പിൻഗാമി [Percy Jackson] 65

പിൻഗാമി

Author : Percy Jackson

 

“3,2,1,0….”

ആ തുരുമ്പിച്ച ശബ്ദം, തകർന്ന് വീണ സ്കൂൾ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. തകർന്ന് വീണ ചുവരുകളും,കത്തി നശിച്ച മേശകളും, ശവ ശരീരങ്ങളും, ഇളം കുരുന്നുകളുടെ അറ്റു വീണ കൈകളും, മറ്റും, ആ സ്കൂളിലെ തറകൾക്ക് നിറം നൽകി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കുരുന്നിന്റെ കൈ പുറത്തേക്ക് കാണാമായിരുന്നു. പാതി ജീവൻ ഉണ്ടെന്ന് തോന്നുന്നു.ആ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരാൾ കുരുന്നിന്റെ അടുത്തേക്ക് നടന്നടുത്തു. തന്റെ വെളുത്ത മുടിയിഴകളിലൂടെ അയാൾ കയ്യോടിച്ചു, കയ്യിലായി തടഞ്ഞ കറുത്ത മുടിയിഴകൾ പറിച്ചെടുത്തു. നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ മാടിയൊതുക്കിയപ്പോൾ നെറ്റിയിലായുള്ള അർദ്ധ വൃത്താകൃതിയിലുള്ള സൂര്യ ചിഹ്നം വെളിച്ചം കണ്ടു. അത് കറുപ്പും വെളുപ്പും കലർന്ന നിറത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു, വെളുപ്പ് കറുപ്പായും, കറുപ്പ് വെളുപ്പായും മാറി കൊണ്ടിരുന്നു.പതിയെ അത് കറുപ്പ് കലർന്ന നീല നിറത്തിൽ പ്രകാശിക്കാൻ തുടങ്ങി. ആ നീല നിറത്തിൽ അയാളുടെ മുഖം തിളങ്ങി, ചുണ്ടിൽ ഒരു ചെറു ചിരിയും, പുരികത്തിന് മുകളിലായുള്ള മറുകും, ആ മുഖത്തിന് മാറ്റ് കൂട്ടി.മുഖത്തിലും മനസ്സിലും ചെകുത്താൻ കയറിയ പോലെ അയാളുടെ ചിരി മാഞ്ഞു.അയാൾ അവശിഷ്ടങ്ങളിൽ നിന്നും ആ കുരുന്നിന്റെ കൈ പറിച്ചെടുത്തു, ഒരു ചെറു ഞരക്കം ഉയർന്നു താണു.ആകാശം ഇരുണ്ട് മൂടി. മഴ ഹൃദയം തകർത്തു പെയ്ത് കൊണ്ടിരുന്നു. പറിച്ചെടുത്ത കൈയിൽ കെട്ടിയിരുന്ന വാച്ചിലെ സൂചികൾ ടിക് ടിക് ശബ്ദത്തിൽ ചലിച്ചു കൊണ്ടിരുന്നു, വിപരീത ദിശയിൽ. അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.

“3,2,1,0…”

ഒരു മിന്നൽ വെളിച്ചത്തിൽ ആ മനുഷ്യനും മറഞ്ഞു. സൈറനുകൾ തെളിച്ചു കൊണ്ട് പോലീസ് വണ്ടികളും, ആംബുലൻസുകളും സ്കൂളിലേക്ക് എത്തി. തങ്ങളുടെ യാഥാർഥ്യത്തിനും അപ്പുറം ഉള്ള സത്യത്തെ കണ്ടെത്തുവാനായി ഇരുട്ടിൽ തപ്പി കൊണ്ടേയിരുന്നു. അതൊരു ഫയർ ആക്സിഡന്റായി പോലീസ് എഴുതി തള്ളി. ഒരു കുരുന്നിന്റെ കൈ കാണാതായത് മാത്രം, ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു. സംഭവ സ്ഥലത്തു നിന്ന് കിട്ടിയ ക്ലോക്ക് ടിക് ടിക് ശബ്ദത്തിൽ വിപരീത ദിശയിൽ ഉത്തരം തേടി സഞ്ചാരിച്ചു കൊണ്ടിരുന്നു.

പിറ്റേ ദിവസത്തെ പത്രങ്ങളിൽ എല്ലാം ഒരു കോളം വാർത്തയ്ക്കപ്പുറം മറ്റൊരു പ്രാധാന്യവും ആ സംഭവത്തിന് കിട്ടിയില്ല. എല്ലാവരും ഒരു അപകടമായി അതിനെ എഴുതി തള്ളിയിരുന്നു. അതിന് പിന്നാലെ വരുന്ന അപകടങ്ങളെ പറ്റി ആർക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല…. ഇരുട്ടിലേക്ക് വെളിച്ചം വീശുവാനായി, അവന്റെ വരവിനായി, ആ നഗരം കാത്തിരുന്നു.

നഗരം ഇപ്പോൾ ശാന്തമാണ്. ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ നിന്നും, തിങ്കളാഴ്ച്ചയുടെ തിരക്കുകളിലേക്ക് വീണു കൊണ്ടിരിക്കുന്നേയുള്ളു.വീഥികൾ ആളുകളുടെ കാലടികൾക്കായി കാതോർത്തിരുന്നു. ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു നായ പാഞ്ഞു പോയി.വേട്ടനായ്ക്കളുടെ ഇനത്തിൽ പെട്ട ഒരു ഡാഷ്ഹൗണ്ട്.കറുപ്പിൽ ബ്രൗൺ നിറത്തിലുള്ള അടയാളങ്ങളും ആയി ഒരു ഓമനക്കുട്ടൻ ,കഴുത്തിലായി ഒരു കോളർ കെട്ടിയിട്ടുണ്ട്, അതിൽ ജോൺ എന്ന് എഴുതിയിട്ടുണ്ട്.നെഹ്‌റു പാർക്കിലേക്ക് തിരിയുന്ന വഴിയിലായുള്ള കെ.സി കോഫി ഷോപ്പിൽ നിന്നും ഒരു പത്രവും എടുത്ത് വന്ന വഴിയേ തിരിച്ചോടി.ആ പോക്ക് കണ്ടിട്ടാവണം ഷോപ് ഓണർ പിറുപിറുത്തു.

“മുത്തു ഇന്ന് നേരത്തെ ആണല്ലോ,ലെക്സിക്ക് പുതിയ കേസ് വല്ലോം കിട്ടിയോ??”

4 Comments

  1. ♥♥❤❤❤

  2. ❤️❤️❤️

  3. ❤️❤️❤️

  4. അശ്വിനി കുമാരൻ

    ❤️?

Comments are closed.