പ്രണയിനി 8 [The_Wolverine] 1359

…ഞാൻ ആലോചിക്കുകയായിരുന്നു സ്വന്തം അച്ഛനും അമ്മയും ജീവന്റെ പാതിയായി ഞാൻ സ്നേഹിച്ച എന്റെ പെണ്ണും ചങ്കായി കൂടെക്കൂട്ടിയ കൂട്ടുകാരും ഒന്നും എന്നെ ഒന്ന് വിശ്വസിക്കുവാനോ ഞാൻ പറയുന്നത് കേൾക്കുവാനോ തയ്യാറാകാഞ്ഞപ്പോഴും എന്റെ തോളിൽ ഒരു ആശ്വാസത്തിന്റെ കൈ വെച്ചത് അന്നും ഇന്നും ശ്യാം മാത്രമായിരുന്നു…   അതോർത്തപ്പോൾ എന്റെ ചങ്ക് ഒന്ന് പിടച്ചു കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു…   കുറച്ചു സമയം അങ്ങനെ ഇരുന്നതിനുശേഷം എന്റെ തോളിൽ ചാരിക്കിടന്ന് ഉറങ്ങുന്ന പെണ്ണിനെ ഒന്ന് നോക്കി,   ഉറങ്ങുവാണേലും അവളുടെ മുഖത്ത് ഒരു നറുപുഞ്ചിരി ഉണ്ട്…   പുറത്തുനിന്നുള്ള കാറ്റുകൊണ്ട് അലക്ഷ്യമായി അവളുടെ മുഖത്തേക്ക് പാറിപ്പറക്കുന്ന ആ ഉള്ളുള്ള മുടിയെ ഞാൻ പതിയെ എന്റെ ഇടം കൈകൊണ്ട് ഒതുക്കിവെച്ചുകൊണ്ട് അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്തണച്ചുകിടത്തി,   അത് അറിഞ്ഞിട്ടോ എന്തോ പെണ്ണ് ഒന്നൂടെ ചിണുങ്ങിക്കൊണ്ട് എന്നോട് ഒട്ടിക്കിടന്നു…   ഇനി എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇവൾ മാത്രമേയുള്ളൂ എന്റെ ആഷിക…

 

…പുറത്തേക്ക് നോക്കിയപ്പോൾ നല്ല മഴയുടെ ലക്ഷണം കാണുന്നുണ്ട് കൂടാതെ ഏകദേശം വൈകിട്ടോടടുത്തിട്ടുമുണ്ട്…   വാച്ചിൽ സമയം നോക്കിയപ്പോൾ ഏകദേശം 06:30 യോട് അടുത്തിട്ടുണ്ടായിരുന്നു…   ദൈവമേ സമയം ഇത്രയും ആയോ.?   രാവിലെ ഭക്ഷണം കഴിച്ചിട്ട് നേരേ കേറി ഇരുന്നതാണ് അതിനിടയിൽ ഒന്ന് മയങ്ങിയും പോയി…   അവളും ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് ആകെ എന്തോപോലെ ആയി…   അവളുടെ കാര്യങ്ങൾ നോക്കേണ്ട ഞാൻ ഒരു ഉത്തരവാദിത്തമില്ലാത്തവനെപ്പോലെ കിടന്നുറങ്ങിയതോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി…   പാവം ഒന്നും കഴിച്ചിട്ടുണ്ടാവില്ല ക്ഷീണം കൊണ്ട് മയങ്ങിപ്പോയതായിരിക്കും…   ഞാൻ പെട്ടെന്ന് തന്നെ അവളെ വിളിച്ചുണർത്താൻ ശ്രമിച്ചു…

 

“ആഷീ… എടീ… എണീക്ക് സമയം എത്രായീന്നറിയോ…”

…ഞാൻ അവളുടെ മുഖത്ത് പതിയെ തട്ടി വിളിച്ചു…

 

“മ്മ്… ഹും… ഹും… ഞാൻ കുറച്ചൂടെ കിടക്കട്ടെ ഏട്ടാ…”

…ഞാൻ അവളെ ഉണർത്താൻ ശ്രമിക്കുന്നത് ശല്യമായി തോന്നിയത് കൊണ്ടോ എന്തോ പെണ്ണ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരി…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.