ഇതാ അവളുടെ മുഖത്തെ നിറം വീണ്ടും മാറുന്നു.തുടുത്ത ചുവപ്പില്‍ നിന്ന് അത് വിളറി വെളുക്കുന്നു.കണ്ണില്‍ ആകാശനീല മാഞ്ഞു പകരം ഭീതിയുടെ കറുപ്പ് പടരുന്നു.
“ഞാന്‍ ഇതുവരെ ജയിലില്‍ കഴിഞ്ഞിട്ടില്ല.പക്ഷേ ഇനി ജയിലില്‍ കഴിയേണ്ടി വന്നേക്കും..”അവള്‍ തലകുനിച്ചു മെല്ലെ പറഞു.
ഞാന്‍ പെട്ടെന്ന് കുപ്പി തുറന്നു നന്നായി കുടിച്ചു.ഒരു പൊട്ടന്‍ഷ്യല്‍ ക്രിമിനലാണ് അവളെന്ന് എന്റെ ബുദ്ധി ചില സിഗ്നലുകള്‍ തന്നത് എത്ര ശരിയാണ് ! ഇനി എനിക്ക് ഒന്നും ഭയക്കാനില്ല.ധൈര്യമായി മദ്യപിക്കാം.
വരിവരിയായി വാകപൂത്തു ചുവന്നു നില്‍ക്കുന്ന വഴിയിലൂടെയാണ് ബസ് പോകുന്നത്.റോഡില്‍ വാകപൂക്കള്‍ ചുവന്നു കിടക്കുന്നു.എങ്കിലും അവളുടെ മുഖത്തെ ചുവപ്പ് നിറം തിരികെ വന്നിട്ടില്ല.
“എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും ജയിലില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കും.എന്നെ പോലെ ചിലര്‍ അത് പ്രാവര്‍ത്തികമാക്കും.”ഞാന്‍ തമാശ പറയാന്‍ ശ്രമിച്ചു.പക്ഷേ ഞാന്‍ പണ്ടേ തമാശ പറയുന്നതില്‍ ഒരു തോല്‍വിയാണ്.ഇതാ അവളുടെ കണ്ണുകള്‍ വീണ്ടും നിറംമാറിയിരിക്കുന്നു.ഭീതിയുടെ കറുപ്പിന്‍മേല്‍ നിരാശയുടെ അവ്യക്തമായ വെളുത്ത മൂടല്‍.ആ മൂടല്‍മഞ്ഞില്‍ കണ്ണ് നീര്‍ തുള്ളികള്‍ രൂപംകൊള്ളുന്നു.
“കുട്ടി എങ്ങോട്ടാണ് പോകുന്നത് ?”ഞാന്‍ ചോദിച്ചു.
“ഞാന്‍ ഒരാളെ കൊല്ലാന്‍ പോവുകയാണ്.ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു.ഈ കവറില്‍ അതിനുള്ള ആയുധം ഞാന്‍ തയ്യാറാക്കി വച്ചിരിക്കുന്നു.”അവള്‍ പറഞ്ഞു.
അവളുടെ കണ്ണുകളില്‍ വീണ്ടും നിറഭേദം.കണ്ണ്നീര്‍ തുള്ളിയുടെ മങ്ങിയ വെളുപ്പ് വറ്റി അവിടെ രോഷത്തിന്റെ കനല്‍ ചുവപ്പ് തെളിയുന്നു.
“എന്താണ് ആയുധം ?”ഞാന്‍ ചോദിച്ചു.
ചോദിച്ചു കഴിഞ്ഞപ്പോള്‍ അങ്ങിനെ ചോദിച്ചത് ശരിയായില്ല എന്നെനിക്ക് തോന്നി.ഒരു പ്രഫഷണല്‍ ക്രിമിനല്‍ എപ്പോഴും അയാളുടെ സ്വഭാവം കാണിക്കും.ഞാനും അത് അറിയാതെ പുറത്തെടുത്തു.അല്ലെങ്കില്‍ എന്ത് ആയുധമാണ് അവള്‍ കൊണ്ട് നടക്കുന്നതെന്നു ചോദിക്കുമോ?അവള്‍ എന്തിനാണ് കൊല ചെയ്യാന്‍ ഒരുങ്ങി പോകുന്നെതെന്ന് ,ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.പക്ഷേ ജയില്‍ ജീവിതം നാവിലെ രസമുകുളങ്ങള്‍ക്കൊപ്പം മനസ്സിലെ രസമുകുളങ്ങളും ഇല്ലാതാക്കിയെന്നു ഞാന്‍ തിരിച്ചറിയുന്നു.
“തോക്ക്.വളരെ അടുത്ത് നിന്ന് വെടിവക്കാവുന്ന ,മാഗ്നം മുപ്പത്തിയെട്ടു റിവോള്‍വര്‍.”അവള്‍ പറഞ്ഞു.
Super