…പിന്നെയും പുറത്തേക്ക് നോക്കിയിരുന്നപ്പോൾ പുറത്തുനിന്നുള്ള കാറ്റടിച്ച് കണ്ണുകളിൽ ഉറക്കം വന്ന് കൺപോളകൾക്ക് കനം വയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ പതിയെ തോളിൽ നിന്ന് അടർത്തിമാറ്റി നേരെ ഇരുത്തി… ഇനിയും ഉറങ്ങിയാൽ ശെരിയാവില്ല എന്ന് തോന്നിയപ്പോൾ കുടിക്കാനായി കയ്യിൽ കരുതിയിരുന്ന Bisleri മിനറൽ വാട്ടറിന്റെ ഒരു ബോട്ടിലുമായി ഡോറിനടുത്തായിട്ടുള്ള വാഷ് ബേസിനരികിലേക്ക് നടന്നു… കണ്ണും മുഖവും ഒക്കെ ഒന്ന് നന്നായി കഴുകി കുറച്ച് വെള്ളവും കുടിച്ച് മുഖമൊക്കെ തുടച്ച് മുടിയൊക്കെ ഒന്ന് ശെരിയാക്കി ഞാൻ വീണ്ടും സീറ്റിലേക്ക് നടന്നു… അപ്പോഴേക്കും ആഷി ഉണർന്നിട്ടുണ്ടായിരുന്നു… ഉറക്കച്ചടവോടെ എണീറ്റിരുന്ന് കണ്ണുതിരുമ്മുന്ന അവൾക്ക് നേരേ ഞാൻ മറ്റൊരു മിനറൽ വാട്ടർ ബോട്ടിൽ നീട്ടിയിട്ട് മുഖം കഴുകി വരാൻ പറഞ്ഞു… അവൾ എന്റെ കയ്യിൽ നിന്ന് ബോട്ടിലും വാങ്ങി പോയി മുഖവും കഴുകി വന്ന് എന്നോട് ചേർന്നിരുന്നു… ഇത്രയും നേരം ഉറങ്ങിയിട്ടാണോ എന്തോ പെണ്ണിന്റെ മുഖം അല്പം ചീർത്തിട്ടുണ്ട്… അല്ലെങ്കിലും പനി വരുമ്പോഴും ഉറങ്ങി എണീക്കുമ്പോഴും പെണ്ണുങ്ങളെ കാണാൻ ഒരു പ്രേത്യേക ഭംഗിയാണ്…
…അവൾ ഒരു Earphone എടുത്ത് Phone ൽ Connect ചെയ്ത് ഒരു Bud എനിക്ക് നേരെ നീട്ടി ഞാൻ അതെടുത്ത് ചെവിയിൽ വെച്ചു…
“സമ്മർ ഇൻ ബത്‌ലഹേം” എന്ന സിനിമയിലെ…
“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…” എന്ന ഗാനം ആയിരുന്നു അത്…
…പാട്ടുകള്‍ക്ക് ഗ്രാമ്യകല്‍പനകളുടെ സുഗന്ധമേകിയ പ്രിയപ്പെട്ട രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഓർമ്മകളുടെ കൂടാരത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി… ഒരു കൂട്ടിനായി ഒരുപിടി നല്ല ഓർമ്മകൾ തോൾസഞ്ചിയിൽ നിറക്കാൻ തുനിയാത്തവർ ഉണ്ടാവില്ല ഓരോ ജീവിതത്തിലും… തുറന്ന കണ്ണിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ് കണ്ണടച്ചാൽ ഓർമ്മകൾ സമ്മാനിക്കുന്ന സ്വപ്നങ്ങൾ എന്ന സത്യം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്… പലരും നമ്മുടെ ഓർമ്മകളിൽ ഉണ്ടാവുമെങ്കിലും വളരെ ചിലർ മാത്രമെ നമ്മുടെ സ്വപ്നങ്ങളിൽ വിരുന്നുകാരാവാറുള്ളു… സ്വപ്നത്തിലെ വിരുന്നുകാരായിരിക്കാം നമ്മുടെ ഹൃദയത്തോട് ഒട്ടിച്ചേരുന്നത്…
…മനസ്സിൽ ചിന്തകളുടെ കനൽ എരിഞ്ഞുവെങ്കിലും തല പെരുത്ത് തുടങ്ങിയതുമൂലം വീണ്ടും ഓർമ്മകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല… പാട്ടൊക്കെ കേട്ടത് കൊണ്ടാവണം ബാക്കി നിന്നിരുന്ന അല്പം ഉറക്കവും പമ്പ കടന്നിരുന്നു…
❤️❤️❤️❤️❤️ ??