ഇവൾക്ക് ഇതിനു മാത്രം എന്ത് മല മറിക്കുന്ന പണിയാണ് ഇവിടെ ഉള്ളത് ആവോ?
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണ്. കഥ അറിയാതെ ആട്ടം കാണുന്നവർ. അവർക്ക് ഈ വീടും അടുക്കളയും അല്ലാതെ വേറെ എന്തറിയാൻ ആണ്.
വരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ ആണ് അന്ന് രാത്രി ഞാൻ ഉറങ്ങിയത്.
പിറ്റേന്ന് അതിരാവിലെ ദൈവം ആണ് എന്നേ വിളിച്ചുണർത്തിയത്. പറഞ്ഞത് പോലെ ഞായറാഴ്ച കൃത്യം കുളിച്ചൊരുങ്ങി എത്തിയിരിക്കുക ആയിരുന്നു ദൈവം. എന്നും പാതിയുറക്കത്തിൽ നിന്നും വിളിച്ചുണർത്തുന്ന സ്വന്തം ഭാര്യയോട് പറയാറുള്ള നാലു ചീത്ത ദൈവത്തോടും പറയണം എന്ന് എനിക്ക് തോന്നി. പിന്നെ അതൊരു ദൈവം ആണെന്ന പരിഗണയിൽ അത് വേണ്ടെന്ന് വച്ചു. ദൈവത്തെ കുറച്ചു നേരം കാത്തു നിർത്തി ഓടിച്ചൊന്നു കുളിച്ചു ഫ്രഷ് ആയി വേഗം പുറത്തു വന്നു ഭാര്യക്ക് രണ്ട് ചായക്കുള്ള ഓർഡർ കൊടുത്തു.
ഇതെന്തിനാ ഇപ്പോൾ രണ്ട് ചായ എന്ന് തിരക്കി കയറി വന്ന ഭാര്യയെ ഞാൻ ദൈവത്തിന് പരിചയപ്പെടുത്തി കൊടുത്തു. ദൈവം അല്ലേ ആള്. പുള്ളിക്ക് ഭാര്യയെ നേരത്തെ അറിയാമായിരുന്നു. എങ്കിൽ തിരിച്ചു ഭാര്യക്ക് ദൈവത്തിനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാം എന്ന് കരുതിയപ്പോൾ ആണ് അടുത്ത രസം. എനിക്ക് അല്ലാതെ മറ്റാർക്കും ദൈവത്തെ കാണാൻ കഴിയില്ല. അത് വളരെ കഷ്ടം ആയി പോയി എന്ന് ദൈവത്തോട് പരാതി പറഞ്ഞു ഞാൻ ഭാര്യയെ തിരികെ അയച്ചു.
” ഭാര്യയെ പുറത്തേക്ക് അയക്കു. ”
ചായ കുടിച്ചു കഴിഞ്ഞപ്പോൾ ദൈവം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞങ്ങൾ തമ്മിലുള്ള ഉടമ്പടി ഓർമ വന്നത്. ഞങ്ങൾ മാത്രം ഉള്ള ഒരു ദിവസം ആണ് ദൈവം എന്നോട് ആവശ്യപ്പെട്ടത്. ഒന്നും നോക്കാതെ ഞാൻ ഭാര്യയുടെ അടുത്തേക്ക് ചെന്നു.
കുറച്ചു നാളായി അവൾ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം ഞാൻ അങ്ങോട്ട് പറഞ്ഞു.
” ഒന്ന് സ്വന്തം വീട്ടിൽ പോയി വരാൻ.. ”
എന്തോ വലിയ വരം കിട്ടിയ പോലെ ആണ് അവളപ്പോൾ എന്നേ നോക്കിയത്.
ഇനി എന്റെ മനസ്സ് മാറരുത് എന്ന് കരുതിയാകും ചെയ്തു നിന്ന പണി അവിടെ നിർത്തി അവൾ ഓടി പിടിച്ചു തയ്യാറായി പുറത്തേക്ക് പോയി.
അങ്ങിനെ സമാധാനം ആയി
ഞങ്ങൾ ചില ചർച്ചയിൽ ഏർപ്പെട്ടു. കൂടുതലും ദൈവത്തിന്റെ വിശേഷങ്ങൾ ആയിരുന്നു. അവർക്കിടയിൽ വലിയ കോമ്പറ്റീഷൻ ആണെന്നാണ് ദൈവം പറയുന്നത്. ഭക്തരെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഫീൽഡ്ഔട്ട് ആയി പോകും അത്രേ. ആൾ ദൈവങ്ങളുടെ ഇപ്പോഴത്തെ മാർക്കറ്റിനെ പറ്റിയും ഞങ്ങൾ അൽപനേരം സംസാരിച്ചിരുന്നു. ഇപ്പോഴത്തെ ആളുകളുടെ രീതികളെ പറ്റി ദൈവം എന്നോട് ഒരുപാട് ചോദിച്ചറിഞ്ഞു. പാവം പിടിച്ചു നിൽക്കേണ്ട എന്ന് കരുതി ഞാനും എല്ലാം തുറന്നു പറഞ്ഞു. ഇന്നത്തെ കാലത്തു അനുഗ്രഹം പോലും അവിടെ ചെന്ന് വാങ്ങാൻ മടിയുള്ള കൂട്ടരാണ് കൂടുതലും.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരം ആണ് വല്ലതും ഉണ്ടാക്കുന്നതിനെ കുറിച്ച് തന്നെ ഓർമ വന്നത്.. പുറത്തു നിന്ന് ഓർഡർ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദൈവം അത് നിരസിച്ചു. കഴിഞ്ഞ തവണ കേരളത്തിൽ ഇതുപോലെ ഒരാളെ കാണാൻ വന്നപ്പോൾ അവർക്കൊപ്പം ഇരുന്നു ദൈവം കഴിക്കുക ഉണ്ടായി. പുറത്തു നിന്നു വരുത്തിച്ചു കഴിക്കുക ആയിരുന്നു എന്നാണ് പുള്ളിയുടെ ഓർമ. പിറ്റേന്ന് മുതൽ തുടങ്ങിയ വയറ്റുഴിച്ചിലും ഛർദിയും മാറാൻ നാലു നാൾ വേണ്ടി വന്നു എന്ന് ആണ് ദൈവം പറഞ്ഞത്. അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഇപ്പോഴതെ വീട്ടു ഭക്ഷണം പോലും വിശ്വസിച്ചു കഴിക്കാൻ കഴിയാത്ത അവസ്ഥ ആയിരിക്കുക ആണ്. കൂടെ ഇരുന്നു വിളമ്പുന്ന ആളുടെ സ്നേഹത്തിൽ പോലും മായം കലർന്ന കാലം ആണിത്.
നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.