അതുപോലെ തന്നെ ചേച്ചി പറഞ്ഞില്ലേ ആഹാരം ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുവെന്ന്. ചേച്ചി ഒന്ന് ആലോചിച്ചു നോക്കൂ, ചേച്ചിക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമാണ് ചേച്ചി വന്നതിൽ പിന്നെ അവിടെ ഉണ്ടാക്കിയിട്ടുള്ളത്.എപ്പോഴും ബീഫ് കഴിക്കുന്ന ശ്രീ, ചേച്ചി വന്നതിനു ശേഷം ബീഫ് മേടിച്ചിട്ടേയില്ല. കാരണം ബീഫ് ചേച്ചിക്ക് ഇഷ്ടമല്ല എന്ന് അവൻ അറിയാം.
ഇതൊക്കെ കേൾക്കുമ്പോൾ പ്രിയയുടെ കണ്ണുകൾ നിറയുന്നത് ട്രീസ കണ്ടുവെങ്കിലും അവൾ അത് കാണാത്തതുപോലെ നടിച്ചു.
അങ്ങനെ ഞങ്ങൾ കാപ്പി കുടിച്ചു പിരിയാൻ നേരം പ്രിയ ട്രീസയോട് പറഞ്ഞു നമ്മൾ ഇവിടെ സംസാരിച്ചതൊന്നും ശ്രീയെ അറിയിക്കേണ്ട.
ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.
ഞാൻ വിളിച്ച് എന്താണ് സംസാരിച്ചത് പ്രിയയുമായി എന്ന് ചോദിച്ചപ്പോൾ അവൾ നാട്ടിൽ പോകുവാണ് എന്ന് മാത്രം പറഞ്ഞു.
അന്നും പതിവുപോലെ പ്രിയ ഉറങ്ങിക്കഴിഞ്ഞപ്പോൾ റൂമിലേക്ക് ചെന്ന് പതുക്കെ ഒരു ഉമ്മ കൊടുക്കാനായി ശ്രമിച്ചപ്പോഴേക്കും പെട്ടെന്ന് ലൈറ്റ് ഓൺ ആയി. ഞാൻ നോക്കുമ്പോൾ പ്രിയ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. കള്ളത്തരം പിടിച്ച ഞെട്ടലിൽ ഞാൻ അങ്ങനെ നിന്നുപോയി . പ്രിയ എന്നോട് ചോദിച്ചു ”എന്താണ് ശ്രീ ? എന്തിനാ നീ ഇപ്പോൾ മുറിയിൽ വന്നത്? അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ ഇരിപ്പ് ? ഇതിനാണല്ലേ നീ എന്നെ ഇവിടെ ഫ്ലാറ്റിൽ കൊണ്ട് നിർത്തിയത്?
പ്രിയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറി.
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഇത്രയും നാൾ മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ച ,എന്റെ പെണ്ണ് തെറ്റിദ്ധരിച്ചപ്പോൾ, സത്യത്തിൽ ഞാൻ ആകെ തളർന്നു പോയി. എന്റെ തൊണ്ടയൊക്കെ വരണ്ടു. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി. ഇനിയും ഞാൻ അവിടെ നിന്ന് കഴിഞ്ഞാൽ കരയുമെന്നു എനിക്ക് മനസ്സിലായതിനാൽ ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ഒരുപാട് ചിന്തകൾ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. ഒന്ന് കരഞ്ഞു കഴിഞ്ഞപ്പോൾ ഒരു സ്വല്പം ആശ്വാസം തോന്നിയെങ്കിലും ഇനിയും എങ്ങനെ ഞാൻ പ്രിയേ അഭിമുഖീകരിക്കും എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി.
കുറച്ചുകഴിഞ്ഞപ്പോൾ പ്രിയ എന്റെ മുറിയിലേക്ക് നടന്നുവരുന്നതു പോലെ തോന്നി. തോന്നലായിരിക്കാം എന്ന് വിചാരിച്ച് കിടന്നപ്പോൾ ആരോ എന്റെ പുറകിൽ വന്ന് കിടക്കുന്നു എന്നിട്ട് ഒരു കൈ വന്ന് എന്നെ കെട്ടിപിടിക്കുന്നു.
പ്രിയയാണ് എന്ന് എനിക്ക് മനസ്സിലായി എന്നാൽ ഒരു വലിയ ബഹളം പ്രതീക്ഷിച്ച ഞാൻ അവൾ ഇങ്ങനെ ചെയ്തപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി.
അല്പനേരം അങ്ങനെ കെട്ടിപ്പിടിച്ചു കിടന്നതിനു ശേഷം അവൾ എന്നെ വിളിച്ചു “ശ്രീ, ശ്രീ ഇങ്ങോട്ടൊന്നു തിരിഞ്ഞ് കിടക്കു. എന്നാൽ ഞാൻ തിരിയാൻ കൂട്ടാക്കിയില്ല. എന്നാൽ എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ എന്റെ ദേഹത്ത് കിടക്കുന്ന കൈ ഞാൻ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു “സത്യമായിട്ടും ഞാൻ ഒരു ദുരുദ്ദേശത്തിലും അല്ല പ്രിയ അങ്ങോട്ട് വന്നത്.അപ്പോഴേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു.
എന്റെ ശ്രീ, നീ ഇതുവരെയായിട്ടും എന്നെ മനസ്സിലാക്കിയില്ല എന്നൊരു സങ്കടം മാത്രമേ എനിക്ക് ഉള്ളൂ.
നിനക്ക് എന്നോട് ഒരു സ്നേഹമുണ്ട് എന്ന് എനിക്ക് ആദ്യമായിട്ട് തോന്നിയത് പണ്ട് പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് നിന്റെ റെക്കോർഡ് ബുക്കിൽ നിന്ന് എന്റെ ഒരു പടം കിട്ടിയപ്പോഴാണ്.എന്നാൽ അത് കിട്ടിയപ്പോൾ ആദ്യം ഒന്ന് ഞാൻ ഞെട്ടിയെങ്കിലും പിന്നീട് ആരും കാണാതെ തന്നെ ഞാൻ അത് തിരിച്ചു നിന്നെ ഏൽപ്പിച്ചിരുന്നു.
