പൊതിച്ചോർ 27

Pothichor by Ammu Santhosh

അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്.

“12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം ”

അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് ചെയ്തു.

അനിയത്തി സ്കൂളിൽ പോയി കഴിഞ്ഞു.

അമ്മ ഷോപ്പിൽ പോകാറായി. തന്നെ കോളേജിൽ വിട്ടിട്ടു പോകുകയാണ് പതിവ്. ഇന്ന് തനിക്കു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്

അവൾ അമ്മയുടെ മുറിയില് ചെന്നു. അമ്മ കുളിച്ചു വന്നു വസ്ത്രങ്ങൾ മാറിയുടുക്കുന്നു. നരച്ച കോട്ടൺ സാരീ ചുളിവുകൾ മാറ്റി ഉടുത്ത് അമ്മ അവളെ നോക്കി

അച്ഛൻ ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മ പുതുവസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾക്കു നേർത്ത കുറ്റബോധം തോന്നി അമ്മയെ ഒളിച്ച് ഇത് വരെ ഒന്നും ചെയ്തിട്ടില്ല. രാഹുലിന്റെ കാര്യം അമ്മയ്ക്കറിയാം പക്ഷെ ഇന്നത്തെ കാര്യം പറഞ്ഞിട്ടില്ല. രണ്ടു പെണ്മക്കൾ അമ്മയുടെ ആധി ആണെന്നും അറിയാം. എങ്കിലും രാഹുലിനോടുള്ള പ്രണയം തീ പോലെ ഉള്ളിൽ കത്തുമ്പോൾ ശരിതെറ്റുകൾ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല.

“പൊതിച്ചോർ മേശപ്പുറത്ത് ഉണ്ട് മോളെ. എടുത്തോ? ”

അവൾ ഇല്ല എന്ന് തലയാട്ടി

“ഇന്ന് എന്റെ കുട്ടിക്കിഷ്ടമുള്ളതാ ചമ്മന്തിയും മുട്ട പൊരിച്ചതും ചീരത്തോരനും. വയർ നിറച്ചു കഴിക്കണം. എന്നാലേ പഠിക്കാൻ ഉത്സാഹം ഉണ്ടാകു… ഒരു ജോലി വാങ്ങണം.. എന്നിട്ട് നിന്റെ രാഹുലിന്റെ കൈയിൽ തന്നെ നിന്നെ പിടിച്ചേൽപ്പിക്കും ”

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു