പാൽത്തുള്ളിയിലെ ആത്മഹത്യ ഭാഗം – 1
bY അഖിലേഷ് പരമേശ്വർ
പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്.
തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി.
പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം കൊണ്ട് സർ എന്ന വിളി മാത്രം നാരാണേട്ടൻ മാറ്റിയില്ല.
ഓഫീസിലേക്ക് കടന്ന് അറ്റൻഷനായി നീട്ടിയൊരു സല്യൂട്ട് നൽകുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു നിസ്സഹായാവസ്ഥ ഞാൻ കണ്ടു.
ന്താണ് നാരാണേട്ടൻ രാവിലെ ഒരു മ്ലാനത.ചെറിയൊരു ചിരിയോടെ ഞാൻ ഫയൽ മടക്കിക്കൊണ്ട് ചോദിച്ചു.
സർ,ആ കുട്ടികൾ,അവർ ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു.
ഏത് കുട്ടികൾ,എന്റെ കണ്ണുകൾ ജിജ്ഞാസ കൊണ്ട് വിടർന്നു.
സർ നമ്മളിന്നലെ പാൽത്തുള്ളി മലയിൽ നിന്നും പിടിച്ചില്ലേ ആ കുട്ടികൾ.
ഇടിവെട്ടേറ്റത് പോലെ ഞാൻ കസേരയിൽ നിന്നും ചാടിയേറ്റു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
കൈകൾ പരസ്പരം ബന്ധിച്ച് താഴേക്ക് ചാടിയതാണ്.ഇന്ന് രാവിലെയാ സംഭവം.
വിദൂരതയിൽ നിന്നെന്ന പോലെ നാരാണേട്ടന്റെ വാക്കുകൾ എന്റെ ചെവികൾ തുളച്ചു.
നമുക്ക് പോവണ്ടേ സർ.പോലീസ് എത്തിയിട്ടുണ്ട്.നമ്മൾ കൂടി ചെല്ലാതെ ബോഡികൾ എടുക്കാൻ പറ്റില്ലല്ലോ.
മ്മ്മ്. പോകണം വണ്ടിയിറക്കാൻ പറ. യാന്ത്രികമായി ഞാൻ പറഞ്ഞൊപ്പിച്ചു.
ജീപ്പിലേക്ക് കയറുമ്പോൾ കാലുകൾക്ക് ശക്തി കുറയുന്നത് പോലെ തോന്നി.
മുരണ്ടു കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി.എല്ലാവരുടെയും മുഖത്ത് മൗനം തിങ്ങി നിന്നു.
തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു. വണ്ടിയുടെ വേഗത പോരാ എന്നെനിക്ക് തോന്നി.
ചാറ്റൽ മഴ വണ്ടിയുടെ ചില്ലിൽ തട്ടിത്തെറിച്ചു.മരിച്ചവരുടെ കണ്ണീരാണ് ചാറ്റൽ മഴയെന്ന് മുത്തശ്ശി കഥകളിൽ വായിച്ചതെനിക്ക് ഓർമ്മ വന്നു.
തെറ്റായിരുന്നു ചെയ്തത് ല്ലേ നാരാണേട്ടാ.ഞാൻ തല ചായ്ച്ചു പിന്നിലേക്ക് നോക്കി.