‘1980 ന് മുമ്പേ വാടാനപ്പള്ളിയിൽ സിനിമാസ്കോപ്പ് പ്രദർശിപ്പിക്കാൻ കഴിയുന്ന അന്നത്തെ ആധുനിക സ്റ്റീരിയോ ഫോണിക് തിയേറ്റർ ‘ചിലങ്ക’ നാടിന് അഭിമാനമായി തലയുയർത്തി നിന്നിരുന്നു’ തൃശൂർ രാഗം തിയേറ്ററിനു ശേഷം കോഴിക്കോടി നും എറണാകുളത്തിനുമിടയിലെ നല്ല ആധുനിക തിയേറ്റർ ആയിരുന്നു. പാശ്ചാത്തല മ്യൂസിക്കോടെയും വർണ്ണ ബൾബുകൾ മിന്നിത്തെളിഞ്ഞും കർട്ടൻ ഉയരുന്നത് അക്കാലത്ത് വളരെ ആകർഷകമായിരുന്നു.(ഇപ്പോൾ അവിടം വേൾഡ് ട്രേഡ് സെന്റർ നിന്ന സ്ഥലം പോലെയായി ) ചിലങ്കയിലെ ആദ്യ സിനിമ മധു പ്രധാന വേഷത്തിലഭിനയിച്ച ‘ഹൃദയം ഒരു ക്ഷേത്രം’ ആയിരുന്നു. ആ സിനിമ മുതൽ കാറിലൂടെയുള്ള അനൗൺസ്മെന്റ് വ്യാപകമായിരുന്നെങ്കിലും നവോദയായുടെ ബാനറിൽ കണ്ണപ്പനുണ്ണി ചിലങ്കയിൽ പ്രദർശനം ആരംഭിച്ചപ്പോൾ കനോലി കനാലിലൂടെയുള്ള മൈക്ക് സെറ്റിലൂടെയുള്ള പ്രചരണം വീണ്ടുംആരംഭിച്ചു.അര കിലോമീറ്റർ പശ്ചിമ ഭാഗത്ത് നടുവിൽക്കരയിലെ എന്റെ വീട്ടിലും വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു അല്ലിമലർക്കാവിലെ എന്ന ഗാനവും പ്രദർശന വിവരവും .1980 ന് ശേഷം അല്പാൽപ്പമായി തിയേറ്ററുകാർ നമ്മുടെ കൊച്ചുപുഴയെ കൈവിട്ടു.ചെറിയ റോഡുകൾ ടാറിങ്ങ് നടത്തിയപ്പോൾ സിനിമാ പ്രചരണം കാറിലൂടെ മാത്രമായി. എങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളുടെ പുഴയിലൂടെയുള്ള പ്രചാരണം ഏതാനും നാളുകൾ കൂടി നിലനിന്നിരുന്നു’
: 1982ൽഎന്റെ വല്യേച്ചിയെ അക്കരെ മണലൂർ പാലാഴിയിലേക്ക് വിവാഹം ചെയ്തു കൊടുത്തപ്പോൾ കടത്തുവഞ്ചികടന്നാണ് പോകാറ്. അക്കാലത്ത് പുഴയോരത്ത് തൊണ്ട് മൂടലും ചകിരി തല്ലലും ധാരാളം – റാട്ടിലുള്ള കയറു പിരിച്ചു ണ്ടാക്കുന്ന ഒട്ടേറെ ഭവനങ്ങളും ഇവിടെ സർവ്വസാധാരണമായിരുന്നു. ഈ പുഴയിലൂടെ ചകിരി നാരു കയറ്റിയ ധാരാളം കെട്ടുവള്ളങ്ങൾ കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ഇടതടവില്ലാതെ പോയിരുന്നത് ഇപ്പോഴും മങ്ങാത്ത ഓർമ്മകളായി മനസ്സിന്റെ തിരശ്ശീലയിലുണ്ട്.ആ കെട്ടുവള്ളങ്ങൾ തിരികെ വരുമ്പോൾ മട്ടാഞ്ചേരിയിലെ മാർക്കറ്റുകളിൽ നിന്നും പല ചരക്കു സാധനങ്ങളും ഹാർഡ് വെയർ ഉൽപ്പന്നങ്ങ ളും കൊണ്ട് വന്ന് കോട്ടപ്പുറം, കാട്ടൂർ, കണ്ടശ്ശാങ്കടവ്, ചാവക്കാട് അണ്ടത്തോട് മാർക്കറ്റുകളിലെ വ്യാപാരികൾക്ക് എത്തിച്ചു കൊടുത്തിരുന്നതിനാൽ തൃശൂരിലെ മാർക്കറ്റിലേക്കാൾ വില കുറവായിരുന്നു ഈ ചന്തകളിൽ ‘ഇപ്പോൾ ഇതെല്ലാം ഓർമ്മകളായി മാറി. ഒരു കെട്ടു വഞ്ചിയും ചകിരി നാരുമായി പോകുന്നില്ല. പുഴയിൽ നിന്നും ചേറ് (ചളി) എടുക്കുന്ന വഞ്ചിക്കാരും ഇപ്പോൾ ഇല്ലതായി. പുഴ മീൻ പിടിച്ചിരുന്ന കായലോര വാസികളുടേയും എണ്ണം കുറഞ്ഞു. ഇപ്പോൾ ചില സീസണിൽ വലിയ കുട്ടയിലിരുന്ന് മീൻപിടിക്കുന്ന കർണ്ണാക സ്വദേശികളാണ് കൂടുതലും ‘സകുടുംബമായി വന്ന് പുഴയോരത്ത് താമസിച്ച് മത്സ്യ ബന്ധനത്തിലേർപ്പെടുന്ന ഇതര സംസ്ഥാനക്കാർ ‘