ഇപ്പോൾ ഇവിടെ വന്നിട്ട് ആറുമാസമായി കഴിഞ്ഞ ദിവസം ജോലി സ്ഥിരം ആയിട്ടുണ്ട്. പ്രൊബേഷൻ പീരിഡ് കഴിഞ്ഞു.
ഇപ്പോ അച്ഛനും അമ്മയ്ക്കും പ്രായമായി വരികയാണ്. ഒരു വീടും കൂടി ആകുന്ന സ്ഥിതിക്ക് അവർ എന്റെ കല്യാണം ആലോചിക്കുകയാണ്.ഇതൊക്കെ ഒന്ന് തീരുമാനിക്കാനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.
ഞാൻ വന്നിട്ട് ഇത്രയും നാളായിട്ടും നാട്ടിൽ ഒന്നും പോയില്ല. കാരണം പ്രൊബേഷൻ സമയത്ത് നമുക്ക് ലീവ് എടുക്കാൻ പറ്റില്ലല്ലോ.
ഞാൻ ഒന്ന് നാട്ടിൽ പോവുകയാണ്. തിരിച്ചു വരുന്ന സമയത്ത് എനിക്ക് ഒരു ലേഡീസ് ഹോസ്റ്റലിൽ ഒരു താമസം ശരിയാക്കിത്തരാൻ ട്രീസക്ക് സാധിക്കുമോ?
അതെന്തു പറ്റി പ്രിയ?അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?അതോ ശ്രീയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?
അതുകൊണ്ടല്ല ട്രീസാ , എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യമാണ്.
എന്നിരുന്നാലും ഞാൻ അവിടെ നിങ്ങളുടെ ഇടയിൽ നിൽക്കുന്നത് ഒരു ശരിയായ കാര്യമല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ വന്ന ദിവസം തന്നെ ശ്രീ എന്നോട് പറഞ്ഞിരുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള ഫുഡ് ആണ് പ്രധാനമായിട്ടും അവിടെ പാചകം ചെയ്യുന്നത്.
അങ്ങനെ പല കാര്യങ്ങളും ഇപ്പോൾ ഞാൻ ഉള്ളത് കാരണം നിങ്ങൾക്ക് ഒരു സ്വാതന്ത്ര്യ കുറവ് ഞാൻ മനസ്സിലാക്കുന്നു . നിങ്ങൾ എന്നോട് പറയുന്നില്ല എന്നെ ഉള്ളൂ.അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
അതുപോലെ വന്ന ദിവസം മുതൽ എനിക്ക് വേണ്ടി ഒരുപാട് പൈസ ചെലവഴിച്ചിട്ടുണ്ട്.ഞാൻ അതിന്റെ ഒന്നും കണക്ക് വെച്ചിട്ടില്ല.
എന്നാലും ഈ പൈസ മേടിക്കണം എന്നു പറഞ്ഞുകൊണ്ട് പ്രിയയുടെ കയ്യിൽ കുറച്ച് പണം ഏൽപ്പിക്കുവാൻ തുടങ്ങി. എന്നാൽ ട്രീസ അത് മേടിച്ചില്ല.
പകരം ഉറക്കെ ചിരിച്ചുകൊണ്ട് പ്രിയയോട് പറഞ്ഞു . പ്രിയ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
പ്രിയ ഇപ്പോൾ പറഞ്ഞല്ലോ എന്റെയും ശ്രീയുടെയും ഇഷ്ടങ്ങൾ എന്ന്.എനിക്ക് തോന്നുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രിയക്ക് ശരിയായിട്ട് മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് പ്രീയയുടെ മനസ്സിൽ ചെറിയൊരു തെറ്റിദ്ധാരണ വന്നത് എന്ന് എനിക്ക് തോന്നുന്നു.ഞാൻ തന്നെയാണ് ആദ്യത്തെ ദിവസം പരിചയപ്പെട്ടപ്പോൾ ആ ബന്ധം പറയേണ്ട എന്ന് പറഞ്ഞത്.ചുമ്മാതെ ഒരു കൗതുകത്തിനു. അല്ലാതെ വേറെ ഉദ്ദേശം കൊണ്ടല്ല.
ഞാൻ ശ്രീയുടെ അപ്പച്ചിയുടെ അതായത് അവന്റെ അച്ഛന്റെ പെങ്ങളുടെ മകളാണ്. എന്റെ അമ്മ ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചതിനാൽ ശ്രീയുടെ വീട്ടുകാർ ഞങ്ങളോട് ഇപ്പോൾ മിണ്ടാറില്ല. ഒരിക്കൽ ഇങ്ങനെ മാളിൽ വച്ച് ഞാനും ഇവനും തമ്മിൽ കണ്ടുമുട്ടി. അവന് എന്നെ മനസ്സിലായില്ല.എന്നാൽ എനിക്ക് അവനെ മനസ്സിലായി. കാരണം അവന്റെ ഫേസ്ബുക്ക് പേജിലെ ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു എന്റെ അമ്മയ്ക്ക് വലിയ കാര്യമാണ് ശ്രീയെ.
സ്നേഹമുള്ള പയ്യനാണ് എന്ന് എപ്പോഴും പറയും. ഇതൊക്കെ ഉള്ളതുകൊണ്ട് ആവാം ഞാൻ അവനോട് അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു.അവൻ ആദ്യം ഒന്നും എന്നോട് അത്ര അടുപ്പം കാണിച്ചില്ല. പക്ഷേ പിന്നീട് മനസ്സിലായി ഞാനും അവനും ഒരേ വൈബ് ആണ് എന്നു. അതു കൊണ്ടു തന്നെ ഇപ്പോൾ ഞങ്ങൾ സഹോദരങ്ങൾ എന്നതിനേക്കാൾ ഉപരി ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്.
അവൻ ആകെ മനസ്സ് തുറന്നിട്ടുള്ളത് എന്നോട് മാത്രമാണ്. അവന്റെ ചെറുപ്പകാലത്ത് അവന്റെ മാതാപിതാക്കളും, സഹോദരങ്ങളും അവനോട് പെരുമാറിയതും, അവന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് പ്രിയയോടുള്ള ഇഷ്ടവും.
ഇത് കേട്ട ഉടനെ പ്രിയ ചെറുതായിട്ട് ഞെട്ടി.
ട്രീസ തുടർന്നു: ഞെട്ടണ്ട!! ചേച്ചിയെ കണ്ട കാലം മുതൽ അവന്റെ മനസ്സിൽ ചേച്ചിയുണ്ട്.എന്നാൽ പോലും അവൻ ഇത് ആരോടും പറഞ്ഞിട്ടില്ല. ഒന്നാമത് വേറെ ഒരാളോട് പറഞ്ഞു വീട്ടിൽ അറിഞ്ഞു പോയാൽ കിട്ടുന്ന ശിക്ഷ. രണ്ടാമത്, അവനോട് അന്നൊക്കെ സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത് പ്രിയയുടെ അമ്മ വിദ്യാമ്മയാണ്. അപ്പോൾ ആ അമ്മയോടും കാണിക്കുന്ന ഒരു വഞ്ചന പോലെ ശ്രീക്ക് തോന്നി. അതുകൊണ്ടാണ് ചേച്ചിയോടുള്ള ഇഷ്ടം അവൻ ഇന്നും മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നത്.
പിന്നെ നീ ഇപ്പോൾ എനിക്ക് തരാൻ വെച്ചിരുന്ന ഈ കാശ് ശരിക്കും കൊടുക്കേണ്ടത് ശ്രീക്കാണ്.ചേച്ചി അറിയാതെ അവനാണ് എനിക്ക് കാശ് തരുന്നത് അവന്റെ പ്രണയിനിക്ക് സാധനങ്ങൾ മേടിക്കുവാൻ.
