പുഴയോര സഞ്ചാരസ്മരണകൾ 8

Views : 857

Puzhayorasanchara Smaranakal by രാഗനാഥൻ വയക്കാട്ടിൽ

ഒരു പാടു തവണ കടത്തുവഞ്ചി കടന്നിട്ടുള്ള കനോലി കനാൽ. കടത്തുകാരൻ അക്കരെയാണെങ്കിൽ ഇവിടെ നിന്നും ഉറക്കെ കൂകിവിളിക്കും ഉറക്കെ ഒച്ചയെടുക്കാൻ കിട്ടുന്ന ആ അവസരം പാഴാക്കാറില്ല.ആ ശബ്ദം മാറ്റൊലിയായി തിരിച്ചു വരും.

‘സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് കക്ക വാങ്ങാൻ വേണ്ടി പുലത്തറക്കടവിൽ പോകാറുണ്ട്.അങ്ങനെയാണ് പുഴയും തീരവുമായി ഒരു അടുപ്പം വരുന്നത്. അതേ കാലഘട്ടത്തിൽ തന്നെ അവധിക്കാലമാകുമ്പോൾ അച്ഛനമ്മമാരോടൊപ്പം അമ്മാവന്റെ പെരിങ്ങോട്ടുകര വടക്കുംമുറിയിലെ ( താന്ന്യം) വീട്ടിലേക്ക് പോയിരുന്നത് തളിക്കുളം കിഴക്കുഭാഗത്തെ മുറ്റിച്ചൂർ കടവ് കടന്നിട്ടായിരുന്നു. അന്നത്തെ കടത്തു കൂലി രണ്ടു ഭാഗത്തേക്കും കൂടി മൂന്നു പൈസ മാത്രം” കൂടാതെ വല്യമ്മയുടെ വീട്ടിലേക്ക് പുലത്തറക്കടവിന് ഒരു കിലോമീറ്റർ തെക്കുഭാഗത്തെ എടത്തറക്കടവ് കടന്ന് പോയത് ഒരു മങ്ങിയ ഓർമ്മയായി നിൽക്കുന്നു. അക്കാലത്ത് ഗുരുവായൂരിൽ പോകാൻ ചേറ്റുവയിലൂടെ ബോട്ട് കടക്കണം, പുഴയുമായി ബന്ധപ്പെടാതെ ജീവിതമില്ല എന്ന അവസ്ഥ.

മഴക്കാലമായാൽ ഞങ്ങളുടെ വീടിനു ചുറ്റും മൊത്തം വെള്ളമായിരിക്കും. നടുക്കടലിലെ ഒരു ബോട്ട് പോലെ ഞങ്ങളുടെ വീടും. തൊട്ടടുത്ത് വീടുകൾ അധികമില്ല. വീടിന്റെ തറ ഒരു മീറ്റർ ഉയരമുണ്ടായിരുന്നതിനാൽ വീടിനകത്ത് വെള്ളം കയറില്ല.വർഷം തോറും വെള്ളം കയറുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ സമയത്ത് പുറത്തേക്ക് പോകണമെങ്കിൽ ഒരു ചെറിയ വഞ്ചി വാടക ക്ക് കൊണ്ടു വരും. പിന്നെ ഞാനും അനിയന്മാരും വഞ്ചിയിൽ നിന്നും ഇറങ്ങില്ല .വീടിനു മുറ്റത്ത്‌ വെള്ളത്തിലാണ് ഞാൻ നീന്തൽ പഠിച്ചത് ‘ അതും അഞ്ചു വയസ്സിനു മുമ്പേ’. .ഉണക്കച്ചകിരി കയറിൽ കോർത്ത്‌ പുറത്ത് വച്ച് കെട്ടി സ്വയം നീന്തൽ പഠിച്ചു.

വാടാനപ്പള്ളി ജവഹർ ടാക്കീസിൽ സത്യനും നസീറും പ്രധാന വേഷത്തിലഭിനയിച്ച ആരോമലുണ്ണി റിലീസായ ദിവസം വഞ്ചിയിലൂടെയായിരുന്നു പ്രധാന അനൗൺസ്മെന്റ് അന്ന് NH 66 (NH 17 ) ദേശീയ പാതയായി പ്രഖ്യാപിച്ചിരുന്നില്ല. കൂടാതെ മറ്റു റോഡുകളും ചെങ്കൽ പാതകളോ ടാറിംങ്ങ് റോഡുകളോ അല്ലാത്തതിനാൽ പുഴ വഴിയുള്ള പ്രചാരണ മായിരുന്നു കൂടുതലും ‘കര വഴിയുള്ള പ്രചരണമാണെങ്കിൽ ചെണ്ടകൊട്ടി മെഗാ ഫോണിലൂടെ വിളിച്ചു പറഞ്ഞ് നോട്ടീസ് വിതരണം നടത്തും.കാറിൽ മൈക്ക് സെറ്റ് കെട്ടിയോ ഇപ്പോഴത്തെ പോലെ ജനറേറ്റർ ഫിറ്റ് ചെയ്ത് ആയിരക്കണക്കിനു വാട്ട് ശക്തിയുള്ള സ്പീക്കർ ബോക്സ് വച്ചുള്ള പ്രചരണമോ ആരംഭിച്ചിരുന്നില്ല. കനോലി കനാലെന്ന ഈ പുഴയിലൂടെ പ്രചാരണം നടത്തിയാൽ വാടാനപ്പള്ളി _മണലൂർ, തളിക്കുളം _അന്തിക്കാട് ഇരുകരകളിലുമുള്ള ജനങ്ങൾക്കും വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com