‘ ” പ്രവാസത്തിന്റെ നാളുകളിൽ മണലാരണ്യത്തിലൂടെയുള്ള യാത്രയിലാണ് ഈ പുഴയുടെ സൗന്ദര്യം മനസ്സിന്റെ തിരശീലയിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നിരുന്നത്.’പ്രവാസത്തിന്റെ ദ്വൈ വാർഷികത്തിനു ശേഷം വിവാഹത്തിന്റ അടുത്ത ദിവസം പ്രിയതമയോടൊപ്പം കടത്തുവഞ്ചിയിൽ ചേച്ചിയുടെ വീട്ടിലേക്ക് പോയത് മധുര മുള്ള ഓർമ്മയായി ഇപ്പോഴും നിലനിൽക്കുന്നു. വഞ്ചികടത്തുകാരൻ ഞങ്ങളുടെ അയൽവാസിയായിരുന്ന അബ്ബാസ് ഇക്കയായിരുന്നു. അനേക വർഷത്തെ പ്രവാസ ജീവിതം കൊണ്ട് കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന അബ്ബാസ് ഇക്കക്ക്കടത്തുകാരന്റെ വേഷവും അണിയേണ്ടിവന്നു. കടത്തുവഞ്ചി കരയിൽ അടുക്കാറായപ്പോൾ ഓർക്കാപ്പുറത്ത് “കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം “എന്ന ഗാനം ഞാൻ പാടിയത് കേട്ട് വഞ്ചി തുഴഞ്ഞയാൾക്കും മറ്റു യാത്രികർക്കും കൂടെയുണ്ടായിരുന്ന പ്രിയതമക്കും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചേച്ചിയുടെ മകൾ കൊച്ചു കുട്ടിയായിരുന്ന വീണക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.” കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ “എന്ന ഗാനമാണ് ഈ സന്ദർഭത്തിൽ വേണ്ടത് എന്ന് വീണയുടെ ഒരു നിർദ്ദേശവും. സന്ദർഭത്തിനനുസരിച്ച് പെട്ടെന്ന് പാട്ടിന്റെ ഒന്നു രണ്ടു വരികൾ പാടുന്ന ഒരു വ്യാധി അന്ന് എനിക്ക് ഉണ്ടായിരുന്നു.
ഇപ്പോൾ കടത്ത് കടക്കാൻ ആളുകൾ ഇല്ല. എല്ലാവരും വാഹനത്തിലാണ് യാത്ര. അല്പം വളഞ്ഞു പോയാലും (കണ്ടശ്ശാങ്കടവ് പാലം വഴി)കാൽനട യാത്രയോടും കടത്തുവഞ്ചിയോടും തീരദേശക്കാർക്കു പോലും വൈമുഖ്യം,
‘ പുഴ കൈയ്യേറ്റവും മാലിന്യ നിക്ഷേപവും മൂലം ഈ കൊച്ചുപുഴ ഇനി എത്രനാൾ ഉണ്ടാകും? അടുത്ത തലമുറയോട് ഇങ്ങനെ ഒരു കനാൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കൊടുക്കേണ്ടി വരുമോ? തീരദേശ താമസക്കാരെ കുടിയിറക്കാതെ തന്നെ ഈ പുഴയെ സംരക്ഷിക്കാൻ നമുക്കും നമ്മളെ നയിക്കുന്നവർക്കും കഴിയുമോ? നദീതട സംസ്കാരത്തെ കുറിച്ചുള്ള അറിവ് പാഠപുസ്തകത്തിനു പുറത്തേക്കും വ്യാപിപ്പിക്കേണ്ടതല്ലേ?