ്ട്.
വഴിയുടെ അരികിലായി കുറെ പാറ കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്. അവിടേക്ക് അങ്ങനെ ആരും വരാറില്ല. എനിക്ക് സങ്കടങ്ങൾ സഹിക്കാൻ വയ്യാതെ വരുമ്പോൾ ഞാൻ അവിടെ പോയി കുറെ നേരം ഇരിക്കും. അവിടിരുന്നു ഒന്ന് പൊട്ടി കരയുമ്പോൾ എന്റെ മനസിന് കുറിച്ചൊരു ആശ്വാസം ലഭിക്കും.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പുറകിലത്തെ വീട്ടിൽ താമസക്കാർ വന്നത്.
പ്രസാദേട്ടനും,വിദ്യാ ആന്റിയും അവരുടെ മകൾ പ്രിയയും.
ഇവർ ഇടുക്കിക്കാരാണ്. പ്രസാദേട്ടന് അവിടെയുള്ള ഒരു തുണി കടയിൽ അക്കൗണ്ടന്റ് ആണ്. വിദ്യാമ്മക്ക് ജോലി ഒന്നുമില്ല. പ്രിയയേ അവർ എന്റെ ക്ലാസ്സിൽ തന്നാണ് ചേർത്തത്.
ഞാനും അവളും ഒരുമിച്ചാണ് സ്കൂളിൽ പൊയ്‌കൊണ്ടിരുന്നത്. പോകുന്ന വഴിയിൽ അവളുടെ ഇടുക്കിയിലെ കാര്യങ്ങളും, കണ്ട സിനിമ കഥകളും എന്ന് വേണ്ട എല്ലാം എന്നോട് പറയും. ഞാൻ ഇതെല്ലാം കേട്ടു തലയാട്ടുക മാത്രം ചെയ്യും.അത്യാവശ്യത്തിന് മാത്രം സംസാരിക്കും.
